കാത്തിരിപ്പ്

56
0

കാത്തിരിപ്പാണ് ഞാൻ,
പെരുന്നാൾപ്പുടവയുമിട്ട്
നിസ്ക്കാരപ്പായയിൽ.
വെറുപ്പാലല്ല, അറപ്പാൽ..

കരിപ്പുരണ്ട കൈകളാൽ
നെരിപ്പോടിന്റെ ചാരെ നിന്നും
തണുപ്പിന്റെ കരങ്ങളിൽപ്പെടാതെ-
യുരുപ്പിടിപ്പിച്ച ജീവിതങ്ങളിൽ,
വിരിപ്പുകളിലുറങ്ങിക്കിടക്കുന്ന-
യിരിപ്പുറക്കാത്ത പൈതങ്ങളുടെ
ഉടുപ്പിടാത്ത നെഞ്ചകങ്ങളിൽ
വെടിക്കോപ്പുകൾ കൊണ്ട് കഥയെഴുതിയവരേ,
തമസ്സിനെക്കാൾ കറുപ്പണിഞ്ഞ
അന്തസ്സാരങ്ങളുള്ള സയണിസ്റ്റ് സർപ്പങ്ങളേ..

ഉറപ്പ്
ഉറപ്പാണ്
ഒരുനാൾ,
ആകാശക്കപ്പലുകളിൽ നിന്ന് പൊട്ടിവീണ
അപ്പക്കഷ്ണങ്ങളാൽ വയറുനിറച്ച്,
നിറപ്പിടിപ്പില്ലാത്ത കുപ്പായങ്ങളണിഞ്ഞ്
ചെരുപ്പില്ലാതെയോടുന്ന
പലസ്‌തീന്റെ പിഞ്ചുമക്കൾ
ഓട്ടവീണ വീപ്പകളാൽ നിങ്ങടെ
പടക്കപ്പലുകൾ തകർക്കും
പൊട്ടിത്തെറിച്ച തണ്ണിമത്തന്റെ
കുരുക്കളിനിയും മണ്ണിൽ പൊട്ടിമുളയ്ക്കും
നഹ്‌റിൻ കരയിലെയൊലീവിൻ ചില്ലകൾ തൊട്ട്
ബഹ്‌റിനടിയിലെ മുത്തുച്ചിപ്പികൾ വരെയും
കലർപ്പില്ലാത്ത മുഖങ്ങളിലൊരുനാൾ
പുഞ്ചിരി വിടരും.

ഒപ്പമുണ്ടെന്ന് പറഞ്ഞൊപ്പി-
ച്ചനങ്ങാതെയിരിക്കുന്ന
എണ്ണപ്പണക്കാരന്നും
കണ്ണുകളടച്ചെവിടെയെങ്കിലും
മിണ്ടാതിരിക്കുമായിരിക്കും.

ഓ ഫലസ്തീൻ,
മാപ്പ്..

Leave a Reply

Your email address will not be published. Required fields are marked *