ഹിജാബ്: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമപ്പുറം ഒരു വായന

209

വീണ്ടും ഒരു ചർച്ച കൂടെ തട്ടത്തിന്റെ പേരിൽ പ്രബുദ്ധ കേരളത്തിൽ സജീവമായതിന്‌ പിന്നാലെ ഏറെ ഉയർന്നുകേട്ട ചോദ്യമായിരുന്നു ഹിജാബ് ധരിക്കൽ അനിവാര്യമാണോ എന്നത്. ഇസ്‌ലാം മത വിശ്വാസികളെ സംബന്ധിച്ച് നിർബന്ധമുള്ള ഒരു കാര്യമാണ് ഇതെങ്കിൽ എന്തുകൊണ്ട് എല്ലാവരും ഇത് ധരിക്കുന്നില്ല എന്നും.

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നടന്ന വിവാദത്തെ തുടർന്നുണ്ടായ ചർച്ചകളേറെയും ഹിജാബ് സൃഷ്ടിക്കുന്ന ഭീകരതയെക്കുറിച്ചായിരുന്നു. തട്ടമിട്ടു മൂടിവെക്കുന്നത് അവളെയും അവളുടെ സ്വപ്നങ്ങളെയും ആണെന്ന വിമർശനങ്ങക്കൊപ്പം അടിച്ചമർത്തലിന്റെ പ്രതീകമായാണ് പൊതു സമൂഹം പലപ്പോഴും ഹിജാബിനെ വിലയിരുത്തുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് പുരോഗമനമായി കൊട്ടിഘോഷിക്കുന്ന ആധുനിക മനുഷ്യർക്ക് മുസ്‌ലിം സ്ത്രീയുടെ വേഷവിധാനങ്ങൾ അംഗീകരിക്കാനുള്ള വിശാലമനസ്കത ഇനിയും കൈവന്നിട്ടില്ല എന്നതാണ് വാസ്തവം.
ഇസ്‌ലാമിലെ സ്ത്രീകൾ അടിമകളാണെന്ന ചിന്തയോടാണ് അവരുടെ വസ്ത്രധാരണത്തെ വിമർശകർ ചേർത്തു വെക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് യഥാർഥത്തിൽ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഹിജാബ് എന്നത് മനസ്സിലാക്കൽ അനിവാര്യമാണ്.
സൂറത്തുന്നൂറിലെ മുപ്പത്തി ഒന്നാമത്തെ ആയത്തിൽ അല്ലാഹുസത്യ വിശ്വസിനികളായ സ്ത്രീകളോട് പറയുന്നത് ”അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമാകുന്നതല്ലാതെ വെളിപ്പെടുത്താതെ ഇരിക്കണമെന്നും ശിരോ വസ്ത്രങ്ങൾ മാറിടങ്ങളുടെ തൂക്കിയിടണം’ എന്നുമാണ്. സ്ത്രീക്ക് പ്രായപൂർത്തിയെത്തിയാൽ അവളുടെ മുൻകൈയും മുഖവും അല്ലാതെ വെളിപ്പെടുത്തുന്നത് നന്നല്ലെന്ന് കാണിക്കുന്ന നബിവചനം അബൂദാവൂദ്(റ) നിവേദനം ചെയ്തിട്ടുള്ളത് ഈ വിഷയത്തിൽ ഏറെ പ്രസക്തമാണ്. സൂറത്തുന്നൂർ കൂടാതെ സൂറത്തു അഹ്സാബിലെ 59 ആമത്തെ ആയത്തിലും മുസ്‌ലിം സ്ത്രീയുടെ വേഷവിധാനത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
വസ്ത്രത്തിന്റെ അളവ് എത്ര കുറയുന്നതും പുരോഗമനത്തിന്റെ കണ്ണിലൂടെ കാണുമ്പോഴും മുസ്‌ലിം സ്ത്രീയുടെ വേഷം ഭീകരതയുടെ അടയാളമായി വിലയിരുത്തപ്പെടുന്നത് തികച്ചും വിരോധാഭാസമാണ്.

ഇസ്‌ലാം അനുശാസിക്കുന്ന രീതികൾ പിന്തുടരുന്നത് ഒരിക്കലും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം മാന്യമായ വസ്ത്രം ധരിച്ചു കൊണ്ട് എല്ലാ മേഖലകളിലും കയ്യൊപ്പ് ചാർത്തിയ ധാരാളം വനിതകളെ ചരിത്രത്തിലുടനീളം കാണാവുന്നതാണ്. നോബൽ സമ്മാന ജേതാവ് തവക്കുൽ കർമാൻ, സൗദി അറേബ്യൻ ഫാർമക്കോളജിസ്റ്റും ശാസ്ത്രഞ്ജയുമായ സമീറ ഇബ്രാഹിം ഇസ്‌ലാം തുടങ്ങിയവർ ചില ഉദാഹരണങ്ങളാണ്. അറിവ് നേടുന്നതിനോ അത് പ്രചരിപ്പിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ഏതു മേഖലയിലും പ്രാവീണ്യം തെളിയിക്കുന്നതിനോ ഹിജാബ് ഒരിക്കലും തടസ്സം സൃഷ്ടിക്കുന്നില്ല. മറിച്ച്, ആത്മവിശ്വാസത്തോടെയുള്ള ഇടപെടലിനുള്ള അവസരമാണ് നൽക്കുന്നത്.

ലോകത്തെ ആദ്യത്തെ ബിരുദദാന യൂണിവേഴ്സിറ്റികളിൽ ഒന്നായ മൊറോക്കോയിലെ അൽ ഖുറ വിയ്യീൻ സർവകലാശാലയുടെ സ്ഥാപക ഫാത്തിമ അല്ല ഫിഹ്റിയ്യയാണ്. തുടക്കത്തിൽ മതപഠനം മാത്രം ആയിരുന്നുവെങ്കിലും പിന്നീട് ഗണിത ശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, വ്യാകരണം തുടങ്ങിയ മേഖലകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സർവ്വകലാശാലയിൽ നിന്നും പഠനം പൂർത്തീകരിച്ചത്. തികഞ്ഞ പണ്ഡിതയും ഹദീസ് നിവേദകയുമായ നബിപത്നി ആയിഷ (റ), അമേരിക്കയിൽ ന്യൂ ജഴ്‌സിയിൽ സുപ്രീം കോടതി ബെഞ്ചിൽ ജഡ്ജ് ആയ നാദിയ കഹ്‌ഫ് തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമുക്കു മുമ്പിലുണ്ട്.

സ്ത്രീകളോട് സുരക്ഷയുടെ ഭാഗമായി ഇത്തരത്തിൽ വേഷവിധാനം നിഷ്കർഷിക്കുന്ന ഇസ്‌ലാം പുരുഷനോടും വസ്ത്രധാരണത്തിന് കാര്യത്തിൽ ശ്രദ്ധ പുലർത്താൻ ആവശ്യപ്പെടുന്നുണ്ട്.
നിലത്തിഴയുന്ന തരത്തിലുള്ള വസ്ത്രം പുരുഷന്മാർ ധരിക്കുന്ന വിലക്കിയിട്ടുണ്ട്. ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ ‘ ഉടുപ്പിൽ നിന്നും നെരിയാണിയുടെ താഴെയുള്ള ഭാഗം നരകത്തിലാണ്’ എന്ന് പ്രസ്താവിക്കുന്നുണ്ട്. കൂടാതെ ഇസ്‌ലാമിൽ സ്ത്രീകൾ പുരുഷ വേഷം ധരിക്കുന്നതും പുരുഷന്മാർ സ്ത്രീവേഷം അണിയുന്നതും നിരോധിച്ചിട്ടുണ്ട്.

ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇസ്‌ലാം വിമർശകർ എല്ലാ കാലഘട്ടത്തിലും നിശ്ചയിച്ചിട്ടുള്ളതാണ്. തട്ടം ഊരുന്നത് വിമോചനവും അൽപ വസ്ത്രം ധരിക്കുന്നത് വിപ്ലവവുമായി കരുതുന്ന സമൂഹത്തിൽ ഹിജാബ് ഒരു പ്രഖ്യാപനമാണ്. യാതൊരു ചൂഴ്ന്നുനോട്ടങ്ങൾക്കും തന്റെ ശരീരത്തെ വിട്ടു നൽകില്ലെന്ന, ശരീരം വിൽപന ചരക്ക് അല്ലെന്ന, മറ്റുള്ളവർക്ക് ആസ്വാദനത്തിനുള്ള ഉപാധിയല്ലെന്ന ഉത്തമബോധ്യം ആണ്. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന വസ്ത്രധാരണ പിന്തുടരുന്നത് കലർപ്പില്ലാത്ത വിശ്വാസത്തിൻറെ പ്രതീകവുമാണ്.