നല്ല അധ്യാപകൻ: സമൂഹത്തിനും വിദ്യാർത്ഥികൾക്കുമുള്ള മാതൃക

317
0

അധ്യാപകരുടെ ശിക്ഷണത്തിനും അവരുടെ നിയന്ത്രണങ്ങൾക്കും ഈ കഴിഞ്ഞ കാലഘട്ടങ്ങളിൽ ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്ന് നാം അനുഭവിക്കുന്ന വിദ്യാർത്ഥി സമൂഹത്തിലെ അരാജകത്വ മനോഭാവങ്ങൾ. പലപ്പോഴായി കേൾക്കുന്ന ഇത്തരം കാര്യങ്ങൾ എന്തുകൊണ്ടാണ് നടക്കുന്നത്? കുട്ടികളുടെ മേലുള്ള അധ്യാപക നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടെതെങ്ങനെ?
നിയന്ത്രണങ്ങൾ ഉണ്ടാകാനുള്ള കാരണം പ്രധാനമായും അധ്യാപക സമൂഹത്തിലെ ചില മൂല്യബോധമില്ലാത്ത ചാക്കോമാഷന്മാരാണ്. ശിക്ഷണം വെറും ശിക്ഷയായും ഉപദേശങ്ങൾ ശകാരങ്ങളായും അവരുടെ തെറ്റുകൾ മാത്രം ചൂണ്ടിക്കാണിക്കുന്ന അധ്യാപകരാണ് അല്ലെങ്കിൽ അത്തരം ചില അധ്യാപകരാണ് ഈ ഒരു പ്രവണതക്ക് കാരണമായത്.

ചൂരലാണോ കുട്ടിയെ മര്യാദക്കാരനാക്കുന്നത്?
കുട്ടികളെ മാന്യതയും മര്യാദയും പഠിപ്പിക്കാനും അവരെ സമൂഹത്തിനും നാടിനും ഉപകാരപ്രദമായി വളർത്താനുമുള്ള മാന്ത്രിക ദണ്ഡാണോ ചൂരൽ? കുട്ടികൾക്ക് കണ്ടു നന്നാവാനും തങ്ങളെപ്പോലെ പ്രവർത്തിക്കൂ എന്ന് മാതൃക കാണിക്കാൻ എത്ര അധ്യാപകർ നമുക്ക് മുന്നിൽ ഇപ്പോഴുണ്ട്.
“കുട്ടികൾക്ക് ആവശ്യമായി മാറുന്നവനാണ് അധ്യാപകൻ. കുട്ടിക്ക് ആവശ്യമുള്ളിടത്ത് കുട്ടിക്കൊപ്പം ഉണ്ടാവേണ്ടവനാകുന്നു അധ്യാപകൻ.”
ശിക്ഷ എന്നത് വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയും നടത്തേണ്ട ഒരു കർമ്മമാണ്. നബി സ്വ ഒരിക്കൽ പറഞ്ഞു: “لا تضربوا أولادكم” (നിങ്ങളുടെ കുട്ടികളെ തല്ലരുത്). എന്നാൽ, ഇത് കുട്ടികളെ തീരെ തല്ലരുതെന്നോ വഴക്ക് പറയുകയോ ചെയ്യരുത് എന്നല്ല മറിച്ച് അവരെ ശരിയായ പാതയിലേക്ക് നയിക്കുന്നതിനു വേണ്ടി ശരിയായ മാർഗങ്ങൾ തേടുക എന്നത് പ്രധാനമാണ്.
ശിക്ഷ നൽകുന്നതിന് പകരം, അവരുടെ തെറ്റുകൾ എന്താണെന്ന് അവബോധമുണ്ടാക്കുക, അത് തിരുത്താനുള്ള അവസരങ്ങൾ നൽകുക എന്നിവ ഒരു യഥാർത്ഥ അധ്യാപകന്റെ ലക്ഷ്യമാകണം.
“Punishment is the last refuge of the incompetent.”
“ശിക്ഷയിലല്ല തിരിച്ചറിവിലാണ് പരിഹാരങ്ങൾ കണ്ടെത്തുന്നത്.”
ഒരു കഴിവില്ലാത്ത അധ്യാപകനാണ് ശിക്ഷയെ മാത്രം ആശ്രയിക്കുന്നത്. യഥാർത്ഥ അധ്യാപകൻ ശിക്ഷയുടെ പകരം മനസ്സിലാക്കലിലും പഠന പ്രക്രിയയുടെ മഹത്വം ഉയർത്തിയെടുക്കലിലും ശ്രദ്ധ കേന്ദ്രീകരിക്കും.
അതിനാൽ, ശിക്ഷയല്ല, മറിച്ച് പ്രചോദനവും ഉണർത്തലും നൽകുന്ന അധ്യാപനമാണ് വിദ്യാർത്ഥികളുടെ നന്മയും ഭാവിയും ഉറപ്പാക്കുന്നത്.

ആശയവിനിമയ സാധ്യതകൾ

ഒരു പ്രത്യേക വിഷയം ക്ലാസ്സിൽ ചർച്ച ചെയ്യപ്പെടുന്നതിനു മുമ്പായി അത് എന്ത് സാധ്യതകളാണ് കുട്ടിക്ക് നൽകുന്നത് എന്ന് കുട്ടിക്ക് ബോധ്യം നൽകണം. അവന്റെ ജീവിതവുമായി അവനത് കണക്ട് ആവണം. അതവന് ആവശ്യമുണ്ടെന്ന് ബോധ്യം വരണം.
ഒരു രസതന്ത്ര അധ്യാപകന് കുട്ടികൾക്ക് തെർമൽ റിയാക്ഷൻ പഠിപ്പിക്കണമെങ്കിൽ തീപ്പെട്ടിയും ലൈറ്ററുകളും ഇല്ലാതെ ഒരു അവസ്ഥ വന്നാൽ തീ എങ്ങനെ ഉണ്ടാക്കണമെന്ന് ഒരു ചോദ്യം ചോദിക്കുക. അതുവഴി കുട്ടിയിൽ ഒരു ആകാംക്ഷ ഉണ്ടാക്കുകയും അങ്ങനെ കുട്ടികൾ അതിനെക്കുറിച്ച് സങ്കൽപ്പിക്കാനും സന്ദർഭം നൽകുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളോ മറ്റു സാമഗ്രികളോ ഇല്ലാത്ത ഒരു കാട്ടിൽ നിങ്ങൾ അകപ്പെട്ടാൽ രാത്രി തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ തീ കായാൻ എന്ത് ചെയ്യും എന്നൊരു ചോദ്യം ആരായാം. കുട്ടികൾ പല ഉത്തരങ്ങളും നൽകും. അതിൽ നിന്ന് ചിലർ സിനിമകളിലോ മറ്റോ കണ്ട കല്ലുരച്ചോ വടികൾ കൂട്ടി തിരുമ്മിയോ തീപ്പൊരി ഉണ്ടാക്കുന്നത് പറയും. അതിൽ നിന്ന് രണ്ട് സാധനങ്ങൾ രണ്ട് വസ്തുക്കൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഫ്രിക്ഷൻ ഉണ്ടാവുകയും അതിലൂടെ ചൂട് പുറത്തുവരികയും അത് അന്തരീക്ഷത്തിൽ ഓക്സിജനുമായി കലർന്ന് തീ ഉണ്ടാവുകയും ചെയ്യുന്നത് പറഞ്ഞു പഠിപ്പിക്കാവുന്നതാണ്.
ഇത്തരം രീതിയിലുള്ള ടീച്ചിംഗിൽ കുട്ടികൾ ആകൃഷ്ടരാവും. കുട്ടികൾക്ക് ആകാംഷ വർദ്ധിപ്പിച്ച് അവരെ കൂടി ക്ലാസ്സിൽ പങ്കെടുപ്പിച്ച് ക്ലാസ്സെടുത്താൽ അവർ കൂടുതൽ ഉന്മേഷവാന്മാരായിരിക്കും.
മുൻകാലങ്ങളിൽ നിന്ന് മാറി ഈ കാലത്ത് അധ്യാപകന്റെ ചുമതല എന്നാൽ വിവരങ്ങൾ വിതരണം ചെയ്യലിൽ നിന്ന് മാറി വിമർശനാത്മകമായി ചിന്തിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും സമൂഹത്തിന് പ്രയോജനകരമായി അവരെ മാറ്റലാകുന്നു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം പുനർക്രമീകരിക്കേണ്ടതുണ്ട്. പാഠ്യവിഷയ പ്രഭാഷണങ്ങൾക്കപ്പുറം വിദ്യാർത്ഥികളെ സ്വന്തം വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നതായും അറിവ് നേടുന്നത് അവരുടെ ആവശ്യമായി മാറി അവർക്ക് അധ്യാപകർ സ്കഫോൾഡേഴ്സ് ആവണം.

പ്രൊഫഷണലാവണം
ഒരു അധ്യാപകൻ പ്രൊഫഷണലായി തീരാൻ ക്ലാസ് മുറിയിൽ എന്നപോലെ അധ്യാപകൻ പുറത്തും അത്രയുമോ അതിലധികമോ സമയം ഇതിനായി ചെലവഴിക്കേണ്ടതുണ്ട്.


“അധ്യാപകൻ കെട്ടിനിൽക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന അരുവികളെ പോലെയാണ്.” എന്നാണ് ഡോ. എസ്. രാധാകൃഷ്ണൻ പറഞ്ഞു വെച്ചിട്ടുള്ളത്.
അനുനിമിഷം പുതുമ കൈവരിക്കുന്ന പുതിയ കാലഘട്ടത്തിൽ പുതുമ കണ്ടെത്തുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് നിരന്തരം പഴറ്റി പോകുന്ന തന്ത്രങ്ങൾക്കുപ്പുറമെ പുതിയ സാങ്കേതിക വിദ്യകൾ, ഡീപ് സീകിനെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ഉപയോഗപ്പെടുത്തി അതിൽ അവഗാഹം നേടി പുതുതലമുറയിലെ കുട്ടികൾക്ക് ഒരു പടി മുകളിലെങ്കിലും അല്ലെങ്കിൽ അവർക്കൊപ്പമെങ്കിലും എത്താൻ സാധിക്കണം.
ടീച്ചിങ് എയ്ഡുകളും മോഡലുകളും പരിഷ്കരിക്കേണ്ടിയിരിക്കുന്നു. പുതുമ തേടുന്നവരാണ് കുട്ടികൾ. പഴയ വീഞ്ഞ് പുതിയ കുപ്പി എന്നതിനുപകരം പുതിയ വീഞ്ഞ് പുതിയ കുപ്പിയിൽ പുതിയ ലേബലിൽ അവർക്ക് നൽകാൻ കഴിയണം. അപ്പോഴാണ് വിദ്യാർത്ഥികൾക്ക് അധ്യാപകനിൽ താല്പര്യം ജനിക്കുകയും കുട്ടി നമ്മെ കേൾക്കാൻ താല്പര്യപ്പെടുകയും ചെയ്യുന്നത്.
പുതിയ കാലഘട്ടത്തിൽ അധ്യാപനം എന്നത് അറിവ് പകരുന്നതിനപ്പുറം തിരിച്ചറിവ് പകരലാണ്. ലേണിംഗിനപ്പുറം അൺലേൺ ചെയ്യിപ്പിക്കലാണ്. അറിവിനുള്ള വാതായനങ്ങൾ നിരവധിയാണ്. ശരിയായ അറിവും തെറ്റായ അറിവും വേർതിരിച്ചു കാണാനും വേർതിരിച്ച് മനസ്സിലാക്കാൻ അവരെ പ്രാപ്തരാക്കലാണ്. ധനസമ്പാദനത്തോടൊപ്പം ധനം എങ്ങനെ ചെലവഴിക്കണം ഏത് രൂപത്തിൽ ചെലവഴിക്കണം എന്നുകൂടി പഠിപ്പിക്കലാകുന്നു.

പുതിയ രീതികൾ

• ഗെയിമിഫിക്കേഷൻ: പഠനം കൂടുതല് രസകരമായതും ആകര്ഷണീയമായതാക്കാനും പറ്റിയ ഒരു മാർഗ്ഗമാണിത്. പരമ്പരാഗത രീതിയില് നിന്ന് മാറി പഠനവിഷയം ഒരു കഥയായി അവതരിപ്പിച്ച് അതിനെ വ്യത്യസ്ത തട്ടുകളിലായി അണിനിരത്തി ലെവൽസ് (Levels) ആക്കുക. ഒരോ ഉപവിഷയങ്ങള് പഠിച്ചു തീരുമ്പോള് പ സമ്മാനങ്ങളും റിവാര്ഡുകളും പോയിന്റ്സും നല്കി പുതിയ ചലഞ്ചുകള് നല്കുക. ഇങ്ങനെ പഠനത്തെ ഒരു സാഹസിക യാത്രയായി മാറ്റുക. ഇത്തരം രീതികള് കുട്ടികളെ ആഴത്തിൽ വിഷയം മനസ്സിലാക്കാൻ പ്രചോദിപ്പിക്കുന്നു.

• ടീം ടീച്ചിംഗ്: ഏറ്റവും നൂതന രീതിയായ ടീം ടീച്ചിങ്. കുട്ടികളെ സംഘങ്ങളാക്കി പരസ്പരം അധ്യാപനം നടത്തുന്ന രീതി കുട്ടികളിലെ കഴിവുകൾ ഉത്തേജനം ചെയ്യപ്പെടുകയും അധ്യാപകനും ഒപ്പം നിൽക്കുകയും ചെയ്യുന്ന രീതി.കുട്ടികള്ക്ക് അവരുടെ കഴിവ് വര്ദ്ധിപ്പിക്കാനും പരസ്പരം ടീച്ച് ചെയ്ത് അവർക്ക് അവരുടേതായ രൂപത്തില് അതിനെ മാറ്റിയെടുക്കാനും മനസ്സിലാക്കി മറ്റുള്ളവര്ക്ക് പറഞ്ഞു കൊടുക്കാനും കഴിയുന്നു. ഇത്തരം രീതികളില് കുട്ടികളെ പ്രതിസന്ധികളെ തരണം ചെയ്യാനും അതുപോലെതന്നെ നന്മയും സഹവര്ത്തിത്വവും വളർത്താനും സാധിക്കും. ഇത്തരം രീതിയിലുള്ള അധ്യാപനങ്ങൾ കുട്ടികളിൽ നന്മ പകരുകയും അധ്യാപകർക്ക് യഥാര്ത്ഥ രൂപത്തിലുള്ള വഴികാട്ടികളാകാൻ സാധിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *