കള്ളൻ

200
0

എന്തോ അനക്കം കേട്ടാണ് ഉറക്കിൽ നിന്ന് ഞാൻ ഉണർന്നത്. മുറിക്കകത്ത് വലിയ മാറ്റങ്ങളൊന്നും ഇല്ല. എങ്കിലും ആരോ വന്ന് പോയ പോലെ ഒരു തോന്നൽ. താഴെ പോയി വന്നപ്പോൾ മുറിയിൽ ശഹൻഷ എന്തോ തിരയുന്നു. പേഴ്സ് കാണാനില്ലല്ലോ…..ഞാനും തിരഞ്ഞ് നോക്കി രണ്ട് പേരുടെയും പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ തോന്നൽ ശരിയായിരുന്നു… രണ്ട് പേരും ധൃതിയിൽ പുറത്തിറങ്ങി. നോമ്പ് കാലം ആയതിനാൽ അങ്ങാടി മൗനിയാണ്. ആരെയും കാണുന്നില്ല.

കോഴിക്കോട് ബി എഡ്ഡിന് പഠിക്കുന്ന കാലം, മിച്ചം വെച്ചിരുന്ന പണം മുഴുവൻ പോയ വിഷമത്തെക്കാൾ നോമ്പ് കാലത്ത് പള്ളിയിൽ കയറി എൻ്റെ മൂക്കിൻ തുമ്പത്ത് നിന്ന് പണമടിച്ച് കൊണ്ട് പോയവനെ ഒന്ന് കാണണം എന്ന ആഗ്രഹം.. തപ്പി ഇറങ്ങി.. പള്ളിക്ക് മുൻവശത്തുള്ള ബേക്കറിയിൽ സിസിടിവി ദൃശ്യങ്ങൾ പരതി, എന്റെയും ശഹൻഷയുടെയും ഉള്ളിലെ കുറ്റാന്വേഷണ വിദഗ്ദർ ഉണർന്നു. സമയം തിട്ടപ്പെടുത്തി നോക്കിയപ്പോൾ ആ സമയത്ത് അവിടേക്ക് കയറിയവർ രണ്ട് പേർ ഒരു യുവാവും പിന്നെ കൈകുഞ്ഞുമായി വന്ന ഒരു സ്ത്രീയും. കൂടുതൽ സംശയം ആ സ്ത്രീയിലേക്ക് നീങ്ങി.

സംശയം നിഴലിച്ചു നിന്നു. തൊട്ടടുത്തുള്ള വീടുകളിലെ സിസിടിവികളും പരിശോധിക്കാൻ തീരുമാനിച്ച് ഇറങ്ങി. രണ്ട് വീടുകളിൽ കൂടി സിസിടിവി ദൃശ്യങ്ങൾ നോക്കി. ഇതെല്ലാം നോക്കി കാണുന്ന ഒരു നാലാം ക്ലാസുകാരൻ പെട്ടെന്ന് എന്നോട് പറഞ്ഞു: “രാവിലെ ഇതിലെ ഒരു നീല ശർട്ടിട്ട കണ്ടാൽ തന്നെ കള്ളനാണെന്ന് തോന്നിക്കുന്ന ഒരാൾ പോയിട്ടുണ്ട്.” കയ്യിലുള്ള ഫോട്ടോ കാണിച്ചപ്പോൾ കുട്ടി ആളെ തിരിച്ചറിഞ്ഞു.

അന്വേഷണം നീണ്ട് പോയി പോലീസിൽ പരാതിപ്പെട്ടു അവിടുത്തെ പരിചയക്കാർക്ക് ഇയാളുടെ ഫോട്ടോ അയച്ച് കൊടുത്ത്. രണ്ട് ആഴ്ചകൾക്ക് ശേഷം ഒരു കൂട്ടുകാരൻ വിളിച്ചു: അന്നത്തെ ആ കള്ളൻ ഇവിടെ ഉണ്ട്… ഞങ്ങൾ വേഗം പോയി. ലോഡിംഗ് തൊഴിലാളികളുടെ വെയ്റ്റിംഗ് ഷെഡ്ഡിൽ കിടക്കുന്നുണ്ട്.. നേരെ പോയി കാര്യം പറഞ്ഞു: പേഴ്സ് തിരിച്ച് തന്നാൽ പോലീസ് സ്റ്റേഷനിൽ പോകാതെ കാര്യങ്ങൾ തീർക്കാം…സ്റ്റേഷനിൽ പോകാം എന്ന് അയാളും. ഓട്ടോയിൽ കയറി, പണം എടുത്ത് ആ പേഴ്‌സിലെ എ ടി എം കാർഡും ലൈസൻസും തിരിച്ച് തന്നാൽ മതി എന്നായി പിന്നീട് എന്റെ ആവശ്യം.

സമ്മതിക്കുന്ന മട്ടില്ല, ഒരു കൂസലും ഇല്ലാതെ ഇറങ്ങി ഓടാൻ ശ്രമിക്കാതെ എന്റെ അടുത്തിരുന്ന അയാളുടെ എക്സ്പീരിയൻസ് എത്രയാണ് എന്ന് എനിക്ക് ഊഹിക്കാമായിരുന്നു. പോലീസ് സ്റ്റേഷനിലെത്തി അയാളെ പോലീസിനെ ഏല്പ്പിച്ചു. വളരെ മൗനിയായി സ്റ്റേഷൻ്റെ ഒരു മൂലയിൽ അയാൾ നിന്നു. വൈകുന്നേരം എസ് ഐ വിളിച്ചു ഇയാൾ സമ്മതിക്കുന്നില്ല. പോലീസ് ചെയ്യേണ്ട എല്ലാ പണികളും ഞങൾ ചെയ്ത് കൊടുത്തിട്ട് ഇങ്ങനെ ഒരു മറുപടി കിട്ടിയപ്പോൾ സത്യത്തിൽ ദേഷ്യം തോന്നി. കാര്യം എം എൽ എയെ ഒരു പരിചയക്കാരൻ വഴി അറിയിച്ചു. മുകളിൽ നിന്ന് കിട്ടിയ ശകാരത്തിൻ്റെ അളവ് കള്ളനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ ശ്രമിക്കുമ്പോൾ കാണാമായിരുന്നു. ഒരുപാട് ഉപദ്രവിച്ചപ്പോ വിഷമം തോന്നി ഞാൻ തന്നെ കേസ് ഇല്ല അയാളെ വിട്ടേക്കൂ എന്ന് പറഞ്ഞ് സ്റ്റേഷനിൽ നിന്നിറങ്ങി. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവൻ്റെ നിലനിൽപ്പിന് വേണ്ടി ആയിരുന്നു അയാൾ സത്യം മറച്ച് വെച്ച് പിടിച്ച് നിന്നത് എന്ന് അയാളുടെ കഥ കേട്ട് ബോധ്യപ്പെട്ടു.

കുറച്ച് മുൻപോട്ട് നീങ്ങി ഒരു നാരങ്ങ വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന ഞങ്ങളുടെ മുൻപിലൂടെ അയാൾ നടന്നു നീങ്ങി. അമർഷത്താൽ നീട്ടി വലിച്ച് അയാളുടെ ചുണ്ടുകൾക്കിടയിലൂടെ തുപ്പിയത് ദേശ്യത്തോടുള്ള പുകയായിരുന്നില്ല… ഒരു പകൽ മുഴുവൻ സത്യം മറച്ച് വെച്ച് നിന്നവൻ്റെ വിജയാഘോഷം ആയിരുന്നു.

ദിവസങ്ങൾ കടന്നു പോയി, പല സ്ഥലങ്ങളിൽ അലഞ്ഞ് നടക്കുന്ന അയാളെ പിന്നെയും ഞാൻ കണ്ടൂ… കാണുമ്പോൾ വഴി മാറിപോകാൻ ശ്രമിച്ച അയാളെ ഒരിക്കൽ ഞങൾ പിന്തുടർന്നു.. വേഗത്തിൽ നടക്കാൻ ശ്രമിച്ചെങ്കിലും ഇരുചക്രവാഹനം അയാളുടെ പുറകിൽ കൂടി. അയാൾക്ക് നിൽക്കുകയല്ലാതെ വേറെ വഴി ഉണ്ടായില്ല. ചായ കുടിച്ചോ എന്ന ചോദ്യത്തിന് മുൻപിൽ അയാൾ ഒരു നിമിഷം തല താഴ്ത്തി. അയാളുടെ കയ്യിലേക്ക് നൂറ് രൂപയുടെ ഒരു നോട്ട് വെച്ച് ഞങൾ ബൈക്ക് എടുത്ത് മുന്നോട്ട് നീങ്ങി. ഉള്ളിൽ എന്തോ വിഷമം ഉള്ളത് പോലെ അയാൾ അവിടെ തന്നെ നിൽക്കുന്നത് വാഹനത്തിൻ്റെ കണ്ണാടിയിലൂടെ ഞാൻ നോക്കി കണ്ടു .കണ്ണാടിയിലൂടെ ഞാൻ അയാളെ നോക്കിയെങ്കിലും തിരിച്ച് നോക്കാൻ അയാൾ മടിച്ചു.
ഞങ്ങൾക്ക് അയാളോടുള്ള ദേഷ്യം ഇല്ലാതെയായി. അയാൾക്കും അങ്ങനെ തന്നെ ആവും എന്ന് വിശ്വസിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം കയ്യിൽ നുരുമ്പിയ ഒരു കവറുമായി അതിഥി തൊഴിലാളികളുടെ കൂടെ മണ്ണ് പറ്റിപ്പിടിച്ച ഒരു ലോറിയിൽ കുലുങ്ങി കുലുങ്ങി പോകുന്ന അയാളെയാണ് പിന്നീട് ഞാൻ കണ്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *