മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച വാർത്തയായിരുന്നു വയനാട് പൂക്കോട് വെറ്റിനററി കോളേജിലെ സിദ്ധാർത്ഥിന്റെ മരണവാർത്ത. എങ്ങനെയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നതെന്ന് ഒരുപാട് നേരം ആലോചിച്ചു.
ഉന്നത വിദ്യാഭ്യാസം നേടുമ്പോൾ ഇവരിൽ മനുഷ്യത്വം അസ്തമിച്ചുപോവുകയാണോ?! അതോ ഗുണ്ടാ പ്രാക്ടീസിംഗിന്റെ ട്രയൽ ഇടിമുറികളായി ഉന്നത കലാലയങ്ങളിൽ പുതിയ ഇടങ്ങൾ ഉദിക്കുകയാണോ?
വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും, അവരുടെ പ്രയാസങ്ങളിൽ കൂടെ നിൽക്കുകയും, അവർക്ക് വേണ്ട സൗകര്യങ്ങളും പഠന സംവിധാനങ്ങളും ഒരുക്കുകയും, മൂല്യാധിഷ്ഠിത
വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും, സമൂഹത്തിന് ഗുണപരമായ രൂപത്തിൽ അവരെ വാർത്തെടുക്കുകയും ചെയ്യുകയാണ് ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രധാന ദൗത്യം.

ചിലരുടെ പ്രവർത്തനങ്ങൾ കണ്ടാൽ, പ്രശ്നങ്ങൾ ഉണ്ടാക്കുകയും കാലോചിതമായി അവ പരിഷ്കരിക്കുകയും അവകൾക്ക് കുടപിടിക്കുകയും ചെയ്യുന്ന നീചമായൊരു ശൈലി നമുക്കൊക്കെ കാണാൻ സാധിക്കും. വർഷങ്ങളായി പല ക്യാമ്പസുകളിലും ഇത് തുടരുന്നുണ്ടെന്നും ചില അധ്യാപകരും ഉദ്യോഗസ്ഥരുമൊക്കെ ഇവർക്ക് പിന്തുണയായുണ്ടെന്നുമുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. അതിനിഷ്ഠൂരമായ ഇത്തരം അനിഷ്ട സംഭവങ്ങൾ നടക്കുമ്പോഴെല്ലാം നമ്മൾ ആഗ്രഹിക്കുകയാണ് ഇനി ഇതൊന്നും ഉണ്ടാവരുതേയെന്ന്. പക്ഷേ പിന്നെയും പിന്നെയും ഇതെല്ലാം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. വീണ്ടും ആഗ്രഹിക്കുകയാണ്, ഇനിയൊരു സിദ്ധാർത്ഥുമാരും ഇത്തരം നരാധമന്മാരാൽ കൊല്ലപ്പെടരുതേയെന്ന്.
ഈ കേസിലുൾപെട്ട കൊടും കുറ്റവാളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം. മുഖം നോക്കാതെ അവർക്കെതിരെ നടപടിയെടുക്കണം.
ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പിനോട്. ഇനിയെങ്കിലും ഏതെങ്കിലും ഒരു സെമസ്റ്ററിൽ ഒരു പേപ്പറിന്റെ മൂലയിലെങ്കിലും സ്നേഹവും, കരുണയും, മനുഷ്യത്വവും, മാനവികതയുമെല്ലാം പഠിപ്പിക്കുക. നാം നമ്മുടെ ബാധ്യത നിർവഹിക്കുന്നുണ്ട് എന്നെങ്കിലും നമുക്ക് അൽപം ആശ്വസിക്കാം. ഇല്ലെങ്കിൽ മനുഷ്യരാകുന്നതിന് പകരം ഇത്തരം ചെകുത്താൻമാർ ജനിച്ചുകൊണ്ടേയിരിക്കും; പട്ടിണിക്കിട്ടും മനുഷ്യരെ കൊന്നും ഈ വെട്ടുകിളികൾ ആനന്ദനൃത്തം ചവിട്ടും.