നീതി-സമത്വം-വിവേചനം

197
0

ഭാഗം 2

സമത്വം (Equality)

തുല്യത/സമത്വം എന്നതിനെ നീതിയുടെ മാനദണ്ഡമായി കാണുന്ന ഒട്ടേറെ ആശയങ്ങളെ നമുക്ക് കാണാം. ലിബറലിസം, ഫെമിനിസം പോലെയുള്ളവ അവയില്‍ ചിലതാണ്. ഒത്തിരി പരിമിതികളുള്ള മനുഷ്യന്റെ നിഗമാനമായതു കൊണ്ട് തന്നെ അതില്‍ അബദ്ധങ്ങളുണ്ടാവാനുള്ള സാധ്യത വളരെയധികമാണ്. ഈ ആശയത്തെ നമുക്ക് ഒന്നു പരിശോധിക്കാം. എല്ലാവരെയും ഒരു വ്യത്യാസവുമില്ലാതെ ഒരേ രീതിയില്‍ പരിഗണിക്കുന്നതിനെയാണ് സമത്വം എന്ന് പറയുന്നത്. സമൂഹത്തിലെ ഒരു ശ്രേണിയും ഒരു വിഭാഗവും പ്രത്യേക പരിഗണന അര്‍ഹിക്കുന്നില്ല, ആരെയും ഒരിടത്തും അവഗണിക്കുകയും ചെയ്യരുത് എന്നതാണ് ഈ ആശയത്തിന്റെ അടിസ്ഥാന തത്വം.

മനുഷ്യരെല്ലാം അടിസ്ഥാനപരമായി തുല്യരാണോ എന്ന് ചോദിച്ചാല്‍ ആണ് എന്ന് തന്നെയാണ് ഉത്തരം. ജനനം കൊണ്ടോ പ്രകൃതം കൊണ്ടോ ആര്‍ക്കും ആഢ്യത്വമോ, അധമത്വമോ വന്നു ചേരുന്നില്ല. അവര്‍ ഒരു മാതാവില്‍ നിന്നും പിതാവില്‍ നിന്നുമുള്ളതാണ് എന്നും മനുഷ്യര്‍ക്കിയിലെ ഗോത്രങ്ങളും വര്‍ഗങ്ങളും പരസ്പരം തിരിച്ചറിയുക എന്ന ദൌത്യത്തിനപ്പുറം മറ്റൊന്നും ചെയ്യുന്നില്ല എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ടല്ലോ…

ഈ സമത്വത്തെ ഖുര്‍ആനും ഇസ്‌ലാമും അംഗീകരിക്കുന്നുണ്ട് എന്നര്‍ത്ഥം. പക്ഷെ ഇത്തരത്തിലുള്ള ഒരു പൊതു തുല്യത (General Equality) അല്ല, മറിച്ച് എല്ലാവരും എല്ലായിടത്തും തുല്യരാണ് എന്ന പരിപൂര്‍ണമായ തുല്യത (Absolute Equality) യാണ് നടേ സൂചിപ്പിച്ച ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നത്. മുകളില്‍ പറഞ്ഞ വചനത്തില്‍ പടച്ചവന്‍ പറഞ്ഞു വെക്കുന്നത് ആരാണോ ധര്‍മനിഷ്ഠ പാലിക്കുന്നത് അവനാണ് പടച്ചവന്റെ അടുക്കല്‍ ശ്രേഷ്ഠന്‍ എന്നാണ്. അതായത് ഈ ലോകത്തും പരലോകത്തും പടച്ചവന്‍ എല്ലാവരെയും ഒരു പോലെ പരിഗണിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല. അവനെ സൂക്ഷിക്കുകയും ധര്‍മനിഷ്ഠ പാലിക്കുകയും ചെയ്യുന്നവര്‍ക്ക് അവന്‍ കൂടുതല്‍ പരിഗനണന നല്‍കുന്നു. മനുഷ്യര്‍ എന്ന അര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും തുല്യ മൂല്യമാണുള്ളത് എങ്കിലും  അവര്‍ക്കിടയില്‍ കഴിവിലും പ്രകൃതത്തിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം ഏറെ വ്യത്യാസങ്ങളുണ്ട് എന്നത് ഒരു വസ്തുതയാണ്. ഈ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഓരോ സംവിധാനങ്ങളിലും മനുഷ്യരെ വ്യത്യസ്തമായി പരിഗണിച്ചാല്‍ മാത്രമേ അവര്‍ക്കിടയില്‍ നീതി നടപ്പിലാവൂ.

നന്മയും തിന്മയും സമമാവില്ല എന്നിരിക്കെ അവ രണ്ടും പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലവും സമമാവാന്‍ പാടില്ലല്ലോ. കാലിനു പരിക്കുള്ളവനും ഇല്ലാത്തവനും ഉള്ളത് ഒരേ ശാരീരിക ശേഷി അല്ല എന്നത് കൊണ്ട് അവര്‍ക്ക് ഇരിപ്പിടങ്ങളില്‍ തുല്യ മുന്‍ഗണനയല്ല നല്‍കേണ്ടത്. സാമൂഹികമായും സാമ്പത്തികമായും പിന്നിട്ടു നില്‍ക്കുന്നവരും മുന്നിട്ടു നില്‍ക്കുന്നവരും ജോലിയുടെയും ജീവിത വിഭവങ്ങളുടെയും ആനുകൂല്യങ്ങളില്‍ ഒരു പോലെയല്ല പരിഗണിക്കപ്പെടേണ്ടത്. സൈന്യത്തിലേക്ക് ശാരീരികക്ഷമതയില്ലത്തവര്‍ തിരെഞ്ഞെടുക്കപ്പെടുകയില്ലല്ലോ. ബസില്‍ പുരുഷന്മാര്‍ക്ക് സംവരണമില്ലല്ലോ. എല്ലാ റേഷന്‍ കാര്‍ഡിലും ലഭിക്കുന്ന റേഷന്‍റെ അളവ് ഒരുപോലെയല്ലല്ലോ. മനുഷ്യരെല്ലാം തുല്യരാണ് എന്നും പറഞ്ഞ് ഇവിടെയെല്ലാം എല്ലാവരെയും ഒരേപോലെ പരിഗണിച്ചാല്‍ അത് നീതിയാണ് എന്ന് പറയാന്‍ കഴിയില്ല, മത്രമല്ല അത് സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ  തെറ്റിക്കും. ഇത്തരം വേളകളിലെല്ലാം സമത്വം അനീതിയാണ്. അസമത്വവും അര്‍ഹിക്കുന്ന തോതിലുള്ള പരിഗണനയുമാണ് ഇവിടെയല്ലാം നീതി കൊണ്ടു വരുന്നത്. സമന്മാരല്ലാത്തവര്‍ക്കിടയിലെല്ലാം സമത്വം അനീതിയുണ്ടാക്കും എന്നാണ് ഈ ഉദാഹരണങ്ങള്‍ നമുക്ക് കാണിച്ചു തരുന്നത്. ഒറ്റനോട്ടത്തില്‍ നമുക്ക് മനസ്സിലാകുന്ന വിഷയങ്ങളില്‍ മാത്രമല്ല സമത്വം അപകടം ചെയ്യുക, ചില വിഷയങ്ങളില്‍ ആ അപകടം ദൂരവ്യാപകമായിരിക്കും, അവ പരിമിതികളുള്ള മനുഷ്യന് മനസ്സിലാക്കാന്‍ ഒരുപാട് സമയം എടുത്തു എന്നും വരാം. പൊതുവേ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ത്രീ പുരുഷ വിഷയത്തിലും അവസ്ഥ മറ്റൊന്നല്ല. സ്ത്രീയും പുരുഷനും ശാരീരികമായും മാനസികമായും വ്യത്യസ്തരാണ് എന്നത് ഒരു വസ്തുതയാണ്. അവരുടെ ജീവിത ചക്രം എത്രയോ വ്യത്യസ്തമാണ്. ഇവര്‍ക്കിടയില്‍ ചില സ്ഥലങ്ങളില്‍ സ്ത്രീകളെയും ചിലയിടങ്ങളില്‍ പുരുഷനെയും കൂടുതല്‍ പരിഗണിക്കേണ്ടതുണ്ടാവും. ആ പരിഗണന നീതിയോടെയാവണമെങ്കില്‍ അത് അവരെ രണ്ടുപെരെയും സൃഷ്ടിച്ച, രണ്ടു പേരോടും ഒരേയളവില്‍ സ്നേഹമുള്ള ദൈവം ചെയ്യുമ്പോള്‍ മാത്രമാണ്. 

സമത്വത്തിന്റെ പൊതുവായ തലം നാം അംഗീകരിക്കുന്നുണ്ടെങ്കിലും അന്ധമായി സമത്വം നടപ്പിലാക്കുന്നത് അനീതിയും സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതുമാണ്. പക്ഷെ സമത്വ വാദികളെല്ലാം പ്രതിനിദാനം ചെയ്യുന്നത് ഇത്തരത്തിലുള്ള അന്ധമായ സമത്വത്തെയാണ് എന്നത് കൊണ്ടു തന്നെ പലപ്പോഴും ആ വാക്കിനെ തന്നെ പ്രശ്നവത്കരിക്കേണ്ടി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *