സയന്‍സ് മേഖലയിലെ ബിരുദ പഠനത്തിന് ശേഷം രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളില്‍ ബിരുദാനന്തര പഠനത്തിന് അവസരമൊരുക്കുന്ന ശ്രദ്ധേയമായ പ്രവേശന പരീക്ഷയാണ് ജാം [JAM – Joint Admission test for Masters]. സയന്‍സ് മേഖലയിലെ വിവിധ വിഷയങ്ങളില്‍ (I) M.Sc., (ii) M.Sc. (Tech.), (iii) MS (Research), (iv) M.Sc. – M.Tech. Dual Degree, (v) Joint M.Sc. – Ph.D., and (vi) M.Sc. – Ph.D. Dual Degree തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ജാം പരീക്ഷ നടത്തുന്നത്.
രാജ്യത്തെ 21 ഐ.ഐ.ടികളിലായി മൂവായിരത്തോളം ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത് ജാം സ്കോര്‍ അടിസ്ഥാനമാക്കിയാണ്. ഇവയ്ക്ക് പുറമെ എന്‍.ഐ.ടികള്‍, ബെംഗലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), പശ്ചിമ ബംഗാളിലെ ശിബ്പൂരിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയൻസ് & ടെക്നോളജി, പഞ്ചാബിലെ സാന്റ് ലോംഗോവാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി, പൂനയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ചില ഐസറുകള്‍, ബെംഗലൂരുവിലെ ജവാഹര്‍ ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാൻസ്ഡ് സയന്റിഫിക്ക് റിസര്‍ച്ച്, ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം & എനര്‍ജി തുടങ്ങിയ സ്ഥാപനങ്ങളും തങ്ങളുടെ ബിരുദാനന്തര കോഴ്സുകളുടെ പ്രവേഷനത്തിന് ജാം സ്കോര്‍ പരിഗണിച്ചു വരുന്നു.
മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോടെക്നോളജി, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, എക്കണോമിക്സ് എന്നീ ഏഴ് പേപ്പറുകളിലായാണ് ‘ജാം’ നടത്തപ്പെടുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് പരമാവധി രണ്ട് പേപ്പറുകള്‍ എഴുതാം (ഒരേ സെഷനില്‍ ഷെഡ്യൂള്‍ ചെയ്യാത്ത പേപ്പറുകള്‍). നിര്‍ദിഷ്ട ബിരുദമാണ് പരീക്ഷയെഴുതാനുള്ള യോഗ്യത. അവസാന വര്‍ഷ ബിരുദക്കാര്‍ക്കും എഴുതാം. പരീക്ഷ എഴുതാൻ പ്രായപരിധിയില്ല.
ഓരോ വര്‍ഷവും ഓരോ ഐ.ഐ.ടികളാണ് ജാം പരീക്ഷ നടത്താറ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍ തുടങ്ങി രാജ്യത്തുടനീളം നൂറോളം പരീക്ഷാ കേന്ദ്രങ്ങളുണ്ട്.