മനുഷ്യൻ സാമൂഹ്യജീവിയാണ്. സമൂഹത്തിൽ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോൾ ഓരോ വ്യക്തിയും സമൂഹത്തിനു വേണ്ടി ചെയ്യേണ്ട ചില ബാധ്യതകളുണ്ട്. സമൂഹത്തിൽ നിന്ന് വ്യക്തിക്ക് ലഭിക്കേണ്ട അവകാശങ്ങളും ഉണ്ട്. ഓരോരുത്തരും ബാധ്യതകൾ നിറവേറ്റിയും അവകാശങ്ങൾ അനുഭവിച്ചും ജീവിക്കുമ്പോൾ സ്വസ്ഥതയും സമാധാനവും ആ സമൂഹത്തിൽ നിലനിൽക്കുന്നു.
ഇസ്‌ലാമിലെ മനുഷ്യവകാശങ്ങളെ കുറിച്ച് പറയുമ്പോൾ മനുഷ്യന് ജീവിക്കാനും ബഹുമാനിക്കാനുമുള്ള അവകാശമാണ് പ്രധാനമായ അവകാശം.
ലോകത്ത് ആദ്യമായി മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത് പ്രവാചകൻ മുഹമ്മദ് നബി(സ) യാണ്. ഹിജ്റ 9-ാം വർഷം ഹജ്ജ് വേളയിൽ നടത്തിയ അറഫാ പ്രസംഗമായിരുന്നു അത്. ഖുർആൻ ഉയർത്തിക്കാട്ടിയ മനുഷ്യസമത്വത്തെ കുറിച്ചായിരുന്നു പ്രസംഗം. “അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ ശ്രേഷ്ഠതയില്ല. വെളുത്തന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ ശ്രേഷ്ഠതയില്ല.” ചരിത്രത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ മനുഷ്യാവകാശ പ്രഖ്യാപനമാണിത്.
മനുഷ്യർ എല്ലാവരും ഒരേ മാതാപിതാക്കളുടെ സന്തതികളാണ്. അതിനാല്‍ അവർ എല്ലാവരും തുല്യരാണ്. വർഗീയതക്കോ,വിവേചനത്തിനോ സ്ഥാനമില്ല. അവർ പരസ്പരം തിരിച്ചറിയാനും മനസ്സിലാക്കാനും വേണ്ടി വിത്യസ്ത വിഭാഗങ്ങളായെന്നും ഖുർആൻ പറയുന്നു. “മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള അന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിൻറെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ കൂടുതൽ ധർമ്മനിഷ്ഠ പാലിക്കുന്നവനാണ്.”
മതസ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശമാണ്. അതുകൊണ്ട് മനുഷ്യ ചരിത്രത്തിൽ ആദ്യമായി ‘മതകാര്യങ്ങളിൽ ബലപ്രയോഗം പാടില്ല’ എന്ന് ഖുർആൻ പ്രഖ്യാപിച്ചു. ഏതൊരാള്‍ക്കും തനിക്കിഷ്ടമുള്ള വിശ്വാസം അംഗീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഇസ്‌ലാം വകവെച്ചുകൊടുക്കുന്നുണ്ട്.
ഇസ്‌ലാമിക വീക്ഷണത്തിൽ മനുഷ്യന്‍ ആദരണീയനാണ്.
ഒരൊറ്റ മനുഷ്യനെ കൊല്ലുന്നത് പോലും മുഴുവൻ മനുഷ്യരെയും കൊലപ്പെടുത്തുന്നതിന് തുല്യമായി കണക്കാക്കുന്ന തരത്തിൽ ഇസ്‌ലാമിലെ മനുഷ്യജീവിതം വളരെ ഉയർന്നതാണ്. സാമൂഹ്യനീതിയെ ഇസ്‌ലാം മനുഷ്യന്റെ മൗലികാവകാശമായാണ് കാണുന്നത്. അതിനാല്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വെള്ളം, വെളിച്ചം എന്നിവ എല്ലാ മനുഷ്യരുടെയും അവകാശമാണ്. നിയമവും നീതിയും എല്ലാവര്‍ക്കും ഒരുപോലെ കിട്ടിയിരിക്കണമെന്നതും ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മനുഷ്യാവകാശങ്ങളില്‍പ്പെടുന്നു. ഈ കാര്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഖുർആൻ പറയുന്നു. “വിശ്വാസിളെ, നിങ്ങൾ അല്ലാഹുവിന് വേണ്ടി സത്യത്തിനും നീതിക്കും സാക്ഷിളായിരിക്കുവിൻ.”
എല്ലാ മനുഷ്യരുടെയും മൗലികാവകാശങ്ങളെ മാനിക്കുവാൻ പഠിപ്പിക്കുന്ന മാർഗനിർദേശത്തിന്റെ ശക്തമായ ദർശനമാണ് ഇസ്ലാം. ഈ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും നമ്മുടെ സമൂഹങ്ങളിൽ നീതിയും സമത്വവും ഉയർത്തിപ്പിടിക്കകയും ചെയ്യേണ്ടത് മനുഷ്യൻ എന്ന നിലയിൽ നമ്മുടെ ബാധ്യതയാണ്.