ജീവൽസ്പന്ദം

139
0

ഉച്ചഭാഷിണി പുറന്തള്ളിയ തന്റെ പേര് ഒരുൾക്കിടിലത്തോടെയായിരുന്നു അവന്റെ കാതുകളിൽ പതിഞ്ഞത്. കാലുകളിൽ നിന്നഴിച്ചെടുത്ത ചിലങ്കകൾ മാറോടണച്ച്, മിഴിനീര് തീർത്ത യവനികക്ക് പിന്നിൽ അവ്യക്തമായ വഴികളിലൂടെ സർവശക്തിയുമെടുത്ത് അവൻ കുതിച്ചു. തന്നെ പിന്തുടർന്നുകൊണ്ടിരുന്ന പൈശാചികമായ കാൽപാദങ്ങളുടെ ഇരമ്പൽ തലച്ചോറിൽ മിന്നൽപ്പിണരുകളായി രൂപാന്തരപ്പെടുന്നത് അവനറിഞ്ഞു. നഗരത്തിന്റെ ഹൃദയഭാഗത്തെ പ്രശസ്തമായ ഈ കോളേജിൽ തനിക്ക് പ്രവേശനം നേടിത്തന്ന കലാതിലകപ്പട്ടങ്ങളെല്ലാം ആ നിമിഷം അവന്റെ മനസ്സിലൂടെ കടന്നുപോയി. അപ്പോഴേക്കും തലക്ക് പിന്നിൽ ആദ്യത്തെ പ്രഹരമേറ്റ് കഴിഞ്ഞിരുന്നു. മറഞ്ഞു തുടങ്ങിയ ബോധമണ്ഡലത്തിലും ആക്രോശങ്ങളുടെ ദണ്ഡങ്ങൾ ശരീരത്തിനും മനസ്സിനുമേൽപ്പിച്ചു കൊണ്ടിരുന്ന ആഴമേറിയ മുറിവുകളിൽ നിന്ന് രക്തം വാർന്നുകൊണ്ടിരുന്നത് അവനറിയുന്നുണ്ടായിരുന്നു. ദണ്ഡനങ്ങൾക്കുള്ള അവകാശം ജീവിതപരിചയം കൂടുതലാണെന്നതത്രേ! ദിവസങ്ങളേറെയായി വറ്റിവരണ്ടിരുന്ന ഉറക്കസഞ്ചിക്ക് പോലും അവനോട് എന്തെന്നില്ലാത്ത നിസ്സഹായത തോന്നി. തന്റെ ജീവൽസ്പന്ദമായ ചിലങ്കകളെ മാറോടണച്ച്, അസ്തമയ സൂര്യൻ ചെഞ്ചായം പൂശിത്തുടങ്ങിയ സന്ധ്യയിലേക്ക് അവൻ വേച്ചു വേച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *