മാറിമറിയുന്ന തിരക്കുപിടിച്ച ജീവിതത്തിൻ്റെ സന്തോഷ, ആഘോഷ നിമിഷങ്ങളിൽ ചിലപ്പോൾ ഏതൊരാൾക്കും ഒന്നു കാൽതെറ്റിയേക്കാം. അങ്ങനെ സംഭവിച്ചുപോയ എത്രയോ മനുഷ്യർ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ കിടക്കുന്നു. അവരെയും കാത്ത്, പുറത്ത് ഒരു നോക്ക് കാണാൻ, കാത്തുനിൽക്കുകയാണ് ഓപ്പറേഷൻ തിയേറ്ററിൻ്റെ മുൻവശത്ത് അവരുടെ ബന്ധുക്കൾ.
ഒടുവിൽ ഞാനും അങ്ങനെ ഉള്ള ഒരു നിമിഷത്തിന് സാക്ഷിയായി.
തിയേറ്ററിൻ്റെ മുൻവശത്തെ നീണ്ടുകിടക്കുന്ന കസേരകളിൽ ഞാനും എൻ്റെ കൂടെയുള്ളവരും, ഉള്ളിൽനിന്ന് ബന്ധുക്കളെ അന്വേഷിച്ചു വരുന്ന ആശുപത്രി ജീവനക്കാരെയും കാത്തുനിന്നു.

ചുറ്റിലും ആളുകൾ കൂടിനിൽക്കുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. പലരും ഉച്ചസമയത്തെ ക്ഷീണം തങ്ങളുടെ മൊബൈൽ സ്ക്രീനുമായി ചെലവഴിച്ച് ക്ഷീണം മറക്കുന്നു. മറ്റുചിലർ ബാക്കിയുള്ളവരുടെ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കുന്നു. ആരുടെയും മുഖത്ത് ഉള്ളിലുള്ള വ്യക്തിയെക്കുറിച്ചുള്ള ഒരു ഭയപ്പാടും എനിക്ക് അവിടെ കാണാൻ കഴിഞ്ഞില്ല. ശരിക്കും മനുഷ്യർ അങ്ങനെയാണോ അതോ ദൈവം അങ്ങനെയാണോ ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത്?
ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി. ചുമരിലെ ക്ലോക്കിൽ സൂചി ആരെയും അതിശയിപ്പിക്കാതെ കറങ്ങിക്കൊണ്ടേയിരിക്കുന്നു. തൻ്റെ തൊട്ടടുത്ത കസേരയിലെ ആൾ എഴുന്നേറ്റുപോയ ശബ്ദം കേട്ട് ഞാൻ പെട്ടെന്ന് വീണ്ടും അങ്ങോട്ടുതന്നെ മനസ്സിനെ കൊണ്ടുവന്നു. അയാൾ എഴുന്നേറ്റുപോയ പാടേ മറ്റൊരാൾ ആ സീറ്റിനുവേണ്ടി വന്നു. തലയിലെ മുടിയിയെല്ലാം നര വന്ന് മുഖമെല്ലാം ചുളിയാൻ തുടങ്ങിയ ഒരാൾ. കണ്ടാൽ ഒരു 65 വയസ്സെങ്കിലും അദ്ദേഹത്തെ കടന്നുപോയിട്ടുണ്ടാവും, എന്നാലും ആരോഗ്യം 30-ൽ തന്നെ കിടക്കുന്നു. പതിയെ അയാളെ ഞാൻ പരിചയപ്പെട്ടു. തൻ്റെ അതേ പ്രായമുള്ള വൃദ്ധയായ ഭാര്യയുമായി വന്നതാണയാൾ. അതും മൂന്നു മാസം മുൻപേ. ഒരു നിമിഷം വീണ്ടും ഞാൻ അത്ഭുതത്തോടെ എന്തൊക്കെയോ ആലോചിച്ചിരുന്നു. തൻ്റെ പ്രിയസഖിയോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹം അയാളുടെ ആ ഇടറിയ വാക്കുകളിലും, അവൾ അടുത്തില്ലാത്തതിൻ്റെ ആ ഒറ്റപ്പെടൽ അയാളുടെ മുഖത്തും എനിക്ക് കാണാൻ കഴിഞ്ഞു. ഒരുപാടൊന്നും സംസാരിക്കാൻ അയാൾ നിന്നില്ല, അയാളെ തേടി ഏതോ ഒരു ഫോൺ കോൾ വന്നു.
മണിക്കൂറുകൾ പിന്നിട്ടു…
ജീവനക്കാരി ആ ഓപ്പറേഷൻ തിയേറ്ററിൻ്റെ വാതിൽ തുറന്ന് നീട്ടി വിളിച്ചു…
“ആദിലിൻ്റെ കൂടെ ആരെങ്കിലും ഉണ്ടോ…”
ഒടുവിൽ, പകലും പാതിരാവും അറിയാത്ത ആ മുറിക്കുള്ളിൽ നിന്നും ഞങ്ങൾ കാത്തുനിന്ന ആ വിളി ഞങ്ങളെ തേടിയെത്തി.