താൻ ഐക്യം കൊയ്ത
മണ്ണിലേക്ക്
പ്രതീക്ഷയുടെ
പുതുനാമ്പുകളുമായി
ഗാന്ധി നടന്നു നീങ്ങി
വരവേറ്റത്
വർഗീയ വിഷം തീണ്ടിയ
ഭാരതം
സാഹോദര്യത്തിന്റെ
ഇമയനക്കങ്ങൾ തൂകിയ
അനുകമ്പ വൃക്ഷങ്ങളെവിടെ ?
അഹിംസ പുലർന്ന
മണ്ണിൽ
വർഗീയതയുടെ ബുൾഡോസർ
കരം പൂഴ്ത്തിയത്
ഹിംസ പുരട്ടാനോ?
മണിപ്പൂരടുപ്പിൽ
കുക്കികളെ വിറകാക്കിയത്
ഭരണം പാകം ചെയ്യാനാണോ?
ആമുഖത്തിലെ ജനാധിപത്യം
കട്ടെടുത്തതും
മതേതരത്വം മായ്ച്ചതും
ഹിന്ദുരാഷ്ട്ര
വികസനത്തിനോ?
‘മുസാഫറി’ൽ
വിദ്യാർത്ഥിയുടെ കവിളിൽ
അദ്ധ്യാപിക
വർഗീയതയുടെ വിരലടയാളം
പതിപ്പിച്ചുവോ?
എന്ത്?
എൻ മണ്ണിൽ
ബിൽക്കിസ് ബാനുകൾ
അനീതിയുടെ
കരവലയത്തിലാണെന്നോ?
ഈറനണിഞ്ഞ്
ഗതകാലം ഹൃത്തിലേക്ക്
ചികഞ്ഞിട്ടു കൊണ്ട്
ഗാന്ധി
നടന്നകന്നു