“ഹൈസെക്ക്” ഒരു ഓർമപ്പെടുത്തലാണ്

351

പുറത്തുനിന്ന് നോക്കുന്ന ഒരാൾ ചോദിച്ചേക്കാം, എന്തിനാണ് ഇത്രയും കഷ്ടപ്പെടുന്നതെന്ന്. ഉറക്കം കളഞ്ഞ്, ക്ലാസ് ഒഴിവാക്കി, കയ്യിൽ നിന്ന് കാശ് മുടക്കി ഈ ഓട്ടപ്പാച്ചിലിന് എന്ത് കിട്ടാനാണെന്ന്.
ഒറ്റവാക്കിൽ അതിന് മറുപടിയില്ല.

മാസങ്ങൾക്ക് മുൻപേ മനസ്സിൽ കാണുന്ന ഒരു സ്വപ്നമുണ്ട്. അതിനെ യാഥാർത്ഥ്യമാക്കാൻ, ഒരൊറ്റ ദിവസത്തിലേക്ക് ആഴ്ചകളേയും മാസങ്ങളേയും ചുരുക്കിവെക്കാനുള്ള ഒരു നെട്ടോട്ടമാണ് പിന്നീട്.

പ്രോഗ്രാമിന്റെ ചർച്ചകൾ, രജിസ്‌ട്രേഷൻ, ഗസ്റ്റുകളെ വിളിക്കുന്നത്, ഫുഡ്, സ്റ്റേജ്, മീഡിയ, വാഹനസൗകര്യങ്ങൾ, സാമ്പത്തികം… ഓരോന്നിനും പിന്നാലെ ഒരുപാട് പേരുടെ പരക്കം പാച്ചിലാണ്. എണ്ണിയാൽ തീരാത്തത്ര ഫോൺ വിളികൾ, ചിലപ്പോൾ പാതിരാത്രിയിലും തീരാത്ത മീറ്റിംഗുകൾ. തല പുകഞ്ഞ് ഒന്നുമങ്ങോട്ട് ശരിയാവാതെ വരുന്ന നിമിഷങ്ങൾ. ‘ഇതൊന്നും നടക്കൂല’ എന്ന് തോന്നിപ്പോകുന്നത്ര പ്രശ്നങ്ങൾ. പക്ഷെ, ഓരോ പ്രശ്നം വരുമ്പോഴും ഒരുമിച്ച് നിന്ന് ഒരു പരിഹാരം കണ്ടെത്തുന്നതിലാണ് ഞങ്ങളുടെ വിജയം.

ആ തർക്കങ്ങൾക്കിടയിലും പിണക്കങ്ങൾക്കിടയിലുമാണ് ഞങ്ങൾ ശരിക്കും ഒരു കുടുംബം പോലെയാവുന്നത്. ഒരാൾ തളരുമ്പോൾ മറ്റൊരാൾ താങ്ങാവുന്നത് അപ്പോഴാണ്.

ഈ ഓട്ടത്തിനിടയിൽ ഞങ്ങളെ ചേർത്തുപിടിച്ച ഒരുപാടു പേരുണ്ട്. ഏതു പാതിരാത്രിയിൽ വീട്ടിൽ കയറിച്ചെന്നാലും യാതൊരു പരിഭവവും ഇല്ലാതെ വാതിൽ തുറന്നു തരുന്ന പ്രിയപ്പെട്ട മാതാപിതാക്കൾ. എത്ര വലിയ ടെൻഷനുകൾക്കിടയിലും വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും ധൈര്യം തന്ന കെഎൻഎം, ഐഎസ്എം, എംജിഎം ഭാരവാഹികൾ… ആ പിന്തുണകളാണ് പലപ്പോഴും ഞങ്ങളെ വീഴാതെ പിടിച്ചുനിർത്തിയത്.

അവസാനം ആ ദിവസം വരും. ഉള്ളിൽ ചെറിയൊരു നെഞ്ചിടിപ്പുണ്ടാകും, ‘വിചാരിച്ച പോലെ എല്ലാം നടക്കണേ’ എന്നൊരു പ്രാർത്ഥനയുണ്ടാകും ഉള്ള് പിടഞ്ഞോണ്ട്. പിന്നെ നമ്മൾ പ്ലാൻ ചെയ്ത ഓരോന്നും കണ്മുന്നിൽ യാഥാർത്ഥ്യമാവുന്നത് കാണുമ്പോഴുള്ള ഒരു തണുപ്പുണ്ട്, വല്ലാത്തൊരു ആത്മനിർവൃതിയുണ്ട്… ആളുകളുടെ സന്തോഷം കാണുമ്പോൾ, നമ്മുടെ അധ്വാനത്തിന് ഫലം കണ്ടു എന്ന് തിരിച്ചറിയുമ്പോൾ ഉള്ളിൽ വന്നുനിറയുന്ന ഒരു ഫീലിംഗ്.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് കൂട്ടുകാരനെ നോക്കി വെറുതെ ഒന്ന് ചിരിക്കും. ആ ചിരിയിൽ ഞങ്ങൾ അനുഭവിച്ചതെല്ലാം ഉണ്ടാകും.

പരിപാടി കഴിയുമ്പോൾ ഉള്ളില് വല്ലാത്തൊരു ശൂന്യതയാണ്. ദിവസങ്ങളോളം കൂടെയുണ്ടായിരുന്ന ആ തിരക്കുകൾ ഇല്ലാതാവുന്നതിന്റെ ഒരു സങ്കടം. പക്ഷെ ബാക്കിയുണ്ടാവുക കുറെ നല്ല ഓർമ്മകളാണ്. ഒരുമിച്ച് ചിരിച്ചതും, ഒരുമിച്ച് ടെൻഷനടച്ചതും, ഒരുമിച്ച് നേടിയെടുത്തതുമെല്ലാം.
എല്ലാത്തിനും ഉപരി സർവ്വശക്തനായ പടച്ചവനാണ്. അവന്റെ അപാരമായ കാരുണ്യത്താൽ മാത്രമാണ് ഈ പരിപാടി ഇത്രയും ഭംഗിയായി പൂർത്തിയാക്കാനായത്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ആരെയും മറക്കുന്നില്ല, എല്ലാവരും പ്രാർത്ഥനകളിൽ എന്നും എപ്പോഴും ചേർത്തുവെക്കും.

ഏതോ ഒരു പുസ്തകത്തിൽ പറഞ്ഞതുപോലെ, “ഏറ്റവും മനോഹരമായ നിർമ്മിതികൾ കൈകൾ കൊണ്ടല്ല, ഒരുമിച്ചു മിടിക്കുന്ന ഹൃദയങ്ങൾ കൊണ്ടാണ് പടുത്തുയർത്തുന്നത്.”

ഹൈസെക് ഒരു ഇവന്റല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്ന ഒരു ഓർമ്മപ്പെടുത്തൽ. അതാണ് ഇതിൽ നിന്ന് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷവും

ഈ ധാർമിക വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രയാണം ഇനിയും തുടരും, കരുത്തോടെ, പുതുമയോടെ…
ഇന്ഷാല്ലാഹ്…