ഭാഗം 3
വിവേചനം (Discrimination)
എല്ലാവരെയും എല്ലായിടത്തും തുല്യമായി പരിഗണിക്കുന്നത് (സമത്വം) നീതിയല്ല എന്ന് നമുക്കറിയാം. അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ഇടങ്ങളില്‍ പ്രത്യേകം പരിഗണനകള്‍ ലഭിക്കുന്നതാണ് നീതി. പക്ഷെ അതിനര്‍ത്ഥം ആളുകള്‍ക്കിടയിലുള്ള വിവേചനം നീതിയാണ് എന്നല്ല. ഏറ്റവും ക്രൂരമായ അനീതിയുടെ രൂപങ്ങളില്‍ ഒന്നു തന്നെയാണ് വിവേചനം. പക്ഷെ എന്താണ് വിവേചനം എന്ന് നാം മനസ്സിലാക്കണം. സാങ്കേതികമായി നോക്കിയാല്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി ഈ പദത്തിനു നല്‍കിയ വ്യാഖ്യാനം ‘മനുഷ്യരിലെ വ്യത്യസ്ത വിഭാഗങ്ങളോട് അന്യായത്തോടെയും വിപ്രതിപത്തിയോടെയുമുള്ള പെരുമാറ്റം. വിശിഷ്യാ വംശം, പ്രായം, ലിംഗം, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തില്‍’ എന്നാണ്.
അന്യായം വിപ്രതിപത്തി എന്നീ വാക്കുകള്‍ നാം ശ്രദ്ധിക്കണം, അതാണ് വിവേചനത്തിന്റെ കാതല്‍. ജാതിയുടെ അടിസ്ഥാനത്തില്‍ നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും,ഒന്നു രണ്ടു നൂറ്റാണ്ടു മുന്നേ വരെ യൂറോപ്പിലടക്കം വിദ്യാഭ്യാസ രംഗത്തും വോട്ടിംഗ് രംഗത്തുമെല്ലാം സ്ത്രീയെ മാറ്റിനിര്‍ത്തിയിരുന്നതും, നിറത്തിന്റെ പേരില്‍ യൂറോപ്പിലും അമേരിക്കയിലുമെല്ലാം നിലനിന്നിരുന്ന അസ്പര്‍ശ്യതകളുമല്ലാം വിവേചനത്തിന്‍റെ ഉദാഹരണങ്ങളായി നമുക്ക് മനസ്സിലാക്കാം. വിപ്രതിപത്തിയും അന്യായവുമാണ് ഇവിടെയെല്ലാം നിഴലിക്കുന്നത്. മേല്‍ ജാതിക്കാര്‍ കീഴ്ജാതിക്കാരെക്കാളും, വെളുത്തവര്‍ കറുത്തവരെക്കാളും, പുരുഷന്‍ സ്ത്രീയേക്കാളും മികച്ചവരും ഉന്നതരും ആണ് എന്നുള്ള ചിന്തകളാണ് ഇവിടെയുള്ള മാറ്റി നിര്‍ത്തലുകള്‍ക്ക് പ്രേരകം.

‘അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ യാതൊരു സ്ഥാനവുമില്ല ! ഹൃദയത്തിൽ ഭക്തിയുള്ളവൻ മാത്രമാണ് ശ്രേഷ്ഠൻ. ജനങ്ങളെല്ലാം ആദമിൽ നിന്നാണ്, ആദമാവട്ടെ മണ്ണിൽ നിന്നും’ എന്ന പ്രവാചക വചനം മനുഷ്യരിലെ വംശീയ പ്രവണതകളുടെ അടിവേരറുക്കുന്നുണ്ട്. സ്ത്രീയായാലും പുരുഷനായാലും പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചാണ് പ്രതിഫലം നല്‍കപ്പെടുക എന്നും അനേകം ഖുര്‍ആന്‍ വചനങ്ങളിലും പ്രവാചകവചനങ്ങളിലും പ്രതിഫലിക്കുന്നത് കാണാം. വിവേചനത്തിന് പൂര്‍ണമായും എതിരാണ് ഇസ്‌ലാം എന്നത് സുവ്യക്തമാണ്.
വേര്‍തിരിവ് (Segregation)
ചിലയാളുകലെങ്കിലും വേര്‍തിരിവിനെയും വിവേചനത്തെയും ഒന്നായിമനസിലാക്കുന്നു. അത് തെറ്റാണ്. എല്ലാവരും എല്ലാ അര്‍ത്ഥത്തിലും തുല്യരാണ് എന്നും എല്ലാ ഇടങ്ങളിലും അവരെ തുല്യമായി പരിഗണിക്കുന്നതാണ് നീതി എന്നും വാദിക്കുന്ന ലിബറലുകളും ഫെമിനിസ്റ്റുകളുമായ സമത്വവാദികള്‍ സമൂഹത്തിലെ വേര്‍തിരിവുകളെ അനീതിയുടെ പ്രതീകമായിട്ടാണ് കാണുന്നത്.എല്ലാ വേര്‍തിരിവുകളെയും വിവേചനമായി കാണുന്നതാണ് ഇവിടെയുള്ള പ്രശ്നം. വേര്‍തിരിവ് എന്നു പറഞ്ഞാല്‍ ആളുകളെ മാറ്റി നിര്‍ത്തുന്നു എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. വിവേചനങ്ങളിലെല്ലാം വേര്‍തിരിവുണ്ട്, പക്ഷെ എല്ലാ വേര്‍തിരിവുകളും വിവേചനങ്ങളല്ല. മുകളില്‍ സൂചിപ്പിച്ചതു പോലെ വേര്‍തിരിക്കപ്പെടുന്നവര്‍ക്കിയില്‍ ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള വിപ്രതിപത്തിയും അന്യായവും വേര്‍തിരിവിന്റെ പ്രേരകമായി വര്‍ത്തിക്കുമ്പോഴാണ് അത് വിവേചനമായി മാറുന്നത്. ഉദാഹരണത്തിന് കുറവ് മാര്‍ക്ക് കിട്ടിയ കുട്ടികളെല്ലാം മോശക്കാരാണ് എന്ന ആശയത്തില്‍ കുറവു മാര്‍ക്ക് ലഭിച്ച കുട്ടികളെയും കൂടുതല്‍ മാര്‍ക്ക് ലഭിച്ച കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തുന്നത് വിവേചനമാണ്. ഇവിടെ സ്വാഭാവികമായും ഉന്നതരായി ഗണിക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും മികച്ചതായിരിക്കും. പക്ഷെ ഈ രണ്ടു കൂട്ടര്‍ക്കും പ്രത്യേകമായി അവര്‍ക്ക് ആവശ്യമുള്ള തരം പരിശീലനങ്ങള്‍ നല്‍കാന്‍ വേണ്ടി അവരെ വേര്‍തിരിച്ചിരുത്തുന്നത് വിവേചനമല്ല. അത് നീതിയാണ്. അത്തരത്തിലുള്ള രീതികള്‍ ഒത്തിരി വിദ്യാഭ്യാസ സംവിധാനങ്ങള്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതായത് ചില സാഹചര്യങ്ങളില്‍ നീതിപുലരാന്‍ വേര്‍തിരിവ് അനിവാര്യമാണെന്നര്‍ത്ഥം.
സ്ത്രീ പുരുഷ വിഷയത്തിലാണ് കൂടുതലും ഇത്തരത്തില്‍ വേര്‍തിരിവും വിവേചനവും കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ച് വിമര്‍ശനം ഉന്നയിക്കാറുള്ളത്. ഇസ്ലാമിക സദസ്സുകളിലും, കല്യാണങ്ങളുടെ ഊട്ടു പുരകളിലും, പള്ളികളിലുമെല്ലാം സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ചിരുത്തുന്നത് വിവേചനവും അനീതിയുമാണത്രെ. ഈ വിമര്‍ശകരുടെ യുക്തിപ്രകാരം സ്ത്രീയും പുരുഷനും ഇടകലരുമ്പോള്‍ മാത്രമേ സമത്വവും അതിലൂടെ നീതിയുമുണ്ടാവുന്നുള്ളൂ. സമത്വമാണ് നീതിയുടെ മാനദണ്ഡം എന്നതു കൊണ്ട് അതുണ്ടാവാന്‍ വേണ്ടിയാണ് പുരുഷനും സ്ത്രീയും ഇടകലരണം എന്ന് അവര്‍ വാശി പിടിക്കുന്നത്. ഈ വാദത്തിന്റെ അടിസ്ഥാനമായ സമത്വവാദത്ത്ന്റെ പ്രശ്നങ്ങള്‍ മുകളില്‍ നാം സൂചിപ്പിച്ചുവല്ലോ. സമത്വമോ തുല്യതയോ അല്ല നീതിയുടെ പര്യായം എന്നത് വ്യക്തമാണ്. അത് പലപ്പോഴും അനീതിക്ക് കാരണമാവുന്നു. സമത്വമില്ലാതെ, അര്‍ഹതപ്പെട്ട പരിഗണന എല്ലാവര്‍ക്കും ലഭിക്കുമ്പോഴാണ് നീതി നടപ്പിലാകുന്നത്. സ്ത്രീയെയും പുരുഷനെയും വേര്‍തിരിക്കുന്നത് വിവേചനത്തിലേക്ക് നയിക്കുന്നു എന്നതാണ് അടുത്ത പ്രശ്നമായി ഉന്നയിക്കുന്നത്. വിവേചനത്തിന്റെയും വേര്‍തിരിവിന്റെയും വ്യത്യാസം മുകളില്‍ പറഞ്ഞുവല്ലോ. അത്തരത്തില്‍ സ്ത്രീയേക്കാള്‍ പുരുഷന്‍ ഉന്നതനാണ് എന്നു ധരിച്ചു കൊണ്ട് സ്ത്രീയോട് വിവേചനം കാണിക്കുന്ന ഒത്തിരി വിഭാഗങ്ങളും ആശയക്കാരും സമൂഹത്തിലുണ്ട് എന്നത് യാദാര്‍ത്ഥ്യമാണ്. പക്ഷെ മുകളില്‍ സൂചിപ്പിച്ച ഇസ്‌ലാമിന്റെ നിര്‍ദേശാനുസരണമുള്ള വേര്‍തിരിവുകളില്‍ അത്തരത്തിലുള്ള വിവേചനം കാണാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. സ്ത്രീയോ പുരുഷനോ ആവുന്നതല്ല മറിച്ച് ധര്‍മനിഷ്ഠയും പ്രവര്‍ത്തനങ്ങളുമാണ് ഉന്നതിയുടെയും മികവിന്റെയും മാനദണ്ഡം എന്നാണ് ഇസ്‌ലാമിന്റെ തത്വം. അപ്പോള്‍ വേര്‍തിരിവ് ഔചിത്യത്തിന്റെ പേരിലല്ല എന്നത് വ്യക്തം. പിന്നെ സ്ത്രീക്കും പുരുഷനും ഇടയില്‍ ഏതെങ്കിലും തരത്തിലുള്ള സൌകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിച്ചു കൊണ്ടാണോ ഇത്തരത്തില്‍ വേര്‍തിരിക്കുന്നത്…? അങ്ങനെ വേര്‍തിരിക്കാനല്ല ഇസ്‌ലാമിന്റെ നിര്‍ദേശം.സ്വയം ത്യാഗം സഹിച്ചുകൊണ്ടല്ലാതെ, അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അവിടെ വിവേചനം വരുന്നുണ്ടെന്നു വേണമെങ്കില്‍ പറയാം.
ഊട്ടു പുരയിലെ ഇരിപ്പിടങ്ങള്‍ എവിടെയാണ് എന്നതല്ലല്ലോ ലഭിക്കുന്ന ഭക്ഷണവും സൗകര്യങ്ങളും എവ്വിധമാണ് എന്നതല്ലേ പ്രധാനം. അതൊരുപോലെയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്നം..? സ്ത്രീയും പുരുഷനും തമ്മില്‍ കാണലും, കൂടിക്കലരലും ഊട്ടുപുരയുടെ ലക്ഷ്യങ്ങളില്‍ പെട്ടതല്ലല്ലോ.
പിന്നെ എല്ലാത്തിനുമപ്പുറം ആദ്യം സൂചിപ്പിച്ചതു പോലെ ശാരീരികവും മാനസികവുമായി വ്യത്യാസങ്ങളേറെയുള്ള സ്ത്രീക്കും പുരുഷനും ഇടയില്‍ സംവിധാനങ്ങള്‍ ക്രമീകരിക്കേണ്ടത് അവരെ പറ്റി പൂര്‍ണമായ ബോധ്യമുള്ള,അവരുടെ ഉടമയായ, അവരില്‍ ഏതെങ്കിലും ഒരു കൂട്ടത്തില്‍പെടാത്ത പടച്ചവന്‍ തന്നെയാണല്ലോ. ഇവര്‍ കൂടിക്കലരുന്നത് കൊണ്ട് മനുഷ്യന്റെ പരിമിതമായ യുക്തിക്കും അറിവിനും എത്തിപ്പിടിക്കാന്‍ കഴിയുന്നതും കഴിയാത്തതുമായ ഒത്തിരി പ്രശ്നങ്ങളുണ്ടായേക്കാം. അതിനെ പറ്റി പടച്ചവനാണല്ലോ ഏറ്റവും നന്നായി അറിയുന്നത്.
ഈ വിമര്‍ശകരുടെ വിമര്‍ശനങ്ങളിലെ ഏറ്റവും രസകരമായ ഭാഗം ഇവിടെയെല്ലാം സ്ത്രീ വിവേചനമാണ് സംഭവിക്കുന്നത് എന്ന് പറയുന്നിടത്താണ്. നേരത്തെ പറഞ്ഞതു പോലെ സൗകര്യങ്ങളുടെ കുറവ് സ്ത്രീ അനുഭവിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീ വിവേചനമാണ്. മറിച്ച്, കേവലം സ്ത്രീയും പുരുഷനും വേര്‍തിരിഞ്ഞിരിക്കുന്നത് ഇവരുടെ വാദപ്രകാരം പുരുഷ വിവേചനം കൂടിയാണല്ലോ. ‘സ്ത്രീ വിവേചനം’ എന്ന പ്രയോഗത്തിനാണ് കൂടുതല്‍ സ്വീകാര്യത കിട്ടുക എന്നത്ത് കൊണ്ടാണോ അതു മാത്രം എടുത്തു പറയുന്നത്?
സ്ത്രീയും പുരുഷനും ഇടകലരുന്നത് ആര്‍ക്കെങ്കിലും പ്രയാസമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീക്കാണ്. ഒത്തിരി ആളുകള്‍ കൂടുന്ന ആഘോഷപരിപാടികളില്‍ പൂവാല ശല്യം കാരണം സ്ത്രീക്കും പുരുഷനും വ്യത്യസ്ത സ്ഥലങ്ങള്‍ ഉണ്ടായിരുന്നു എങ്കില്‍ സ്വസ്ഥമായി ആഘോഷം ആസ്വദിക്കാമായിരുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയ ഫെമിനിസ്റ്റ് സ്ത്രീകള്‍ പോലുമുണ്ട്. ഈ വേര്‍തിരിവ് അവര്‍ക്ക് സൌകര്യമാണ് എന്നത് അത്തരം സാക്ഷ്യങ്ങളില്‍ നിന്നും വ്യക്തമാണ്.പുരുഷന്മാരുടെ ചില നോട്ടങ്ങള്‍ പോലും അവര്‍ക്ക് പ്രയാസമുണ്ടാക്കുന്നു എന്നത് കൊണ്ടാണല്ലോ അത്തരത്തിലുള്ള നോട്ടത്തിനെ പോലും പ്രശ്നവത്കരിച്ച നിയമങ്ങള്‍ ഈ കേരളത്തിന്‍റെ പോലും ഭൂതകാലത്തില്‍ രൂപം കൊണ്ടത്. പുരുഷന്മാരെ സംബന്ധിച്ച് ഈ കൂടിക്കലരല്‍ കൂടുതല്‍ ആനന്ദദായകമാണ്. അവരില്‍ ഭൂരിഭാഗവും അത് ഇഷ്ടപ്പെടുന്നു. ഇതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം . ഒന്ന് ഈ കൂടിക്കലരല്‍ വാദം പുരുഷനു വേണ്ടിയുള്ളതാണ്. രണ്ട് ഇത്തരത്തിലുള്ള വേര്‍തിരിവ് പുരുഷന്റെ ആനന്ദം കുറക്കുന്നു എന്നത് കൊണ്ട് സ്ത്രീ വിവേചനത്തെക്കാള്‍ പുരുഷ വിവേചനം എന്ന പദമാണ് ഇവിടെ കൂടുതല്‍ അനുയോജ്യം.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.