ഹെർബേറിയം

393

2016ലെ ഡിസി സാഹിത്യ പുരസ്കാരം നേടിയ സോണിയ റഫീക്കിന്റെ ‘ഹെർബേറിയം’ എന്ന നോവൽ മരുഭൂമിയുടെ ഊഷരതയിൽ നിന്നും പ്രകൃതിയുടെ പച്ചപ്പിലേക്ക് എത്തുന്ന ഒരു ബാലന്റെ അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. ദുബായിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ മൂന്നംഗ കുടുംബത്തിൽ നിന്ന് ആരംഭിച്ച് നിഷ്കളങ്കമായ ഗ്രാമീണതയിലേക്കും അവിടെയുള്ള മനുഷ്യരിലേക്കും എത്തിച്ചേരുന്ന ഹൃദയസ്പർശിയായ ഒരു നോവലാണ് ‘ഹെർബേറിയം’. തന്റെ ഭാര്യയായ ഫാത്തിമയുടെ മരുഭൂമിയിൽ വെച്ചുണ്ടായ തിരോധാനത്തിനുശേഷം അവളുടെ കുറിപ്പുകൾ ഓരോന്നും കണ്ടെത്തുന്ന  ആസിഫിൽ നിന്നാണ് കഥ ആരംഭിക്കുന്നത്.

ഫാത്തിമ വളരെ ചുറുചുറുക്കുള്ള ഒരു പെൺകുട്ടിയായിരുന്നു. അധ്യാപകരായ മാതാപിതാക്കളുടെ ഏക മകളായി ജനിച്ചുവളർന്നവൾ, പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി സംഭവിച്ച പിതാവിൻറെ മരണത്തോടെ മെഡിക്കൽ പരീക്ഷയിൽ നഴ്സിങ്ങിന് അഡ്മിഷൻ ലഭിക്കുമായിരുന്നിട്ടുകൂടിയും ദുബായിൽ എൻജിനീയറായ ആസിഫുമായുള്ള വിവാഹം നടന്നു. മണ്ണിനോടും മഴയോടും കാവിനോടും ഇഴകി ചേർന്ന് വളർന്നവൾ പിന്നീട് മണലാരണ്യത്തിലേക്ക് പറിച്ചു നടപ്പെടുകയാണുണ്ടായത്. ആസിഫാകട്ടെ കേരളത്തിനു പുറത്ത് ജനിച്ചു വളർന്നൊരു മലയാളി യുവാവാണ്. ബാങ്ക് ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ട്രാൻസ്ഫറുകൾക്കനുസരിച്ച് ഇന്ത്യയിൽ പലയിടത്തായി ബോർഡിങ് സ്കൂളിലും മറ്റും തുണ്ടുകളായി ചിലവിട്ട കുട്ടിക്കാലം മാത്രമാണ് അവന് ഓർക്കാനുള്ളത്. ഇവരുടെ ഏകമകനാണ് എട്ടു വയസ്സുകാരനായ ടിപ്പു.

മരുഭൂമിയിലൂടെയുള്ള സാഹസിക സവാരിയിൽ അങ്ങേയറ്റത്തെ ഹരം കണ്ടെത്തിയിരുന്ന ആസിഫ് ഒരു ദിവസം കുടുംബസമേതം  അത്തരം ഒരു സാഹസത്തിനായി തിലാപ്പിയ തടാകം കാണാൻ പോവുകയും അവിടെയുള്ള മണൽ തുരുത്തുകൾക്കിടയിൽ വെച്ച് ഫാത്തിമയെ കാണാതാവുകയും ചെയ്യുന്നു. തുടർന്ന് ആ ഫ്ലാറ്റിൽ ആസിഫ് അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും മണൽ കൂനകൾക്കുള്ളിലേക്ക് പോയി മറഞ്ഞ ഉമ്മയുടെ വരവും കാത്തിരിക്കുന്ന ഒരു നിഷ്കളങ്ക ബാല്യത്തിന്റെ വികാരങ്ങളും എഴുത്തുകാരി വളരെ തീവ്രമായി തന്നെ ആവിഷ്കരിച്ചിരിക്കുന്നു.

ഫാത്തിമയുടെ തിരോധാനത്തിനു ശേഷമാണ് ആസിഫ് അവളുടെ ഓരോ ചെറിയ ചെറിയ കുറിപ്പുകൾ പലയിടങ്ങളിൽ നിന്നായി കണ്ടെടുക്കുന്നത് അതുവഴി അവൻ അവളെ കൂടുതലായി അറിയുകയായിരുന്നു.

നാടും കാവും കിളികളും ഒക്കെ ചേർന്ന അവളിലെ ഒരു ലോകത്തെ അവൻ ആ കുറിപ്പുകളിലൂടെ കണ്ടെത്തിക്കൊണ്ടിരുന്നു. ദുബായിൽ മൂന്നുനാലു ഫ്ലാറ്റുകളിൽ മാറി താമസിച്ചിട്ടും അവൾ ഒരു തുളസിച്ചെടി എങ്കിലും നട്ടുവളർത്താത്ത ഇടങ്ങൾ ഉണ്ടായിട്ടില്ല. ബാൽക്കണിയിൽ അവളൊരുക്കിയ പച്ചക്കറിത്തോട്ടം ഓരോ ദിനം കഴിയുംതോറും ആസിഫിന്റെയും ടിപ്പുവിന്റെയും ഉള്ളിൽ ഒരു നോവായി അവശേഷിച്ചു. ഫാത്തിമയുടെ ഓരോ കുറിപ്പുകളും ആസിഫിന് മുന്നിൽ അവളെ അപരിചിതയാക്കുന്നുണ്ടായിരുന്നു. അവന് ഇതുവരെ എത്തിപ്പെടാൻ സാധിക്കാത്ത ഒരു അജ്ഞാത തുരുത്ത്  അവൾക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന് വൈകിയെങ്കിലും അവൻ തിരിച്ചറിയുകയാണ്.

ഒടുവിൽ മനം മടുപ്പിക്കുന്ന ദുബായ് ജീവിതത്തിൽ നിന്നും മകൻ ടിപ്പുവിനെ നാട്ടിൽ ഫാത്തിമയുടെ ഉമ്മയുടെ അരികിലേക്കെത്തിക്കാൻ ആസിഫ് തീരുമാനിക്കുന്നു.

നാട്ടിലെത്തുന്ന ടിപ്പുവിനു മുന്നിൽ വിസ്മയങ്ങളുടെ പുതിയ ലോകം തന്നെ തുറക്കപ്പെടുകയാണ്. kfc കൊതിയനായ അവന് ചിക്കൻ എന്നാൽ രണ്ടു കാലിൽ ഓടി നടക്കുന്ന കോഴിയാണെന്നും അത് മുട്ടയിടുമെന്നും പുഴുവിനെ കൊത്തി വിഴുങ്ങുമെന്നതുമൊക്കെ പുതിയ അറിവുകൾ ആയിരുന്നു. അവരുടെ അയൽവാസിയായ വിനീതിന്റെയും സീതയുടെയും മകൾ അമ്മാളുവെന്ന മൂന്നാം ക്ലാസുകാരിയെ ഉറ്റ കൂട്ടുകാരിയായി ടിപ്പുവിന് ലഭിക്കുന്നു. കാർഷിക കോളേജിലെ അധ്യാപകനായ വിനീതിന്റെയും മിടുക്കിയായ അമ്മാളുവുമായുള്ള ടിപ്പുവിന്റെ സഹവാസം അവനിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകുന്നു. തങ്കമ്മയും അങ്കുവാമയും കാവും കാട്ടാറും സർപ്പ ത്തറയും എല്ലാം ടിപ്പുവിന്റെയും ഭാഗമായി തുടങ്ങി. ഫാത്തിമ ഒരിക്കൽ ആഗ്രഹിച്ചിരുന്ന ടിപ്പുവിലേക്ക് ആ ഗ്രാമീണത അവനെ തിരികെയെത്തിച്ചു. ഫാത്തിമ നടന്നു നീങ്ങിയ ബാല്യകാല അനുഭവങ്ങളിലൂടെ ടിപ്പുവും പതിയെ സഞ്ചരിക്കാൻ തുടങ്ങി.

ആ ഇടയ്ക്കാണ് വിനീത് അവന് ഹെർബേറിയം പരിചയപ്പെടുത്തി കൊടുക്കുന്നത്. നഗരത്തിലെ സ്കൂളിൽ അഡ്മിഷൻ എടുത്ത് താമസം അവിടേക്ക് മാറ്റിയെങ്കിലും ടിപ്പുവിന്റെ ഉള്ളിൽ അത്രയും ആഴത്തിൽ ആ കാവും മനുഷ്യരും എല്ലാം പതിഞ്ഞിരുന്നു. പിന്നീട്  ഹെർബേറിയം നിർമ്മിക്കുന്ന ആശയം ടിപ്പു സ്കൂളിൽ പങ്കുവെക്കുകയും അതിനു വലിയ പ്രശംസ ലഭിക്കുകയും ചെയ്യുന്നുണ്ട്. അതിനിടയിൽ കാവിലെ മരങ്ങളെ നശിപ്പിക്കാൻ എത്തിയ ഒരു കൂട്ടം ആളുകളെ ടിപ്പുവും അമ്മാളുവും അടങ്ങുന്ന സംഘം ഓടിക്കുന്നതും ശ്രദ്ധിക്കപ്പെടുന്നു. യഥാർത്ഥത്തിൽ പ്രകൃതിയിൽ നിന്നും ജൈവികതയിൽ നിന്നും അകറ്റി ഫ്ലാറ്റിന്റെ ഇത്തിരി ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെ കുറിച്ച് ഈ നോവൽ നമ്മെ വേവലാതിപ്പെടുത്തുകയും അതോടൊപ്പം തന്നെ നമ്മുടെ കുട്ടികൾക്ക് പരിസ്ഥിതിയോട് ഇണങ്ങിയ ഒരു സംസ്കാരം സ്വരൂപിക്കാനവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. കഥാപാത്രങ്ങളുടെ സൃഷ്ടിയിലും രചനയിലും വളരെയധികം മികവുപുലർത്തുന്ന ഹെർബേറിയം ഒരു മികച്ച വായന അനുഭവമാണ്.