“കൂട്” എന്ന വാക്കിലേക്കു നോക്കൂ. ആരൊക്കെയോ കൂടെയുണ്ടായതിൽ നിന്നോ, കൂടെയിരുന്നതിൽ നിന്നോ, കൂട്ടു കൂടിയതിൽനിന്നോ നെയ്തെടുത്തതാണെന്നു തോന്നുന്നു.
കൂട്ടു വേണമെന്ന് തോന്നിയിട്ടുണ്ടോ..?
പൂക്കാലങ്ങളിൽ വിരൽത്തുമ്പായും, മഴക്കാലങ്ങളിൽ കൈച്ചൂടായും കൂടെയുണ്ടെന്നു പറയാതെയറിയുന്ന, സ്നേഹ നിബിഡമായ ഹൃദയ കരങ്ങൾ.
ഏകനായ ദൈവം, മനുഷ്യനെ ഒരിക്കലും ഏകാന്തനായി നിലനിർത്തുന്നില്ല. ആദ്യകാലം മുതൽ അന്ത്യനേരം വരെ ലാവണ്യമുള്ള നെഞ്ചിനുടമകളെ കുടയായി നൽകി കൂട്ടായി തുന്നിച്ചേർത്തു, ചൂട്ടായി മണ്ണിൽ ചേർത്തു.
ഏറെ പണിപ്പെടാനില്ലായിരുന്നിട്ടും, മുഖത്തൊരു ചിരി തെളിയണമെങ്കിൽ മുമ്പിലെത്തുന്ന മുഖമൊന്നു ചിരിക്കണം.
നെഞ്ചു പിടയുന്നത്തും കണ്ണു കലങ്ങുന്നതുമെല്ലാം ആ മുഖങ്ങൾ വഴിയാണ്. മനുഷ്യരായ മനുഷ്യരിലധികവും പിറന്നുവീണത് കൂട്ടിലേക്കാണ്.
“കൂട്” എന്ന വാക്കിലേക്കു നോക്കൂ. ആരൊക്കെയോ കൂടെയുണ്ടായതിൽ നിന്നോ, കൂടെയിരുന്നതിൽ നിന്നോ, കൂട്ടു കൂടിയതിൽനിന്നോ നെയ്തെടുത്തതാണെന്നു തോന്നുന്നു.
തിരികെ മടങ്ങുവാൻ ഒരു കൂടുള്ളതും കൂടോടു ചേർന്ന എണ്ണമറ്റ കൂട്ടുകൾ ഉള്ളതും ജീവിതത്തിനുള്ള കാരണം ആവുന്നു.
മരണം കൊണ്ട് വിരലറ്റം വേർപെടുമ്പോഴും ഓർമയിൽ പമ്മി നിൽക്കുവാനും ഇടയ്ക്കു വഴുതി കണ്ണിൽ വീഴുവാനും കരട് വീണെന്നു പറഞ്ഞൊളിക്കുവാനും ഒരു പറ്റം കൂട്ടുകളില്ലായിരുന്നെങ്കിൽ മനുഷ്യൻ കരയുമായിരുന്നോ..?
ഇന്നു നടന്നതും ഇന്നലെ കഴിഞ്ഞതുമായ നടപ്പാതകളിൽ വെളിച്ചവും, നാളെ ഉണ്ടായേക്കുമെന്നു കരുതുന്ന മരപ്പാലത്തിൽ ഇരുട്ടുമാണ് സമ്പാദ്യം. ഇരുട്ടു പൊട്ടിക്കാൻ വെളിച്ചം വേണം. നാളിതുവരെ തെളിഞ്ഞു നിൽക്കുന്ന ചൂട്ടും റാന്തലും ടോർച്ചും ഫ്ലാഷ് ലൈറ്റും അതിൽ തലോടുന്ന കരങ്ങളുമാണ് ദൈവത്തിന്റെ കയ്യൊപ്പ്. ജീവിതത്തിന്റെ തുടിപ്പ്. തുടർന്നുവരുന്ന രാക്കൂട്ട്.
തീർന്നില്ലാ, മരക്കൂട്ടത്തിനിടയ്ക്ക് ഒറ്റപ്പെടുന്ന മനുഷ്യസഞ്ചാരിക്ക് മാമരത്തണലിന്റെ കൂട്ട്.
മഴപ്പാച്ചിലിൽ മേനി നനയുന്ന മാടപ്രാവിന് ഇലച്ചില്ല കൂട്ട്.
വെയിൽചില്ലയിൽ വാടി മടങ്ങുന്ന എനിക്കും നിനക്കും മടിച്ചില്ല കൂട്ട്.
കൂട് കെട്ടിപ്പൊക്കി, കൂട്ടിക്കെട്ടി, കൂട്ടുകെട്ടായി മാറിയ നമ്മുടെ ചുറ്റുപാടിൽ കൂട്ടില്ലെന്നു പറയരുത്. കൂടില്ലെന്നു കരയരുത്.
തീർന്നില്ലാ…തീരുന്നില്ലാ…നിറക്കൂട്ട് പോലെ, കറിക്കൂട്ട് പോലെ, രസക്കൂട്ട് പോലെ. കൂടുമ്പോൾ അൻപ് തുളുമ്പുന്ന കളിക്കൂട്ട്…നമ്മുടെ ചിരിക്കൂട്ട്.