തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ്?

49
0

പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള വനിതാ ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിനിരയാക്കി എന്ന ആരോപണം നേരിടുന്ന മുൻ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) തലവനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ സിംങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നേതൃത്വം നല്‍കുന്ന സമരം രാജ്യ തലസ്ഥാനം പ്രകമ്പനം കൊള്ളിച്ചിരുന്നു. ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ രാജ്യം അപമാന ഭാരത്താല്‍ തല കുനിക്കേണ്ടി വന്നിരിക്കുകയാണ്.

വനിതാ സ്പോര്‍ട്സ് മേഖലയില്‍ നിരന്തരമായി ഉയരുന്ന ലൈംഗികാരോപണങ്ങള്‍ ജോലി സ്ഥലത്തെ സ്ത്രീസുരക്ഷയെപ്പറ്റിയുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. സ്ത്രീകളോടുള്ള അതിക്രമം തടയാൻ നിരവധി നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിലും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇവ പരാജയപ്പെടുന്നു. വിശിഷ്യാ, ജോലി സ്ഥലത്തെ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ടി 2013ല്‍ പ്രാബല്യത്തില്‍ വന്ന Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act നിലവിലുണ്ടായിട്ടും ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളെ തടയിടാൻ സാധിക്കുന്നില്ല. അതിന് പല കാരണങ്ങളുണ്ട്.

പരാതിപരിഹാര സംവിധാനം ഫലപ്രദമല്ല

മേല്‍പ്പറഞ്ഞ നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള ഓഫീസില്‍ ഇന്റേണല്‍ കംപ്ലൈന്റ്സ് കമ്മിറ്റി (ICC) രൂപീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഭൂരിഭാഗം ഓഫീസുകളിലും ഈ കമ്മിറ്റി രൂപീകരിച്ചിട്ടില്ല. ഉദാഹരണത്തിന് 30 ദേശീയ സ്പോര്‍ട്സ് ഫെഡറേഷനില്‍ 16 എണ്ണവും ICC രൂപീകരിച്ചിട്ടില്ല. ഗുസ്തി, ഹാന്‍ഡ്ബോള്‍, വോളിബോള്‍ തുടങ്ങിയ ഫെഡറേഷനുകളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും ഇന്റേണല്‍ കംപ്ലൈന്റ്സ് കമ്മിറ്റി (ICC) രൂപീകരണം ഫലപ്രദമായി നടപ്പാക്കാത്തതിനാല്‍ ഈ പരാതികള്‍ക്ക് നടപടി കൈക്കൊള്ളാന്‍ മാത്രമായി ഒരു പ്രത്യേക ട്രൈബ്യൂണല്‍ (എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍) സ്ഥാപിക്കണമെന്നാണ് ജസ്റ്റിസ് വര്‍മ്മ കമ്മീഷന്റെ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.

വിശ്വാസ്യതക്കുറവ്

നിയമപ്രകാരം സംഭവം നടന്ന് മൂന്നുമാസത്തിനകം കംപ്ലൈന്റ്സ് കമ്മിറ്റിക്ക് (ICC) മുമ്പാകെ പരാതി ഫയല്‍ ചെയ്യണം. എന്നാല്‍ നിയമം കാര്യക്ഷമമല്ലാത്തത് കാരണം അതിക്രമത്തിനിരയായ സ്ത്രീകള്‍ യഥാസമയം സംഭവം റിപ്പോര്‍ട്ട് ചെയ്യാൻ മടിക്കുന്നു.

ജോലി സ്ഥലത്തെ ലൈംഗികാതിക്രമം തടയാനുള്ള നിയമം പ്രാബല്യത്തില്‍ വന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും നിയമം അനുസരിക്കാത്തതില്‍ ഉന്നതനീതിപീഠം അതൃപ്തി രേഖപ്പെടുത്തിയത് ഈയടുത്താണ്. ഇത്തരം നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാനിടയാകുകയും വനിതാ ശാക്തീകരണമെന്ന ലക്ഷ്യം ഒരു മരീചികയായി തുടരുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *