ഇന്നത്തെ കാലത്ത് കണ്ണിമ വെട്ടും വേഗത്തിൽ കുതിച്ചുയരുന്ന സാങ്കേതിക വിദ്യയുടെ വളർച്ചക്ക് സമാനമായി കൊണ്ട് തന്നെയാണ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെണികളുടെ വളർച്ചയും. ഈ കെണികളുമായി ബന്ധപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും തന്നെ ഇതിനെതിരെ പ്രതിരോധിക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണം എന്നതിനെ പറ്റി പലപ്പോഴായി നമ്മൾ കേട്ടതാണ്. എന്നാൽ ഇവയെപ്പറ്റിയുള്ള ബോധവും അറിവും ഉണ്ടെങ്കിലും ഇതിലേക്ക് വീഴാനുള്ള പ്രധാന കാരണം മനുഷ്യ വികാരങ്ങളാണ്. പ്രത്യേകിച്ച് ഫൈനാൻഷ്യൽ ഇടപാടുകൾ ആയി ബന്ധപ്പെട്ടുള്ള കെണികളിൽ.

ഈ വാഗ്ദാനങ്ങളിലെ സത്യാവസ്ഥ മനസ്സിലാക്കാനുള്ള ആദ്യത്തെ ചവിട്ടുപടി എന്നോണം നമ്മൾ ഇൻസ്റ്റന്റ് ആയി യുക്തി ഉപയോഗിച്ചുള്ള വഴിയാണ് തേടേണ്ടത്. നല്ലത് വളരെയധികം നന്നായാൽ ആ നല്ലതിൽ എന്തോ ഒരു പന്തികേട് ഇല്ലേ എന്നൊരു തോന്നൽ നമ്മളിൽ ഉയരണം.
നമ്മളിലേക്ക് വരുന്ന ഓരോ ഫോർവേഡ് മെസ്സേജുകളും, കോളുകളും, ഇ-മെയിലുകളും കാണുമ്പോൾ ഒരു നിമിഷം നിശ്ചലമായി കൊണ്ട് ഇവയെല്ലാം ശരിക്കും സാധ്യമാണോ?
ഇത്ര വേഗത്തിൽ?
ഇത്ര എളുപ്പത്തിൽ?
കണ്ടീഷൻസ് എന്തെല്ലാം?
വിവരങ്ങൾ ശരിയാണോ?
ഇതിൻറെ ഉറവിടം വ്യക്തമാണോ?
വെബ്സൈറ്റ് സ്ഥിതീകരിച്ചതാണോ?
റിസ്ക്-റിവാർഡ് അനുപാതികം പാലിക്കുന്നുണ്ടോ?
എന്നിങ്ങനെ സന്ദർഭം അനുസരിച്ച് ചാടിയെടുത്തുള്ള തീരുമാനങ്ങളിൽ നിന്ന് മാറിനിന്നുകൊണ്ട് പല രീതിയിലുള്ള ചോദ്യങ്ങൾ സ്വയം ചോദിച്ച് ഉചിതമായ ഒരു അവസാന തീരുമാനത്തിലേക്ക് എത്താൻ നമുക്ക് സാധിക്കണം. ഉദാഹരണത്തിന് ഒരു അജ്ഞാത നമ്പറിൽ നിന്നുള്ള ഒരു വാട്സ്ആപ്പ് മെസ്സേജ് “ലക്കി ഡ്രോ വഴി നിങ്ങൾ FREE IPHONE കരസ്ഥമാക്കി..!”. പക്ഷേ സമ്മാനം ലഭിക്കണമെങ്കിൽ ഒരു രണ്ടായിരം രൂപ “പ്രോസസിങ് ഫീ” ആയി നൽകണം. അപ്പോൾ ആ പണം പെട്ടെന്ന് കൈമാറുന്നതിനു പകരം മേലുദ്ധരിച്ചതുപോലെ സ്വയം ചോദ്യോത്തരം നടത്തി ഒരു നിഗമനത്തിൽ എത്താൻ സാധിക്കണം. ആ മെസ്സേജ് ഉപയോഗിച്ച് മുൻപ് ഇതുപോലെത്തെയോ അതല്ലെങ്കിൽ ഇതിനു സാമ്യമായതോ ആയ രൂപത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന് സോഷ്യൽ മീഡിയ വഴി തന്നെ “ഫാക്റ്റ്-ചെക്ക്” ചെയ്യൽ ഒരു മാർഗമാണ്. ഇത് വെറുമൊരു ഉദാഹരണം മാത്രം ആണ്. കാലക്രമേണ കോലം മാറിവരുന്ന കെണികളിൽ അകപ്പെടാത്തിരികാൻ സാങ്കേതിക വിദ്യയിൽ “അപ്ഡേറ്റ്ഡ്” ആവൽ അനിവാര്യമാണ്. “മിന്നുന്നതെല്ലാം പൊന്നല്ല” എന്ന പഴഞ്ചൊല്ല് കേട്ടു വളർന്ന നമ്മൾക്ക് ഇവിടങ്ങളിലാണ് അത് പ്രായോഗികമാക്കാൻ സാധിക്കേണ്ടത്.