മരണമായിരുന്നു അവരുടെ വിശപ്പകറ്റിയത്
കണ്ണീര് പോലും പുറത്തേക്ക് ഒഴുക്കാതെ ദാഹജലമാക്കി കുടിച്ചിറക്കി
മരണം അവർക്ക് ആശ്വാസമായിരുന്നു
ചളുങ്ങിയ പാത്രത്തിൽ
ഒട്ടിയ വയർ നിവർത്താൻ
വഴിക്കണ്ണുമായ് കാത്ത് നിൽക്കുന്നു
ക്രൂരതക്കിത്ര ആഴമുണ്ടെന്നതോരോ കണ്ണിലും നിഴലിച്ച് നിൽക്കുന്നു
ഋതുക്കളുടെ മാറ്റങ്ങളറിയാത്ത നാട്
വസന്തവും വർഷവും
ഗ്രീഷ്മവും മഞ്ഞും
സൗന്ദര്യമില്ലാത്ത വെറും കാലങ്ങൾ
പുസ്തകങ്ങളിലെ മഴവില്ല്ന് നിറമേകാനിനി ആര് വരും
ആമാശയം കത്തുന്നിടക്ക്
പുസ്തകത്തിൻ ചന്തമാർക്ക് വേണം
നെഞ്ചിൽ ചേർത്ത നാട്
അവശിഷ്ടങ്ങളായ് നിലം പൊത്തി
കളിപ്പാട്ടങ്ങളിൽ ചെളി പുരണ്ടു
കിടപ്പാടം എരിഞ്ഞമർന്നു
ആത്മബലത്താൽ
മനസ്സ് വെട്ടിത്തിളങ്ങി
പറുദീസയിൽ കുരുന്നുകൾ
വിശപ്പില്ലാതെ പാറിപ്പറന്നു