സൗഹൃദത്തിന്റെ പരിണാമം

249

ഓനും ഞാനും
തമ്മിലുള്ള സൗഹൃദം
മത സൗഹാര്‍ദമായി
പരിണമിച്ചതില്‍ പിന്നെയാണ്,
ഓനെന്റെ ഹിന്ദുസുഹൃത്തും
ഞാനോന്റെ മുസ്ലിം സുഹൃത്തുമായി മാറിയത്.

എന്റെ വീട്ടില്‍ നിന്നവന്‍
കഴിക്കുന്ന ചോറും ഓന്റെ
വീട്ടില്‍ നിന്ന് ഞാന്‍ കഴിക്കുന്ന ചോറും വരെ
മത സൗഹാര്‍ദത്തിന്റെ
പ്രതീകങ്ങളായി പരിണമിച്ചത്.

ഓണമുണ്ട് ഞാനും
പെരുന്നാളുണ്ട് ഓനും
മതസൗഹാര്‍ദത്തിന്റെ
ഉദാത്ത മാതൃകകളായി.

മലക്ക് പോകാന്‍ മാലയിട്ട
ഓന്റെയൊപ്പം തൊപ്പി വെച്ച് ഞാ
നൊരു ഫോട്ടോയെടുത്തു.

കെകള്‍ കടന്നു
സോഷ്യല്‍ മീഡിയയിലത്
വയറലായി.

ഞങ്ങള്‍ വീണ്ടും
മതസൗഹാര്‍ദ്ദത്തിന്റെ
പ്രതീകങ്ങളായി.

ഒരു പെരുന്നാളിനെന്തോ
പ്രയാസം കാരണം
ഓനെത്തിച്ചേരാന്‍
കഴിയില്ലെന്നറിയിച്ചപ്പോ
ഞാനോന്റെ
മതസൗഹാര്‍ദത്തിന്റെ
ആഴമളന്നു.

അക്കൊല്ലമോണത്തിന്തി
രക്കഭിനയിച്ചു
ഞാനതിന് പകരം വീട്ടി
വീട്ടിലിരുന്നു.

കാരണമന്വേഷിച്ചറിഞ്ഞ
ഉമ്മ കയ്യിലുണ്ടായിരുന്ന തവി കൊണ്ടൊന്നു തന്ന്,
സൗഹൃദമെന്നാഡാ…മതം സ്വീകരിച്ചതെന്നലറി.

അടിയേറ്റ പാടില്‍
കൈ വെച്ച്
ഞാന്‍ ഞങ്ങള്‍ക്കിടയിലെ
സൗഹൃദത്തെ
വെറുതെയൊന്ന്
തിരഞ്ഞു നോക്കി.

മതസൗഹാര്‍ദ്ദത്തിന്റെ
കുത്തൊഴുക്കില്‍ പെട്ട്
സൗഹൃദങ്ങളൊക്കെയും
ശ്വാസം മുട്ടി
മരിച്ചിരുന്നു.

മതമെന്ത്,
സൗഹൃദമെന്ത്,
മത സൗഹാര്‍ദമെന്ത്,
ഒരു നെടുവീര്‍പ്പോടെ
ഞാന്‍ ഓര്‍ത്തു നോക്കി.

ഒന്നു തൊട്ടിനിയും
പഠിച്ചിടേണം
നമ്മള്‍
സൗഹൃദങ്ങളെ
കാത്തു വെക്കാന്‍.