ഏഴാം തരം മുതൽ കൂടെ പഠിച്ചിരുന്ന ഒരുത്തനുണ്ടായിരുന്നു. അവന്റെ ഉപ്പ ഏഴിലായന്ന് മരിച്ചിരുന്നു. ഞങ്ങൾ നല്ല കൂട്ടുകാരായിരുന്നെങ്കിലും പലപ്പഴും ഇണങ്ങലും പിണങ്ങലും പതിവുള്ളതായിരുന്നു. കാരണം മറ്റൊന്നും കൊണ്ടല്ല, അവനെന്റെ കൂടെയുണ്ടായിരിക്കുമ്പോഴൊക്കെയും അവൻ പറയുന്ന ഓരോ വാക്കും ഓപ്പറേഷൻ നടത്തി ഏവിടെയൊക്കെ കളിയാക്കാനുളള പഴുതുണ്ടോ അതെല്ലാം ഉപയോഗപ്പെടുത്തി ചവിട്ടിക്കുഴക്കാനുള്ള അവസരങ്ങളെ പാഴാക്കാറില്ലാ എന്നതുകൊണ്ട് തന്നെയായിരുന്നു ആ പിണക്കളൊക്കെയും.
അപ്പൊഴൊക്കെയും അവൻ കണ്ണൊന്ന് ചെറുതായി അടച്ച് നാവിന്റെ തുമ്പ് ചെറുതായി പുറത്തേക്കിട്ട് ഒന്ന് കടിച്ചു പിടിച്ച് പല്ലെല്ലാം കാണിച്ച് ഒന്നു ചിരിക്കും . കൂടെത്തന്നെ വലതു കൈ കൊണ്ട് ഒന്ന് ഓങ്ങുന്നതായും കാണിക്കും.
ഞാനതു കണ്ട് ആസ്വദിച്ചു ചിരിക്കും.ഏറെ നേരം പൊരുതി ഇരയെ കീഴ്പ്പെടുത്തിയവനെപ്പോലെ . അന്നൊക്കെ ഞാനാ പല്ലുകാട്ടലിനെ ചിരിയെന്ന് വിളിച്ചിരുന്നെങ്കിലും ഇന്നതോർക്കുമ്പോൾ അതൊക്കെയും അപ്പോഴവനനുഭവിച്ചിരുന്ന വേദനകളെ പ്രകടിപ്പിക്കാൻ സാധിക്കാതെ (അല്ല, അവനതറിയില്ല)നിസ്സഹായതയാലുള്ള മുഖം കോട്ടലായിരുന്നു അതെന്ന് തോന്നുന്നു.
അന്നൊക്കെ പിന്നെ രണ്ടു ദിവസം പരസ്പരം മിണ്ടാട്ടമുണ്ടാവില്ല. പിന്നെ പിന്നെ വീണ്ടും പരസ്പരം മറന്ന് കൂട്ടാവും.
സ്കൂൾ കാലഘട്ടം മുഴുക്കെയും ഞാനാ വികൃതി ആവർത്തിച്ചു പോന്നു.
പിന്നെപ്പിന്നെ പത്താം തരം അവസാനമായ സമയത്ത് ഒരു ദിവസം എന്തോ ഒരു ബോധോദയം എന്ന പോലെ അവനെ ചെന്ന് കണ്ടു ” നിന്നെ ഞാനൊരുപാട് കളിയാക്കീണ്ട്ട്ടോ , ജ്ജ് പൊരുത്തപ്പെട്ടാളാട്ടാ ” എന്ന് പറഞ്ഞു.
അവൻ പ്രത്യേകിച്ചൊരു പുതുമയൊന്നും കാണിക്കാതെ കുറച്ച് നിരസത്തേടെ പറഞ്ഞു: ” ജ്ജ് തൽക്കാലം ഇപ്പോ പൊരുത്തപ്പെടീക്കണ്ട. അവസാന ദിവസം പറയാ. അനക്ക് ഞ്ഞും ണ്ടാവല്ലൊ കളിയാക്കാൻ .”
ഞൊടിയിടയിൽ എനിക്കേറ്റൊരു പ്രഹരമായിന്നു അത്.ഞാൻ വല്ലാതെ ഭയന്നു പോയി. എന്തു പറയണമെന്നറിയാതെ കുഴങ്ങി.അവനെത്ര വേദന സഹിച്ചിരിക്കും എന്റെ ആ കളിയാക്കലുകളിൽ.
യഥാർത്ഥത്തിൽ അപ്പഴാണ് ഞാൻ അലോജിക്കുന്നത് അന്നൊക്കെയും ഞാൻ കളിയാക്കുമ്പൊ എന്തൊരു അവസ്ഥയിലൂടെയായിരിക്കും അവൻ കടന്നുപോയിരിക്കുക എന്ന് . ആ ചിരികളൊക്കെയും അവയെ മറച്ചുപിടിക്കാനുള്ള മറകളായിരുന്നെന്ന് .
അന്നൊക്കെയും ബെഞ്ചിൽ കൈ മടക്കിക്കെട്ടി അതിൽ തല പൂത്തിയിരുന്നത് ആരും കാണാതെ ആ തളം കെട്ടിനിന്ന സങ്കടത്തെ ഒഴുക്കിക്കളയാനായിരുന്നോ . അതിനായിരുന്നോ അവനാ ബെഞ്ചിൽ ചുമരിനോടടുത്ത അറ്റത്ത് തന്നെ ഇരുന്നിരുന്നത്….ആ… അറിയില്ല…. നമ്മളൊക്കെ ദിനേന പരിചിതരും അപരിചിതരുമായ എത്രയെത്ര മനുഷ്യരുമായി ഇടപെടുന്നവരാണ്.നമ്മുടെ കൂടുകാരാവട്ടെ വീട്ടുകാരാവട്ടെ അങ്ങനെയങ്ങനെ നമ്മൾ ഇടപഴകുന്ന ആരുമാവട്ടെ അവരുമായെല്ലാം ബന്ധപ്പെടുന്ന വേളകളിൽ വാക്കുകളെ അവയുടെ പരിണിതമെന്തായിരിക്കുമെന്ന് ചിന്തിച്ചു കൊണ്ടാണോ നമ്മളൊക്കെ മൊഴിയാറുള്ളത്.
ശരിക്കും നമ്മുടെയൊക്കെ ഓരോ വാക്കുകളും എത്രയെത്ര ആളുകളുടെ ഹൃദയങ്ങളെ കീറിമുറിച്ചിരിക്കും.ആ കൂട്ടുകാരനെപ്പോലെ തിരിച്ചൊന്നും ഉരിയാടാനാവാതെ നിസ്സഹായനായി പുറമെ ചിരിച്ച് വേദനകളെ കടിച്ചിറക്കിയവരെത്രയുണ്ടാവും. നമ്മൾ വാക്കുകളെറിഞ്ഞ് പാരുതി ജയമുറപ്പിക്കുമ്പൊ എത്ര പാവം മനുഷ്യരുടെ അഭിമാനം ഉരിഞ്ഞുപോയിട്ടുണ്ടാവും.
യഥാർത്ഥത്തിൽ നാമെല്ലാം വലിയ പ്രാധാന്യത്തോടെ തിരിച്ചറിയേണ്ടുന്ന കാര്യമല്ലെ വാക്കുകളുടെ ഉപയോഗ രീതിശാസ്ത്രമെന്നുള്ളത്. നമ്മുടെ പൂർവ്വ സൂരികളായ മഹാൻമാർ അവരൊക്കെയും നാവെന്ന ഈ അവയവത്തെ പിടിച്ചു കെട്ടിയവരായിരുന്നു. അതിന്റെ ഗുണ ദോശങ്ങളെ വേർത്തിരിച്ച് മനസ്സിലാക്കി പ്രയോഗിച്ചവരായിരുന്നു. അവരുടെയെല്ലാം ഉന്നമനങ്ങളുടെയെല്ലാം തുടക്കമെന്നത് നാവിനെ പിടിച്ചു കെട്ടിയതായിരുന്നു. അതാണ് നബി(സ്വ) പറഞ്ഞത് ” അള്ളാവിലും അന്ത്യനാളിലും വിശ്വസിക്കുന്നവൻ നൻമയെ മാത്രം പറയട്ടെ അല്ലങ്കിൽ മിണ്ടാതിരിക്കട്ടെ” എന്ന്. അബൂബക്കർ (റ) വിന്റെ ചരിത്രത്തിൽ കാണാം അവർ സദാ സമയം വായയിൽ ഒരു കല്ല് ഇട്ടുവെക്കുമായിരുന്നെന്ന് .
അതെ, എന്തിനെന്നല്ലേ സംസാരിക്കുമ്പോ എടുത്തു ചാടി ഒന്നും പറയാതിരിക്കാൻ. വാക്കുകൾ അന്യനെ മുറിപ്പെടുത്താതിരിക്കാൻ . അവിവേകങ്ങളൊന്നു പറയാതിരിക്കാൻ.
വായയിൽ നിന്ന് ആ കല്ല് എടുത്തു മാറ്റുന്ന സമയമെങ്കിലും ആലോചിച്ചുറപ്പിച്ചിട്ട് മൊഴിയാൻ.
ഒരിക്കൽ അബൂമൂസൽ അശ്അരി (റ) നബി (സ്വ)യോട് ചോദിച്ചു: ” ഏറ്റവും ഉത്തമനായ വിശ്വാസി ആരാണ് നബിയെ ?”, അവിടുന്ന് പറഞ്ഞു: “വിശ്വാസികൾ അവന്റെ കയ്യിനെത്തൊട്ടും നാവിനെത്തൊട്ടും രക്ഷപ്പെട്ടിരിക്കുന്നു അങ്ങനെയുള്ള വിശ്വാസിയാണ് ഏറ്റവും ഉത്തമൻ .
മറ്റൊരിക്കൽ ഒരു സ്വാഹാബി നബി (സ്വ)യോട് ചോദിച്ചു: ” ശരീരത്തിലെ ഏറ്റവും ഉത്തമമായ അവയവം ഏതാണു നബിയേ, അവിടുന്ന്പറഞ്ഞു: ” ഹൃദയവും നാവുമാണത് “.
വീണ്ടും ആ സ്വഹാബി ചോദിച്ചു: “ഏറ്റവും മോശപ്പെട്ട അവയവമോ?”
അപ്പഴും നബി (സ്വ) പറഞ്ഞത് ” ഹ്യദയവും നാവും ” എന്നാണ്.
അഥവാ ഒരു മനുഷ്യനെ നന്മയുടെ ഉത്തുംഗസ്വാപനത്തിലേക്ക് നയിക്കാനും ഏറ്റവും വലിയ അതപ്പതനത്തിലേക്കെത്തിക്കാനും നാവിന്ന് സാധിക്കും.
അതുകൊണ്ടാണ് ശാഫി ഇമാം (റ) പാടിയത്
” ഓ മനുഷ്യാ നീ നിന്റെ നാവിനെ പിടിച്ചു കെട്ടൂ
ഘോര സർപ്പമാണത് തീർച്ചയായും അത് നിന്നെ കടിക്കാതിരിക്കട്ടെ”.