ഹ്യൂമാനിറ്റീസ്; സാധ്യതകളും അവസരങ്ങളും

225
1

“അയ്യേ.. നീ ഹ്യൂമാനിറ്റീസ് ആണോ എടുക്കുന്നേ.. അതൊക്കെ മണ്ടന്മാരുടെവിഷയമാണ്” “വേഗം കല്യാണം കഴിച്ച് പോവാനാണല്ലോ നിങ്ങളൊക്കെ ഹ്യൂമാനിറ്റീസ് എടുത്തത്” പത്താം ക്ലാസ്സ് കഴിഞ്ഞ് ഹ്യൂമാനിറ്റീസ് മുഖ്യ വിഷയമായി എടുത്തവരും, എടുത്തു കഴിഞ്ഞവരും, എടുക്കാൻ പോവുന്നവരുമെല്ലാം കേൾക്കേണ്ടി വരുന്ന സ്ഥിരം ഡയലോഗുകളാണിതൊക്കെ.. എന്താണ് യാഥാർഥ്യം? ഹ്യൂമാനിറ്റീസ് മേഖലയുടെ സാധ്യതകളും അതിലെ കരിയർ മേഖലകളും നമുക്കൊന്ന് പരിശോധിക്കാം.

2023 ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം സിവിൽ സർവീസ് പരീക്ഷ വിജയിച്ച 63.6% വിദ്യാർഥികൾ അവരുടെ ഡൊമൈൻ വിഷയമായി തിരഞ്ഞെടുത്തത് പൊളിറ്റിക്കൽ സയൻസ്, ഇന്റർനാഷണൽ റിലേഷൻസ്,സോഷ്യോളജി പോലുള്ള ഹ്യൂമാനിറ്റീസ് വിഷയങ്ങളാണ്. ഇതിൽ നിന്ന് IAS, IPS, IFS, IRS പോലുള്ള ഇന്ത്യയിലെ പരമോന്നത തൊഴിൽ മേഖലകളിൽ എത്തിച്ചേരാൻ ഹ്യൂമാനിറ്റീസ് ഏറെ സഹായകരമാണ് എന്ന് മനസ്സിലാക്കാം.

വിദ്യാഭ്യാസരംഗത്ത് അധ്യാപകരായും, അക്കാഡമിക് ഗവേഷകനായും, എഡ്യുക്കേഷണൽ അഡ്മിനിസ്ട്രേറ്ററായുമെല്ലാം ജോലി സാധ്യത ഏറെയാണ്. മീഡിയ, എഴുത്ത്, പ്രസിദ്ധീകരണ മേഖലയിൽ സാധ്യതകൾ ഒരുപാടുണ്ട്. എഡിറ്റർ, ജേർണലിസ്റ്റ്, കോപ്പി റൈറ്റിംഗ്, പബ്ലിഷർ എന്നിവയെല്ലാം ഈ രംഗത്തെ തൊഴിലുകളാണ്.

നിയമപഠനവും നിയമസേവനവുമെല്ലാം മറ്റൊരു പ്രമുഖ സാധ്യതാമേഖലയാണ്. അഭിഭാഷകനായും, നിയമ ഉപദേഷ്ടാവുമായൊക്കെ അനന്തമായ തൊഴിൽ സാധ്യതകളുള്ള ഒന്നാണിത്. ഹ്യൂമൻ റിസോഴ്സ് & ഓർഗനൈസേഷനൽ ഡെവലപ്‌മെന്റ് (Human resource & Organizational development) മേഖലയിൽ HR മാനേജർ, HR ട്രെയ്നർ, ടാലന്റ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ആയെല്ലാം ജോലി ചെയ്യാവുന്നതാണ്.

ആർട്‌സ് & കൾച്ചറൽ മാനേജ്മെന്റ് (Arts & Cultural Management) രംഗത്ത് മ്യൂസിയം ക്യൂറേറ്റർ, ആർട്‌സ് ഗാലറി മാനേജർ, കൾച്ചറൽ ഹെറിറ്റേജ് മാനേജർ, ആർട്‌സ് അഡ്മിനിസ്ട്രേറ്റർ എന്നീ തൊഴിലുകൾ ലഭ്യമാണ്. ആഗോളതലത്തിൽ IRS (International Relations Specialist), FSO (Foreign Service Officer), പോളിസി അഡ്വൈസർ എന്നീ തൊഴിൽ മേഖലകൾ ഉയർന്ന ശമ്പളമുള്ള മികച്ച ജോലിസാധ്യതകളാണ്.

നിലവിൽ ഉള്ളതും ഇനിയും ഉയർന്നുവരുന്നതുമായ ഒരുപാട് കരിയർ സാധ്യതകൾ ഹ്യൂമാനിറ്റീസ് മേഖലയിലുണ്ട്. ഡിജിറ്റൽ മീഡിയ, ആഗോളവത്കരണത്തിന്റെയുമെല്ലാം സ്വാധീനം ഈ മേഖലയെ മികവുറ്റതാക്കുന്നു. ഏത് വിഷയമെടുത്താലും , ഏറ്റവും മികച്ച പഠനം കാഴ്ചവെച്ചു മുന്നേറിയാൽ അതിൽ നമുക്ക് അനന്തമായ സാധ്യതകളുടെ വാതിൽ തുറക്കപ്പെടും. ഒരു വിഷയം മോശമെന്നോ, മറ്റൊരു വിഷയം മികച്ചതെന്നോ ഇല്ല. നമ്മുടെ അഭിരുചി മനസ്സിലാക്കി ഇഷ്ട വിഷയം തിരഞ്ഞെടുത്ത് പഠിക്കുക, മുന്നേറുക, വിജയിക്കുക!

Leave a Reply

Your email address will not be published. Required fields are marked *

One thought on “ഹ്യൂമാനിറ്റീസ്; സാധ്യതകളും അവസരങ്ങളും

  1. Thank you, your article surprised me, there is such an excellent point of view. Thank you for sharing, I learned a lot.