ഓരോ കുട്ടിയുടെയും സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ഓരോ വിധത്തിലായിരിക്കും. അതു നമുക്ക് പെട്ടെന്ന് മനസ്സിലാക്കാൻ നമ്മുടെ ആ പഴയ ബാല്യകാലങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയാൽ മതി. ഓരോരുത്തരുടെയും കളിപ്പാട്ടങ്ങൾ മാത്രം നിരീക്ഷിച്ചാൽ നമുക്കത് മനസ്സിലാകും.
വിദ്യാലയത്തിന്റെ പടികൾ കയറുന്നതിന് മുമ്പ് വീട്ടിലെ ഓരോ മൺ തരിയും നമ്മുടെ കൂട്ടുകാരായിരുന്നു. മണ്ണിൽ നിന്ന് സങ്കൽപ്പങ്ങൾ നെയ്തെടുക്കാൻ തുടങ്ങിയതാണ് ഓരോ കുട്ടിയും. അൽപ്പം നനവുള്ള മണ്ണ് കിട്ടിയാൽ അത് നമ്മൾ പുട്ടാക്കി മാറ്റിയിരുന്നു. അവിടുന്ന് തുടങ്ങുന്നു സങ്കൽപ്പങ്ങളുടെ പെരുമഴ. ഒരു പക്ഷേ മണ്ണ് നുണഞ്ഞ് വരെ നോക്കിയവരാണ് പലരും. അവിടുന്നങ്ങോട്ട് നന്നായി ആലോചിച്ചാൽ പലതും കളിപ്പാട്ടം കൊണ്ട് നമുക്ക് ഓർത്തെടുക്കാൻ സാധിക്കും.
വീട്ടിലെ സമ്പന്നത, ദാരിദ്ര്യം, പട്ടിണി, പിടിവാശികൾ എല്ലാം കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ വ്യക്തമായിരുന്നു.
സങ്കൽപ്പങ്ങൾക്കനുസരിച്ച് കളിപ്പാട്ടങ്ങളെ നെയ്തെടുത്തവരായിരുന്നു ഞാനടക്കമുള്ള കുട്ടികൾ. സമ്പന്നതയിൽ വളർന്ന കുട്ടികളിൽ നല്ല ഫോറിൻ കളിപ്പാട്ടങ്ങൾ കണ്ട് അതു പോലെ ഒന്ന് നാടൻ ശൈലിയിൽ പ്രകൃതിയിലെ വസ്തുക്കളിൽ പണി കഴിപ്പിച്ച വിദഗ്ത്വ എഞ്ചിനിയർമാരായ കുട്ടികൾ. കിട്ടുന്ന ഏതൊരു വസ്‌തുവും കളിപ്പാട്ടമായി മാറ്റുന്ന വിദ്യ എല്ലാം ഇന്ന് മറഞ്ഞു പോയി. സ്വന്തമായി കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ ഇന്നത്തെ തലമുറകൾക്കാവുന്നില്ല. പോയ കാലങ്ങൾ തിരിച്ചു വരില്ലങ്കിലും പറ്റുന്ന ഓർമ്മകൾ ഓരോ കുട്ടികൾക്കും പകരാൻ അവരുടെ മാതാപിതാക്കൾക്കാകും. ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നെന്ന് നമ്മുടെ മക്കൾ സങ്കൽപ്പിക്കുകയെങ്കിലും ചെയ്യട്ടെ.