നീതി-സമത്വം-വിവേചനം

225
0

ഭാഗം 1

നീതി (JUSTICE)

സമൂഹത്തിൽ വ്യത്യസ്ത തരം ആളുകളുണ്ട്.  സ്ത്രീ-പുരുഷന്‍, മുതലാളി-തൊഴിലാളി, ദരിദ്രന്‍-സമ്പന്നന്‍ അങ്ങനെ പോകുന്നു അതിന്റെ നിര. സമൂഹത്തിലെ ഇത്തരത്തിലുള്ള വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് സംവിധാനങ്ങളും നിയമങ്ങളും ക്രമീകരിക്കേണ്ടത്? എങ്ങനെയാണ് അവരെ പരിഗണിക്കേണ്ടത്? ഈ ചോദ്യങ്ങളുടെ മറുപടിയായി മനുഷ്യര്‍ പറയാറുള്ളത്  ‘എല്ലാവര്‍ക്കും നീതി ലഭിക്കണം’ എന്നാണ്. നീതി മനുഷ്യന്റെ ആന്തരിക ചോദനയാണ്.

Gavel And Scales Of Justice On Desk In Law Office

എന്താണ് നീതി..? അര്‍ഹതക്കും ആവശ്യത്തിനും അനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട പരിഗണന നല്‍കുന്നതാണ് നീതി. പക്ഷെ ഈ അര്‍ഹതയും ആവശ്യവും  ആര് എങ്ങനെ തീരുമാനിക്കും എന്ന ചോദ്യം പ്രസക്തമാണ്. ഒട്ടുമിക്ക ആശയങ്ങളുടെയും വക്താക്കളുടെ വാദം തങ്ങളുടെ ആശയമാണ് നീതിയുക്തം എന്നാണ്. ആ വിശ്വാസമാണല്ലോ അവരെ അതിന്റെ വക്താക്കളാക്കി മാറ്റുന്നത്. ഇസ്‌ലാമിനും അതേ വാദം തന്നെയാണുള്ളത്. പക്ഷെ അത് മറ്റു ആശയക്കാരുടെ വാദം പോലെ അല്ല. കാരണം പൊതുവില്‍ എല്ലാ ആശയത്തിന്റെയും ആളുകള്‍ വാദിക്കുന്നത്  ‘ഈ ആശയത്തിന്റെ സ്ഥാപകരും താത്വികരുമായ ചിലയാളുകളുടെ വീക്ഷണത്തില്‍ ഇങ്ങനെയൊക്കെയാണ് നീതി, അതുകൊണ്ട് ഇതു തന്നെയാണ് നീതി’ എന്ന വാദമല്ല. ആ വാദം സ്വീകാര്യമല്ല. ചില പ്രത്യേക ആശയങ്ങള്‍ കൊണ്ടുവന്ന ആളുകള്‍ക്ക് അവരുടെ പരിമിതമായ ജീവിതാനുഭവം കൊണ്ടും അറിവ് കൊണ്ടും ഒരു രീതി നീതിയുക്തമാണ് എന്ന് തോന്നിയതു കൊണ്ട് അതങ്ങനെയാവണമെന്നില്ല. മനുഷ്യര്‍ എത്രയധികമുണ്ടെങ്കിലും അവരുടെ അറിവിന്റെയും ചിന്തയുടെയും പരിമിതി കാരണം എല്ലാ  മനുഷ്യര്‍ക്കും അനുയോജ്യമായ നീതിയിലധിഷ്ഠിതമായ നിയമങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ആര്‍ക്കുവേണ്ടിയാണോ നിയമങ്ങളുണ്ടാക്കുന്നത്, അവരെ പറ്റി പൂര്‍ണമായ ബോധ്യം നിയമദാതാവിനുണ്ടാവല്‍ അനിവാര്യമാണ്.  പുരുഷനും സ്ത്രീയും, മുതലാളിയും തൊഴിലാളിയും, സമ്പന്നനും ദരിദ്രനും അടക്കം സമൂഹത്തിലെ ഏതൊരു വിഭാഗത്തെ പറ്റിയും ഉള്ള പൂര്‍ണവും വ്യക്തവുമായ ബോധ്യം ആ വിഭാഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ഉണ്ടായിക്കൊള്ളണമെന്നില്ല. പിന്നെങ്ങനെ എല്ലാവര്ക്കും ചേര്‍ന്ന, നീതിയിലധിഷ്ഠിതമായ സംവിധാനം ഉണ്ടാക്കാന്‍ കഴിയും?.

അത് ശരിയാണോ…? മറ്റുള്ളവരെ പറ്റിയുള്ള ബോധ്യം ഇല്ലെങ്കിലും സ്വന്തത്തെ പറ്റിയുള്ള ബോധ്യം എല്ലാവര്ക്കും ഉണ്ടാവില്ലേ എന്ന് പലര്‍ക്കും സംശയം വന്നേക്കാം. എന്നാല്‍ അത് തെറ്റാണ്. തങ്ങള്‍ക്ക് നല്ലതാണ് എന്ന് കരുതി സ്വീകരിച്ച എത്രയോ കാര്യങ്ങള്‍ പില്‍ക്കാലത്ത് വിപരീത ഫലമുണ്ടാക്കുന്നതാണ് എന്ന് മനസ്സിലാക്കി ഉപേക്ഷിച്ച അസംഖ്യം സംഭവങ്ങള്‍ മനുഷ്യ ചരിത്രത്തിലുണ്ട്.സ്വന്തത്തെ പറ്റി പോലും ഇത്തരത്തില്‍ പരീക്ഷണങ്ങളിലൂടെ പഠനം  നടത്തി കൂടുതല്‍ ശരികളിലേക്കെത്താന്‍ ശ്രമിക്കുന്നതാണ് മനുഷ്യ പ്രകൃതി. സ്വന്തത്തെ പറ്റിയും പ്രകൃതിയെ പറ്റിയുമുള്ള അറിവിന്റെ കുറവ് മാത്രമല്ല, നാളെ എന്തു സംഭവിക്കും എന്ന കാലാതീതമായ അറിവിന്റെ കുറവു കൂടി ഇത്തരം ഉദാഹരാങ്ങളില്‍ പ്രകടമാണ്.

മനുഷ്യര്‍ നിയമങ്ങളുണ്ടാക്കുമ്പോള്‍, നിയമമുണ്ടാക്കുന്നവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ നിയമങ്ങളെ സ്വാധീനിക്കാനും അതിലൂടെ അനീതി സംഭാവിക്കാനുമുള്ള സാധ്യതയും വളരെയധികമാണ്. സ്ത്രീപക്ഷവാദമായ ഫെമിനിസത്തിന്‍റെ പ്രായോഗികവത്കരണം ചില പുരുഷന്മാരെയും സ്ത്രീകളെയും ബുദ്ധിമുട്ടിക്കുന്നതും, ഇതു കൊണ്ടുണ്ടാകുന്ന പുരുഷന്മാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മെനിനിസം എന്ന പുരുഷപക്ഷ വാദം ഉടലെടുക്കുന്നതും നമുക്ക് കാണാം. ഇവ രണ്ടിലും സമൂഹത്തെ രണ്ടു വ്യത്യസ്ത വശങ്ങളില്‍ നിന്നും നോക്കികാണുന്ന ആളുകളുടെ വീക്ഷണങ്ങളെ മാത്രമേ കാണാന്‍ കഴിയൂ. പുരുഷനും സ്ത്രീക്കും സന്തുലിതമായി ജീവിക്കാന്‍ കഴിയുന്ന ഒരു സംവിധാനം രണ്ടാശയങ്ങളും വാഗ്ദാനം ചെയ്യുന്നില്ല.  മുതലാളിമാരുടെ സര്‍വാധിപത്യത്തിനു വേണ്ടി വാദിക്കുന്ന കാപിറ്റലിസം തൊഴിലാളികളെ പ്രയാസപ്പെടുത്തിയപ്പോള്‍, തൊഴിലാളികളുടെ സര്‍വാധിപത്യത്തിനു വേണ്ടി വാദിക്കുന്ന കമ്മ്യൂണിസം/മാര്‍ക്സിസം ഉടലെടുത്തു. ഒടുവില്‍ ഒരു പ്രത്യേയശാസ്ത്രം എന്ന നിലക്ക് കമ്മ്യൂണിസവും പരാചയപ്പെട്ടു. ഒരു സമൂഹത്തില്‍ മുതലാളിയും തൊഴിലാളിയും വേണം, സ്ത്രീയും പുരുഷനും വേണം. ഇവരില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പക്ഷത്തുനിന്നും ലോകത്തെ നോക്കി നിയമങ്ങളുണ്ടാക്കിയാല്‍ അത് മറ്റു വിഭാഗങ്ങളുടെ നീതിയെ ലംഘിക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മനുഷ്യനാണെങ്കില്‍ ഇത്തരത്തിലുള്ള പരിമിതികള്‍ക്ക് പുറത്തു കടന്ന് നിയമങ്ങളുണ്ടാക്കല്‍ അസാധ്യമാണ് താനും. കാരണം  അറിവിന്റെ ലഭ്യത ക്കുറവിനു പുറമേ എല്ലാ മനുഷ്യരും അതി വൈകാരികതയുള്ളവരും ഏതെങ്കിലും സാമൂഹ്യ വിഭാഗങ്ങളില്‍ പെടുന്നവരും  ചില നിലപാട് സ്വീകരിക്കുന്നവരും ആണ്.

ഇത്തരത്തിലുള്ള മനുഷ്യര്‍ നിര്‍മിക്കുന്ന ആശയങ്ങളുടെ വക്താക്കള്‍ ഞങ്ങളുടെ വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ ഇതാണ് നീതിയായി തോന്നുന്നത് എന്ന് ഏതെങ്കിലും ഒരു സംവിധാനത്തെ പറ്റി പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്.

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സംവിധാനമാണ് നീതിയുക്തം എന്ന വാദം ഇസ്‌ലാമിനുണ്ടെങ്കിലും അത് രൂപപ്പെടുന്നത് ഇത്തരത്തിലല്ല. പ്രവാചകന്‍ മുഹമ്മദ്‌ നബിക്കോ, അദ്ദേഹത്തിന്‍റെ ഏതെങ്കിലും അനുചരര്‍ക്കോ പില്‍ക്കാല പണ്ഡിതര്‍ക്കോ ശരി എന്ന് തോന്നിയതോ നീതി എന്ന് തോന്നിയതോ അല്ല ഇസ്ലാമിലെ ശരിയും  നീതിയും. മറിച്ച് അത് സ്രഷ്ടാവില്‍ നിന്നുള്ളതാണ് എന്നാണ് ഇസ്‌ലാമിന്റെ പക്ഷം. അവന് സമൂഹത്തിലെ എല്ലാ വിഭാഗത്തെ പറ്റിയുമുള്ള പൂര്‍ണമായ അറിവുണ്ട്. കാലാതീതമായ വിവരങ്ങളടക്കം അവനറിയാത്തതായി ഒന്നുമില്ല, അവന് സമൂഹത്തിലെ ഏതെങ്കിലും വിഭാഗങ്ങളോട് മമതയോ വിദ്വേഷമോ ഇല്ല താനും.  അവനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത് മനുഷ്യനോട് അങ്ങേയറ്റം സ്നേഹമുള്ളവനായിട്ടുമാണ്.  ഈ  സ്രഷ്ടാവിനെക്കാള്‍ മികച്ച നിയമദാതാവായി മറ്റാരെയാണ് സങ്കല്‍പ്പിക്കാനാവുക..?. മനുഷ്യര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ അവനേക്കാള്‍ നന്നായി കഴിയുന്നവരായി മറ്റാരുമില്ലെന്നത് തീര്‍ച്ചയാണ്. ഈ ആശയം സ്രഷ്ടാവില്‍ നിന്നുള്ളതാണ് എന്ന് കേവലം പറഞ്ഞുവെക്കുക മാത്രമല്ല ഇസ്‌ലാം ചെയ്യുന്നത്. മറിച്ച് ഈ ലോകത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നതിനും അവന്‍ മനുഷ്യര്‍ക്ക് നല്‍കിയ സന്ദേശങ്ങളുടെ അവസാനത്തെ പതിപ്പാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതിനും മതിയായ തെളിവും ഇസ്‌ലാമിന്റെ പക്കലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *