ജനറേഷൻ ആൽഫക്ക് എന്ത് പറ്റി?

441

സമീപകാലത്ത് കേരളം ചർച്ച ചെയ്യുന്നത് കൊലപാതകങ്ങളും രാസ ലഹരിയും മാത്രമാണ്. തിരുവന്തപുരത്തു നടന്ന അതി ക്രൂരമായ കൊലപാതകങ്ങൾ മുതൽ താമരശ്ശേരിയിൽ സ്വന്തം സഹപാഠിയെ മർദിച്ചു കൊലപെടുത്തിയ കേസ് വരെ അന്തരീക്ഷത്തിലെ ചർച്ചകളെ ചൂട് പിടിപ്പിക്കുന്നുണ്ട്. പുതുതലമുറ മൊത്തത്തിൽ വഴി പിഴച്ചു പോയി , 2K കിഡ്സ്‌ മൊത്തത്തിൽ ലഹരിയുടെ അടിമകളാണ് തുടങ്ങിയ നിഗമങ്ങളാണ് പലരും ഉയർത്തി കാട്ടുന്നത്.

എന്താണ് പുതിയ തലമുറയ്ക്ക് സംഭവിക്കുന്നത്? കുറ്റപ്പെടുത്തലുകൾക്കപ്പുറത്തു ക്രിമിനൽ ആക്റ്റിവിറ്റിയും ലഹരിയും ഇത്രമേൽ അവരെ സ്വാധീനം ചെലുത്താൻ കാരണമെന്താണ്?
തുടക്കത്തിലേ പറയട്ടെ, ഒരു തലമുറയും മോശമാണെന്നോ പഴയ തലമുറ നല്ലവരാനാണെന്നോ വ്യക്തിപരമായി വിശ്വസിക്കുന്നില്ല, ഏതു തലമുറയിലും നന്മയും തിന്മയുമുണ്ട്. പക്ഷെ പുതിയ തലമുറ ക്രിമിനൽ ആക്ടിവിറ്റിയിലേക്കും ലഹരിയുടെ മായലോകത്തെക്കും വല്ലാതെ ആകർഷിക്കപെടുന്നുണ്ട് എന്നതൊരു യഥാർത്യമാണ്. നമ്മുടെ സ്കൂൾ -കോളേജ് ക്യാമ്പസുകൾ മാത്രമെടുത്താൽ ഇത് ബോധ്യപെടും. ഗാങ് തിരിഞ്ഞുള്ള സംഘർഷങ്ങളും ലഹരിയുടെ അതിപ്രസരവും ക്യാമ്പസുകളിൽ ഇന്നൊരു പുതുമ നിറഞ്ഞ ഒരു വാർത്തയെ അല്ല!


അത്തരമൊരു സംഘർഷമാണ് താമരശ്ശേരിയിൽ ഒരു വിദ്യാർത്ഥി കൊല്ലപെടാനുള്ള കാരണവും. പുതുതലമുറ, പ്രതേകിച്ചും 2010ന് ശേഷം ജനിച്ച ജനറേഷൻ ആൽഫ എന്നറിയപ്പെടുന്ന തലമുറ അഭിമുഖീകരികുന്ന പ്രശ്നങ്ങൾ മുൻ തലമുറകളിൽ നിന്നും തീർത്തും വ്യത്യസ്ഥമാണ്. 90സ് കിഡ്സും 80സ് കിഡ്സും വളർന്നു വന്ന സാഹചര്യമല്ല ഇവരുടേത്. ഇല്ലായ്‌മയുടെ കഥകൾ പറയുന്ന 90സ് -80സ് കിഡ്‌സിന്റെ ബാല്യകാലം പോലെയല്ല ഇവരുടേത് എന്ന് കുറ്റപ്പെടുന്നവർ മറന്നു പോകുന്നു. ടെക്നോളജിയിലേക്ക് പിറന്നു വീണ ഒരു തലമുറയാണിത്. കോവിഡ് കാലം കൂടി വന്നതോടെ പഠനം പോലും ഫോണിൽ മാത്രമായി. അന്നവവരുടെ കയ്യിൽ ആവേശപൂർവ്വം ഡിജിറ്റൽ ഡിവൈസുകൾ കൈമാറിയവർ ഇന്ന് വെറുതെ നിന്ന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
അപരനെ കൊല്ലാൻ മാത്രം ആഹ്വാനം ചെയ്യുന്ന ഗെയിംമിന്റെ ലോകത്താണ് അവർ അഭിരമിച്ചിരിക്കുന്നത്. യാതൊരു വിധ മാനവിക മൂല്യങ്ങളും പകർന്നു നൽകാത്ത ഇത്തരം വാർ ഗെയിംമുകൾ മാത്രം കളിക്കുന്നവർ അത് യഥാർത്ഥ ജീവിതത്തിലേക്ക് പകർത്തുന്നതാണ് പത്താം ക്ലാസുകാരൻ കൊല്ലപ്പെടുന്ന സംഭവത്തിലടക്കം നമുക്ക് കാണാൻ സാധിക്കുന്നത്.

സിനിമകളിലെ വർധിച്ചു വരുന്ന വയലൻസ് മറ്റൊരു വില്ലനാണ്. വയലൻസ് മാത്രം ആഘോഷിക്കുന്ന സിനിമകൾ സമീപകാലത്തു കേരളത്തിൽ ഹിറ്റുകളാവുന്നു. പുതുതലമുറയെ കൂടുതൽ ആകർഷിക്കുന്നത് ഇത്തരം വയലൻസ് സിനിമകളാണെന്നത്‌ മറ്റൊരു യാതാർത്ഥ്യമാണ്‌. അനിനിയന്ത്രിതമായി ഒഴുകുന്ന MDMA അടക്കമുള്ള ലഹരികളാണ്‌ മറ്റൊരു വില്ലൻ. നഗരമെന്നും നാട്ടിൻപുറമെന്നും ഒരു വ്യത്യാസവുമില്ലാതെ നാട്ടിൽ ഇത് സുലഭമാണ്. ഇതിന്റെ ചതികുഴിയിൽ നമ്മുടെ പുതുതലമുറ വീണു പോയിട്ടുണ്ട്. നാട്ടിൻപുറങ്ങളിലെ സ്കൂളുകളിൽ പോലും രാസലഹരി സുലഭമാവുന്ന ഒരു കാലത്തു, അത് നിയന്ത്രിക്കാതെ പുതു തലമുറ വഴി തെറ്റിപോയെന്ന് വിലപിച്ചിട്ടെന്ത്‌ കാര്യം!

തന്റെ കുട്ടി ഫോണിൽ എന്താണ് ചെയ്യുന്നതെന്ന് ഓരോ രക്ഷിതാവും മനസ്സിലാക്കിയാൽ, സ്കൂളിലെ അവന്റെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ അദ്ധ്യാപകർ തിരിച്ചറിയാൻ ശ്രമിച്ചാൽ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് പുതു തലമുറയെ മാറ്റിനിർത്താം. ഒപ്പം റീൽ അല്ല റിയൽ എന്നും റീൽ വെറും റീൽ മാത്രമാണെന്നും വെർച്വൽ ലോകത്തിനപ്പുറമാണ് യഥാർത്ഥ ലോകമെന്നും ജനറേഷൻ ആൽഫയും തിരിച്ചറിയേണ്ടതുണ്ട്.
പഴയ തലമുറ മൊത്തം ‘തന്ത വൈബ് ‘ അല്ലെന്നും അവർ പറയുന്നതിലെ പോസിറ്റീവ് ആയ കാര്യങ്ങൾ സ്വീകരിക്കാൻ കൂടി മനസ്സ് കാണിച്ചാൽ ഇത്തരം ചതി കുഴികളിൽ നിന്ന് രക്ഷപെടാം. ഒപ്പം അധികാരികളും സമൂഹവും ഉണർന്നു പ്രവർത്തിക്കുക കൂടി ചെയ്താൽ ലഹരി അടക്കമുള്ള വിപത്തുകളിൽ നിന്ന് പുതുതലമുറയെ നമുക്ക് രക്ഷപെടുത്താം.