ജബലുന്നൂറിലെ വെളിച്ചം

688
0

ഒരു വർഷം മുമ്പാണ് സൗദി അറേബ്യയിലേക്ക് വിസിറ്റിങ്ങിനു പോകുന്നത്. കുടുംബത്തോടൊപ്പമായിയിരുന്നു യാത്ര. ഞാനും ഉമ്മയും ഉപ്പയും രണ്ട് അനിയന്മാരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ ഫാമിലി. ജിദ്ദയിലാണ് ഞങ്ങളുടെ താമസം.

ഇസ്ലാമിക ചരിത്രത്തിലെ മാസ്മരിക സംഭവങ്ങൾക്ക് തുടക്കം കുറിച്ച സ്ഥലമാണ് ഹിറാഗുഹ. ഖുർആൻ വചനങ്ങൾ ആദ്യമായി ഇറങ്ങിയതും മുഹമ്മദ് നബി (സ)യെ അല്ലാഹു പ്രവാചകനായി നിയോഗിക്കുന്നതിന് വേണ്ടി തുടക്കം കുറിക്കുന്നതും ഈ മലമുകളിൽ വച്ചുതന്നെ. അത്രയേറെ പ്രാധാന്യമർഹിക്കുന്നു ഈ ജബലുന്നൂർ എന്നുപറയുന്ന ഹിറാഗുഹ സ്ഥിതി ചെയ്യുന്ന ഈ പർവ്വതം.

ഹിജാസ് സൗദി അറേബ്യയിലെ മക്കയിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. ജബലുന്നൂർ എന്നതിന് അർത്ഥം തന്നെ നമുക്ക് ഓരോരുത്തർക്കും അറിയാവുന്നതാണ് “വെളിച്ചത്തിന്റെ പർവ്വതം”. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്നുവരെ വീശി കൊണ്ടിരിക്കുന്ന വെളിച്ചത്തിന്റെതുടക്കം. മായാത്ത വെളിച്ചം അന്ത്യനാൾ വരെ നീണ്ടുനിൽക്കുന്ന പ്രബോധനത്തിന്റെ ആരംഭ കേന്ദ്രം. ഒട്ടനവധി വിശേഷണങ്ങൾക്ക് സാക്ഷിയാണ് ഹിറാഗുഹ. ജിബിരിൽ (അ) എന്ന മലക്കിനെ നമ്മൾ പലപ്പോഴും ഹിറാഗുഹയോട് ചേർത്താണ് പറയാറുള്ളത്. നബി (സ) ക്ക് വഹിയ് എത്തിച്ചു കൊടുത്ത മലക്ക് എന്നതിലും ലോകാവസാനം വരെ നിലനിൽക്കുന്ന അത്യുജ്ജലമായ ഇസ്ലാമിക പ്രബോധനത്തിന് മുഹമ്മദ് നബിക്ക് വഹിയ് നൽകപ്പെട്ട ചരിത്രം പഠിക്കുമ്പോഴും ഹിറാ ഗുഹയിൽ വഹ്‌യുമായി പ്രത്യക്ഷപ്പെട്ട ജിബിരീൽ (അ) യെ ഒരാളും മറന്നുപോകാൻ ഒരു സാധ്യതയുമില്ല. ഈ പർവ്വതത്തിന് 640 മീറ്റർ അതായത് 2100 അടി ഉയരമുണ്ട് 1750 പടികളാണ് ഉള്ളത്. ഏറ്റവും ആരോഗ്യമുള്ള ഒരു മനുഷ്യന് പോലും ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ ഈ പർവ്വതം കയറാൻ സമയമെടുക്കും.

മസ്ജിദുൽ ഹറാമിൽ നിന്നും സുബഹി നമസ്കാരം കഴിഞ്ഞ് ആറുമണിയോടെയാണ് ഞങ്ങൾ ജബലുന്നൂർ പർവ്വതത്തിൽ എത്തിയത്. പർവ്വതത്തിന്റെ താഴെ കാർ പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടായിട്ടും പർവ്വതത്തിലേക്ക് കയറുന്നതിന് തൊട്ടുമുമ്പുള്ള ഏറ്റവും ഉയരത്തിൽ ആണ് ഞങ്ങൾ കാർ പാർക്ക് ചെയ്തത്. മുകളിൽ നിന്ന് നോക്കുമ്പോൾ കാർ മറിഞ്ഞു വീഴുമോ എന്ന് പോലും ഭയപ്പെട്ടു പോകും. ഉമ്മക്ക് ഭയങ്കര പേടിയായിരുന്നു ഉമ്മ ഓരോ തവണ മുന്നോട്ടു നടക്കുമ്പോഴും തിരിഞ്ഞുനോക്കി കാറിന്റെ ഭാഗത്തേക്ക് ഒന്ന് നോക്കുമായിരുന്നു. ഇനി എങ്ങനെയാണ് കാർ തിരിച്ചു ഇറക്കുക എന്നതാണ് ഉമ്മയുടെ ചിന്തയിൽ. കാരണം മുകളിൽ നിന്നു നോക്കുമ്പോൾ വളരെ കുത്തനെയുള്ള ഇറക്കമാണ് കാണുന്നതും. അവിടെ ആകെ മൂന്നു കാറുകൾ മാത്രമേപാർക്ക് ചെയ്തിട്ട് ഉണ്ടായിരുന്നുള്ളൂ. അതിൽ മറ്റു രണ്ടു കാറും ടാക്സികൾ ആയിരുന്നു. അതിൽ ഒരു ടാക്സി ഇറങ്ങുന്നത് ഞങ്ങൾ കാണുകയും ചെയ്തു താഴേക്കിറങ്ങുമ്പോൾ സ്ലിപ് ആയി പോകുന്നതുപോലെ ഞങ്ങൾക്ക് അനുഭവപ്പെടുകയും ചെയ്തു.

ഇനി എങ്ങനെ ഇറക്കുമെന്ന് ഉമ്മയുടെ ചോദ്യത്തിന് ഉപ്പയുടെ മറുപടി ഇങ്ങനെ “കയറ്റിയത് ഞാനാണെങ്കിൽ അത് ഇറക്കാനും എനിക്കറിയാം” അങ്ങനെ ജബലുന്നൂർ എന്ന പർവ്വതം കയറാനുള്ള ആകാംക്ഷയിലാണ് ഞാൻ. താഴെ നിന്ന് നോക്കുമ്പോൾ ഇത്രയേ ഉള്ളൂ എന്ന് ഇവിടെ വന്നിട്ടുള്ള ഭൂരിഭാഗം മനുഷ്യർക്കും ഒന്നു തോന്നിപ്പോകും. കയറാൻ തുടങ്ങി കഴിഞ്ഞാൽ അറിയാം ആദ്യത്തെ നൂറോളം പടികൾ ഹുസൈൻ ബോൾട്ടിനെ പോലും വെല്ലുവിളിക്കുന്ന വേഗതയിൽ കയറാൻ സാധിച്ചെങ്കിൽ പോലും. പിന്നീട് ബാക്കി പടികൾ കുഴപ്പമില്ലാത്തരീതിയിൽ പ്രയാസപ്പെട്ട് തന്നെയാണ് കയറിയത്. പക്ഷേ എത്ര തന്നെ ആയാലും ഹിറാ ഗുഹ കണ്ടിട്ടേ ഈ മല തിരിച്ചിറങ്ങു എന്നുള്ള ഒരു പ്രതിജ്ഞ ആദ്യമേ ഉണ്ടായിരുന്നു. ഓരോ പടി കയറുമ്പോഴും ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും അതിന്റെ മുകളിലേക്ക് എത്തി ഹിറാ ഗുഹ കാണണം എന്നുള്ള ആകാംഷയാണ് മലകയറാൻ കൂടുതൽ ഊർജ്ജം നൽകിയത്. പല ആളുകളും അഞ്ഞൂറോളം പടികളും കയറിയിട്ട് പിന്നീട് തിരിച്ചു പോകുന്ന ഒരു അവസ്ഥയിലാണ് അവരെ കണ്ടത്. ഓരോരുത്തരുടെ കയ്യിലും ഓരോ കവറുകളിലായിട്ട് വെള്ളവും എനർജി ഡ്രിങ്കുകളും മറ്റു ഭക്ഷണങ്ങളും കാണുന്നുണ്ട്. ഞങ്ങളുടെ കൈയിലും ഇതുപോലെ ഉണ്ട് പക്ഷേ എനർജി ഡ്രിങ്കിന്റെ ഒരു കുറവുണ്ട്.

പടികൾ ഓരോന്നും കയറുമ്പോഴും പലഭാഗങ്ങളിൽ ആയിട്ട് പടികൾ കയറി ക്ഷീണിക്കുന്നവർക്കായി വിശ്രമിക്കാനായി ഒരു സജ്ജീകരണവും അവിടെയുണ്ട്. പക്ഷേ അതിന്റെ ആവശ്യം ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല അവിടെ ഇരിക്കുന്നതിനുപകരം പല പാറകളിൽ ആയിട്ടാണ് ഞങ്ങളൊരുരുത്തരും ഇരുന്നത്. മുകളിലേക്ക് നോക്കുമ്പോൾ എത്താറായി എന്ന് പലപ്പോഴും തോന്നും. അത് വെറും തോന്നൽ മാത്രമാണ്. വിക്കിപീഡിയ നോക്കിയപ്പോഴാണ് ഇതിനു എത്ര പടികൾ ഉണ്ട് എന്ന് മനസ്സിലായത്. എന്നാൽ പ്രവാചകൻ ഈ മലയിൽ ഒരു പടി പോലും ഇല്ലാതെ അല്ലേ കയറിയത്. അതും ദിവസേന രണ്ടും മൂന്നും തവണ. ഒരു പ്രാവശ്യം തന്നെ കയറാൻ നമ്മളോരോരുത്തരും പടികൾ ഉണ്ടായിട്ടുപോലും കയറാൻ വളരെ ഏറെ കഷ്ടപ്പെടുന്നു.പർവ്വതത്തിൽ ക്ഷീണിക്കുന്നവർക്ക് കുടിക്കാൻ വേണ്ടിയുള്ള ചില ഷോപ്പ് അവിടെ കാണാം ഷോപ്പ് എന്ന് പറഞ്ഞാൽ വളരെ ചെറുത് അത്യാവശ്യമായ കാര്യങ്ങൾ മാത്രം കിട്ടുന്ന (അതായത് കുടിക്കാനും കഴിക്കാനും) മാത്രമുള്ള ഒന്ന്.

എന്നേക്കാൾ വേഗത്തിൽ എന്റെ ഏറ്റവും ഇളയ അനിയൻ പാഞ്ഞുകയറുന്നുണ്ടായിരുന്നു. താഴേയ്ക്ക് നോക്കുമ്പോൾ ഉമ്മയും ഉപ്പയും എത്രയോ താഴെയായിട്ട് വളരെ മെല്ലെ കയറി വരുന്നുണ്ട്. ഉമ്മ ഉണ്ടായതുകൊണ്ടാണ് ഉപ്പ ഇത്രയും പതുക്കെ വരുന്നത്. എത്രയോ തവണ ഹിറാഗുഹ കയറി ഇറങ്ങിയ ആളാണ്‌ എന്റെ ഉപ്പ.ഉപ്പ ക്ക് ഇതൊക്കെ എന്ത്. അങ്ങനെ നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിൽ നങ്ങൾ മലയുടെ ഏറ്റവും മുകളിലെത്തി പക്ഷേ ഹിറാഗുഹകണ്ടില്ല. പക്ഷേ മുകളിൽ നിന്ന് നോക്കുമ്പോൾ ഗംഭീരമായ കാഴ്ചകൾ കണ്ടു. ആ മുകളിൽ നിന്നും അല്പം താഴോട്ട് ആയിട്ടാണ് ഹിറാഗുഹ നിൽക്കുന്നത് കുറച്ചു പടികൾ കൂടെ താഴേക്കിറങ്ങി പാറകളുടെ ഇടങ്ങളിലൂടെ ഇഴഞ്ഞു നീങ്ങി. അവസാനം അവിടെ എത്തി 30 മുതൽ 45 മിനിറ്റ് വരെ ഏകദേശം സമയമെടുത്തു കാണും അവിടെ എത്താൻ. പക്ഷേ അവിടെ എത്തിയപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആഹ്ലാദം. കയറിയ പടികളും കയറാനുള്ള പരിശ്രമവും ക്ഷീണവും വേദനയും എല്ലാം ഹിറാഗുഹ കണ്ട തോടുകൂടി എന്നിൽ നിന്നും മാഞ്ഞു പോയി. ഹിറാ ഗുഹ എത്തിയിട്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ഉമ്മയും ഉപ്പയും അനിയന്മാരും അവിടെ എത്തിയിരുന്നു.

അങ്ങനെ ചരിത്രത്തിൽ മാത്രം കേട്ടതും. പാഠപുസ്തകങ്ങളിലായി മാത്രം കണ്ടതും. പഠിപ്പിച്ചു കൊടുത്തതും ഇന്നിതാ എന്റെ നയനങ്ങൾക്ക് മുന്നിൽ. എന്റെ ദൃഷ്ടി ഹിറാ ഗുഹയിൽ മാത്രമൊതുങ്ങുന്നതായിരുന്നു. എങ്ങനെ ദിവസത്തിൽ ഇത്രയും തവണ പ്രവാചകൻ കയറി എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്? അതിനുള്ള വലിയ ഉത്തരം നമ്മളും ഇതിൽ കയറി എന്നുള്ളതാണ്. പടികളും ഒന്നുമില്ലാതെ ആണെങ്കിൽ ഇതിൽ നമ്മളോരോരുത്തരും കയറാൻ അതിയായി കഷ്ടപ്പെടുമായിരുന്നു. പല ദേശത്തുമുള്ളവരെ പല വേഷങ്ങളിൽ ആയി എനിക്കവിടെ കാണാൻ സാധിച്ചു. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഭാഷ മനസ്സിലാകുന്നില്ലെങ്കിലും ഓരോരുത്തരെ കാണുമ്പോഴും പല ആളുകളും സലാംപറയുന്നുണ്ടായിരുന്നു. ആ സമയത്ത് മുഖത്ത് ഒരു പുഞ്ചിരിയും പ്രത്യക്ഷമായിരുന്നു. മുകളിൽ നിന്നും ഹിറാ ഗുഹയിലേക്ക് നോക്കുമ്പോഴുള്ള ഭംഗി അത് കാണേണ്ടത് തന്നെയാണ്. ഹിറാ ഗുഹയുടെ മുന്നിൽ നിന്നും ഇറാഗുഹ യിൽ നിന്നും ആയിട്ട് ആളുകൾ നമസ്കരിക്കുന്നുണ്ടായിരുന്നു. പക്ഷേ അങ്ങനെയൊരു നമസ്കാരം ഞാൻ പഠിച്ചിട്ടില്ല. അങ്ങനെയൊരു നമസ്കാരത്തെ പറ്റി കേട്ടിട്ടുപോലുമില്ല. പിന്നീട് പാറയുടെ മുകളിൽ നിന്നായി ഒരുപാട് കുരങ്ങന്മാർ ചാടി വരുകയും ആളുകളുടെ കയ്യിൽ ഉള്ള ഭക്ഷണം തട്ടിപ്പറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ബാഗ് കയ്യിൽ മുറുക്കി പിടിക്കുകയോ അല്ലെങ്കിൽ തോളിൽ ഇടുകയോ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെ ഹിറാഗുഹ കാണുക എന്ന ലക്ഷ്യം പൂർത്തിയാക്കി ജബലുന്നൂർ പർവ്വതത്തിൽ നിന്നും തിരിച്ചിറങ്ങി ഇറങ്ങാൻ വലിയ ബുദ്ധിമുട്ട് ഇല്ലായിരുന്നു. കയറലും ഇറങ്ങലും കൂടി ഏകദേശം ഒന്നര മണിക്കൂർ സമയം മാത്രമേ എടുത്തുള്ളൂ. ഇറങ്ങുന്ന വഴിക്ക് ഏറ്റവും ചെറിയ അനിയന് കാലിന് നല്ല വേദന അനുഭവപ്പെട്ടു പിനീട് ഇടക്കിടക്കായി അവനെയും താങ്ങിയായിരുന്നു എന്റെ ഇറക്കം കഷ്ടിച്ച് 20 മിനിറ്റ് അതിനുള്ളിൽ താഴെ എത്തി.

Leave a Reply

Your email address will not be published. Required fields are marked *