കോലായിലെ ചാരുകസേരയിൽ ഒറ്റ മുണ്ടുടുത്ത് റേഡിയോയിൽ ആകാശവാണിയിലെ വാർത്തയും കേട്ട് കിടക്കുന്ന വാപ്പാപ്പി. “ഇങ്ങക്കിഞ്ഞും അയ്‌ന്റെ മുന്നിന്ന് നീച്ച് പോവാനായീലെ” എന്നും പറഞ്ഞു അടുക്കളയിൽ നിന്ന് പുള്ളിത്തുണിയുടെ അറ്റത്ത് നനഞ്ഞ കയ്യും തുടച്ച് കോലായിലേക്ക് രംഗപ്രവേശനം നടത്തുന്ന മ്മച്ചി. ഓർമകളുടെ നൂലറ്റങ്ങളിൽ കൂടുകൂട്ടിയ മനോഹര ചിത്രങ്ങൾ.
അരയിൽ തിരുകിയ താക്കോൽ കൂട്ടങ്ങളിൽ നിന്ന് ഏറ്റവും ചെറുതിനെ പുറത്തെടുത്തു വാപ്പാപ്പി തെക്കേ മുറിയിലെ മേശ തുറക്കുന്നത് ഞങ്ങൾ പേരക്കുട്ടികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കാൻ പാകത്തിനുള്ള നീക്കമാണ്. വാതിലിന് മറവിൽ നിന്ന് നീണ്ടു വരുന്ന കുഞ്ഞിക്കൈകളിലേക്ക് ചുവപ്പും മഞ്ഞയും നിറത്തിലുള്ള നാരങ്ങാ മിഠായികൾ കിട്ടിക്കഴിഞ്ഞാൽ പിന്നെ അതും കൊണ്ട് ഒരു കൂട്ടയോട്ടമാണ് . സ്കൂൾ ടൂറിന്റെ അന്ന് രാവിലെ മ്മച്ചി കയ്യിലേക്ക് തിരുകി വെച്ച് തരുന്ന ചുരുട്ടി പിടിച്ച നൂറു രൂപയുടെ നോട്ടിനൊപ്പം ഒരു ചെറുപുഞ്ചിരി ആ മുഖത്ത് സ്ഥാനം പിടിച്ചിട്ടുണ്ടാകും. എന്നിട്ടൊരു പറച്ചിലും “ഇജ്ജ് പോയാഞ്ഞിപ്പൊ രണ്ടീസ്ത്ത്ന് ഇവടൊരു ഒച്ചിം അനക്കും ഒന്നുണ്ടാവൂലാ” ന്ന്.അത് കേൾക്കുമ്പോ ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന ഓളം ഓർത്തു തെല്ലൊരു അഹങ്കാരം തോന്നുമെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ ഇനി അവരെക്കാണൂ എന്നൊരു ചെറിയ സങ്കടം നിഴലിക്കും.
അങ്കണവാടിയിലെ കമ്പിജനാലയിലൂടെ പുറത്തേക്ക് നോക്കി വാപ്പാപ്പിന്റെ വരവും കാത്തിരിക്കുന്ന ഒരു കൊച്ചുകുട്ടി. ദൂരെ നിന്നും നിഴല് പോലെ വാപ്പാപ്പി നടന്ന് വരുന്നത് കാണുമ്പോ ബാഗും തോളിലിട്ട് “ടീച്ചറേ, ന്റെ വാപ്പാപ്പി വന്ന് ” ന്നും പറഞ്ഞു പുറത്തേക്ക് ഒറ്റ ഓട്ടമാണ്. അന്നത്തെ കഥകൾ മുഴുവൻ നടവഴിയിലൂടെ വാപ്പാപ്പിന്റെ കയ്യും പിടിച്ചു പോരുമ്പോ പറഞ്ഞ് തീർത്തിട്ടുണ്ടാകും. അത്യാവശ്യം നല്ല രീതിയിൽ കുരുത്തക്കേടും കൊണ്ട് നടന്നിരുന്നത് കൊണ്ട് ഉമ്മാന്റെ തള്ളക്കൈലിന് വിശ്രമം നന്നേ കുറവായിരുന്നു. ഓരോ തവണയും ചെറുതല്ലാത്ത രീതിയിൽ എന്തെങ്കിലും ഒപ്പിച്ചു വെച്ചാലും ആകെയുള്ള ധൈര്യം മ്മച്ചിയാണ്. പിറകിലൂടെ ഓടിച്ചെന്ന് മുറുക്കെ ഒന്ന് കെട്ടിപ്പിടിച്ചാൽ മതി . ബാക്കിയൊക്കെ പിന്നെ മ്മച്ചി നോക്കിക്കോളും.
വാപ്പാപ്പിന്റെ കഷണ്ടിയെ കുറിച്ചും, മുന്നിലെ നിരയിലെ പോയ പല്ലുകളെ കുറിച്ചും ഞാൻ ഇണ്ടാക്കി പാട്ടുകൾ പാടുമ്പോ പുഞ്ചിരിയോടെ എന്റെ എല്ലാ പൊട്ടത്തരങ്ങൾക്കും കൂട്ട് നിന്ന് തരുമായിരുന്നു വാപ്പാപ്പി. ചോറ് കഴിക്കാനിരുന്ന് “കുഞ്ഞുട്ട്യാണോ വാപ്പാപ്പിയാണോ ജയിക്കാന്ന് നോക്കാ” ന്ന് വാപ്പാപ്പി പറയുമ്പോ വാപ്പാപ്പിനെ തോൽപ്പിക്കാൻ ആയി ആവേശത്തിൽ വലിയ ഉരുളകൾ വായിലേക്കിട്ട് ഞാൻ ആദ്യം കഴിച്ച് തീർക്കും. പല്ല് മുഴുക്കെ കാണിച്ച് കണ്ണ് ചിമ്മി വാപ്പാപ്പി കുലുങ്ങി ചിരിക്കും.സത്യത്തിലത് എന്നെക്കൊണ്ട് ചോറ് മുഴുവൻ കഴിപ്പിച്ചു കഴിഞ്ഞതിന്റെ വിജയച്ചിരി ആയിരുന്നു എന്നത് തെല്ലോരത്ഭുതത്തോടെ പിന്നീടാണ് തിരിച്ചറിഞ്ഞത്.
അങ്കണവാടിയിലെ കമ്പിജനാലയിലൂടെ പുറത്തേക്ക് നോക്കി വാപ്പാപ്പിന്റെ വരവും കാത്തിരിക്കുന്ന ഒരു കൊച്ചുകുട്ടി. ദൂരെ നിന്നും നിഴല് പോലെ വാപ്പാപ്പി നടന്ന് വരുന്നത് കാണുമ്പോ ബാഗും തോളിലിട്ട് “ടീച്ചറേ, ന്റെ വാപ്പാപ്പി വന്ന് ” ന്നും പറഞ്ഞു പുറത്തേക്ക് ഒറ്റ ഓട്ടമാണ്.
ഇന്നിപ്പോ ആളൊഴിഞ്ഞു കിടക്കുന്ന തെക്കേ മുറിയിലേക്ക് കയറുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു തരം ശൂന്യത വന്ന് പൊതിയും . എന്നോ സൂക്ഷിച്ചു വെച്ച, വാപ്പാപ്പി ഉപയോഗിച്ചിരുന്ന മരത്തിന്റെ പെട്ടി തുരുമ്പിച്ച താക്കോൽ വെച്ച് തുറക്കുമ്പോ മനസ്സ് നിറയെ അവരുള്ള നല്ല കാലത്തിന്റെ ഓർമ്മകൾ വന്ന് മൂടും.
ഒരേ സമയം ഓർത്തു ചിരിക്കാനും കരയാനുമുള്ള ഒട്ടനവധി നല്ല നിമിഷങ്ങൾ സമ്മാനിച്ചതിനും, ഒരായുസ്സ് മുഴുവൻ ചേർത്ത് വെക്കാൻ പാകത്തിനുള്ള തെളിഞ്ഞ സൗഹൃദം വെച്ച് നീട്ടിയതിനും, ജീവിതത്തിൽ കണ്ടുമുട്ടിയേക്കാവുന്ന പല പ്രതിസന്ധികളെയും കരുത്തോടെ നേരിടാനുള്ള ശക്തിയും ധൈര്യവും നിങ്ങളുടെ ജീവിതത്തിലൂടെ പകർന്നു തന്നതിനും, പല അവസരങ്ങളിലും താങ്ങാനൊരു തോളും തലചായ്ക്കാനൊരു മടിത്തട്ടും ഹൃദയം നിറക്കുന്ന മഴ പോലെ തണുത്ത സ്നേഹവും പങ്കുവെച്ചതിനും ന്റെ വാപ്പാപ്പിക്കും മ്മച്ചിക്കും അത്രമേൽ ഇഷ്ടത്തോടെ നന്ദി.