ജനസംഖ്യാ കണക്കിലെ വർഗീയത

107

മൂന്നോ അതിലധികമോ കുട്ടികളുള്ള രക്ഷിതാക്കൾ, വിശിഷ്യാ മുസ്ലിം സമുദായത്തിൽ പെട്ട രക്ഷിതാക്കൾ, പ്രത്യക്ഷമായും പരോക്ഷമായും നിരന്തരം പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യപ്പെടുന്നുവെന്നതിൽ തർക്കമില്ല. മുസ്ലിം സ്ത്രീകളെ പന്നികളോട് ഉപമിക്കുന്നതും പെറ്റുകൂട്ടുന്നത് മുസ്ലിം സമുദായത്തിന്റെ ഒരു ഹിഡൻ അജണ്ടയാണെന്ന തിയറികൾക്കുമൊക്കെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ ഇത്തരം വർഗീയ പരാമർശങ്ങൾക്ക് കൂടുതൽ വ്യാപനമുണ്ടായി എന്ന മാറ്റം മാത്രമേയുള്ളൂ.

സംഘ് പരിവാർ ഹാൻഡിലുകൾ വിദ്വേഷ പ്രചരണത്തിനായി ഉപയോഗിക്കുന്ന നമ്പർ വണ്‍ വ്യാജ പ്രചാരണങ്ങളിലൊന്നാണ് 2050ഓടെ മുസ്ലിം സമുദായം ഇന്ത്യയിൽ ഭൂരിപക്ഷവും ഹിന്ദു സമുദായം ന്യൂനപക്ഷവുമാകുമെന്ന മിത്ത്. ലൌ ജിഹാദ് പ്രൊപോഗണ്ട പോലെത്തന്നെ ഹിന്ദുത്വയുടെ ഈയൊരു ഗീബൽസിയൻ തന്ത്രവും വിജയം കണ്ടിട്ടുണ്ടെന്ന് തന്നെ വേണം അനുമാനിക്കാൻ. കാരണം യാതൊരു അടിസ്ഥാനമില്ലെങ്കിലും ഇത്തരം വ്യാജ പ്രചാരണങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്ന നിരവധി അനവധി പേരുണ്ട് നമ്മുടെ ചുറ്റിലും.

മുസ്ലിം സമുദായം പെറ്റു പെരുകുകയാണോ?
ഇന്ത്യയിലെ മുസ്ലിം സമുദായം നേരിടുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ് മുസ്ലിം സ്ത്രീകൾ പന്നികൾ പ്രസവിക്കുന്നതു പോലെ പെറ്റു കൂട്ടുകയാണെന്നും ജനനനിരക്ക് ബോധപൂർവ്വം ഉയർത്തുകയാണെന്നുമൊക്കെ. ഇപ്പറഞ്ഞതിൽ ലവലേശം വസ്തുതയുണ്ടോ? സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ നിരത്തി തന്നെ നമുക്ക് പരിശോധിക്കാം.

ജനസംഖ്യയുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും ആധികാരികമായ രേഖ പത്ത് വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസ് ആണ്. 2011 സെൻസസിന് ശേഷം നാളിതുവരെ സമഗ്രമായ ഒരു സെൻസസ് കേന്ദ്ര സർക്കാർ നാളിതുവരെയും നടത്തിയിട്ടില്ലാത്തതിനാൽ സെൻസസ് പ്രകാരമുള്ള പുതിയ ജനസംഖ്യാ കണക്കുകൾ നമുക്ക് ലഭ്യമല്ല.

സെൻസസ് കഴിഞ്ഞാൽ ജനസംഖ്യയുമായി ബന്ധപ്പെട്ട കണക്കുകൾക്ക് ആശ്രയിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട സർക്കാർ രേഖ നാഷണൽ ഫാമിലി ഹെൽത്ത് സർവ്വെയാണ് (NFHS). NFHS അഞ്ച് റൌണ്ടുകൾ പൂർത്തിയായിട്ടുണ്ട്. 2020 ലാണ് NFHS ന്റെ അഞ്ചാമത്തെ റൌണ്ടിന്റെ (NFHS 5) റിപ്പോർട്ട് പുറത്തുവിടുന്നത്.

നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ (NFHS) വിവിധ റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളുടെയും ജനനനിരക്ക് (Total Fertility Rate) ഗണ്യമായി കുറയുന്നതായി കാണാം. മുസ്ലിം സമുദായത്തിന്റെ കണക്കും വ്യത്യസ്തമല്ല. NFHS -1 പ്രകാരം (1992-93 കാലഘട്ടത്തിൽ) മുസ്ലിം വിഭാഗത്തിന്റെ ജനനനിരക്ക് 4.4 ആയിരുന്നു. എന്നാൽ NFHS -5 പ്രകാരം (2019-21 കാലഘട്ടത്തിൽ) ഇത് 2.36 ആയി കുറഞ്ഞു. അതായത് ഏകദേശം പകുതിയോളമായി കുറഞ്ഞു എന്നർഥം.

ഇതേ കാലയളവിൽ ഹിന്ദുക്കളുടെ ജനനനിരക്ക് 3.3-ൽ നിന്ന് 1.94-ലേക്ക് കുറഞ്ഞു. എല്ലാ മതവിഭാഗങ്ങളിലും ജനനനിരക്ക് കുറയുന്നുവെന്നത് ഇതിൽ നിന്നും വ്യക്തമാണ്. മാത്രമല്ല, മതവിഭാഗങ്ങൾക്കിടയിലെ ജനനനിരക്കിലെ വ്യത്യാസവും ഓരോ വർഷവും കുറഞ്ഞുവരികയാണ്.

2050-ൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമോ?
ലോകോത്തര നിലവാരമുള്ള പഠന/ഗവേഷണങ്ങൾ നടത്തുന്ന പ്യൂ റിസർച്ച് സെന്റർ (Pew Research Centre) നടത്തിയ The Future of World Religions: Population Growth Projections 2010-2050 എന്ന പഠനത്തിൽ നിലവിൽ ലഭ്യമായ ആധികാരിക സ്റ്റാറ്റിസ്റ്റിക്സുകൾ അടിസ്ഥാനമാക്കി ഓരോ മതവിഭാഗങ്ങളുടെയും 2050ലെ ജനസംഖ്യ ശാസ്ത്രീയമായി കണക്കാക്കിയിട്ടുണ്ട്.

ഈ റിപ്പോർട്ട് പ്രകാരം 2010ൽ ഇന്ത്യൻ ജനസംഖ്യയുടെ 79.5% ഉണ്ടായിരുന്ന ഹിന്ദു സമുദായം 2050ൽ 77 ശതമാനത്തോടെ ഭൂരിഭക്ഷമായി തന്നെ തുടരും. അതേസമയം, 2010ൽ ഇന്ത്യൻ ജനസംഖ്യയുടെ 14.4% ഉള്ള മുസ്ലിം ജനസംഖ്യ 2050ൽ 18.4% മാത്രമായിരിക്കും.

വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ വ്യാജ കണക്കുകൾ ഉപയോഗിച്ച് സംഘ പരിവാർ പടച്ചുവിടുന്ന ഇത്തരം നറേറ്റീവുകൾക്ക് വസ്തുതകളുമായി പുലബന്ധം പോലുമില്ലെന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ ഇത്തരം വ്യാജ പ്രചരണങ്ങളിൽ സാധാരണക്കാരായ ജനങ്ങൾ വീണുപോകാതിരിക്കാൻ വസ്തുതാപരമായ കണക്കുകൾ മതേത്വര സമൂഹം പറഞ്ഞു കൊണ്ടേയിരിക്കണം. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള പോരാടി നമ്മുടെ രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കാൻ അത് അനിവാര്യമാണ്.