തട്ടിപ്പ് ഡിപ്ലോമകള്‍ വ്യാപകം; ജാഗ്രതൈ

314
0

പഠനം കഴിഞ്ഞ ഉടൻ ജോലി, 100% പ്ലേസ്മെന്റ് തുടങ്ങിയ മോഹന വാഗ്ദാനങ്ങളോടെ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ കൂണുപോലെ മുളച്ചു പൊന്തുകയാണ്. Oil & Gas, MEP, HVAC, Piping, Welding, Rig Technology, Logistics, NDT & QC Diploma തുടങ്ങി നിരവധി ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്സുകളാണ് ഇവര്‍ ഓഫര്‍ ചെയ്യുന്നത്.

വാഗ്ദാനപ്പെരുമഴ
വിദ്യാർത്ഥികളെ സ്വാധീനിക്കുന്നതിനു വേണ്ടി പല മാർഗങ്ങളും ഇവർ സ്വീകരിക്കുന്നുണ്ട്. പഠിക്കുന്ന സമയത്തു പാര്‍ട്ട് ടൈം ജോലിയും (സൂപ്പർ മാർക്കറ്റിലെ പാക്കിംഗ്, കാറ് കഴുകൽ, ഫുഡ് ഡെലിവറി മുതലായവ. ന്യായം പറയുന്നത് വിദേശത്ത് പഠിക്കാൻ പോകുന്നവരിൽ പലരും ചെയ്യുന്ന പാർട് ടൈം വർക്കുകൾ ഇതൊക്കെയാണെന്ന്), പഠിച്ചു കഴിഞ്ഞാൽ ഉടൻ ജോലിയും വാഗ്ദാനം ചെയ്യുന്നവരുണ്ട്. ഇക്കൂട്ടത്തിൽ വിദേശത്ത് On Job Training ഉം ജോലിയും വരെ വാഗ്ദാനം ചെയ്യുന്നവരുണ്ട്.

കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും, എന്തിനേറെ വിദേശ രാജ്യങ്ങളിൽ വരെ ബ്രാഞ്ചുകളുള്ളതായി കാണിച്ചു അവരുടെ സ്ഥാപനം വലിയ സംഭവമാണ് എന്ന പ്രതീതി ജനിപ്പിക്കും. വലിയ വലിയ കമ്പനികളുടെ ലോഗോ ഇവരുടെ ബ്രോഷറുകളിലും വെബ്സൈറ്റുകളിലും കൊടുത്തിരിക്കുന്നത് കാണാം. അത്തരം കമ്പനികളിൽ ജോലി ലഭിക്കും എന്നൊക്കെയാണ് വാഗ്ദാനം. പക്ഷെ ഒന്നും സംഭവിക്കാറില്ലെന്ന് മാത്രം.

കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും, എംബസി അറ്റസ്റ്റേഷന്‍ ചെയ്യാം എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ. പക്ഷെ വസ്തുത എന്തെന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് എന്നൊക്കെ ഇവര്‍ പറയുന്നത് NGO കൾ കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റുകളെയാണ്. സര്‍ട്ടിഫിക്കറ്റുകൾക്ക് ഒരു Issuing Authority ഉണ്ടെങ്കിൽ എംബസി അറ്റസ്റ്റേഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടൊന്നുമില്ല.

ജാഗ്രതൈ..!!!
വിദേശ ജോലി ആഗ്രഹിക്കുന്നവരാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ഇരകൾ. കൂടാതെ, ബി.ടെക് കഴിഞ്ഞവരെയും പ്രധാനമായും നോട്ടമിടുന്നു. ബി.ടെക് ബിരുദക്കാരുടെ ബാഹുല്യവും, തൊഴില്‍ മേഖലയിലെ മാന്ദ്യവും മുതലെടുത്താണ് ഇത്തരം സ്ഥാപനങ്ങള്‍ തടിച്ചു കൊഴുക്കുന്നത്.

ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങൾ മൂന്നോ നാലോ വർഷം കൂടുമ്പോൾ അവരുടെ പേരുകൾ മാറ്റുന്നതും കണ്ടിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഈ സ്ഥാപനങ്ങളുടെ തട്ടിപ്പിനിരയായ പലരും ഇവർക്കെതിരെ പ്രതികരിക്കുമ്പോഴാണ് പലപ്പോഴും പേര് മാറ്റുന്നത്.

AWS/ ASNT/ ASME/ TUV/ API മുതലായ സ്ഥാപനങ്ങളുടെ മെമ്പർഷിപ്പെടുത്ത് അവരുടെ ലോഗോ കാണിച്ചു ക്യാന്‍വാസിംഗ് ചെയ്യുന്ന സ്ഥാപനങ്ങളെയും കാണാം. ഫീ കൊടുത്താൽ ആർക്കും ലഭിക്കുന്നതാണ് ഈ സ്ഥാപനങ്ങളുടെ മെമ്പർഷിപ്പുകളെന്ന് മനസ്സിലാക്കുക. ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റാണ് അവർ നല്‍കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഈ പരിപാടി.

എഞ്ചിനീയറിംഗ് മേഖലയിലെ തട്ടിപ്പുകള്‍
മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ക്കായി ഇവര്‍ നടത്തുന്ന ഡിപ്ലോമ കോഴ്സുകളാണ് Diploma in HVAC, Diploma in MEP, Diploma in Oil & Gas, Diploma in Power Plant Technology, Diploma in Piping Engineering, Diploma in Pipeline Engineering, Diploma in Welding Engineering, Diploma in NDT, QA/QC Diploma, Rig Technology, Diploma in Piping Design തൂടങ്ങിയവ. ഇതിന്റെ കൂടെ Six Sigma കോഴ്സ് നടത്തുന്നവരുമുണ്ട്. Oil and Gas ല്‍ MBA പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങളെയും കാണാം.

ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗക്കാർക്കു വേണ്ടിയും ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്. Diploma in SCADA (Supervisory Control and Data Acquisition), Diploma in PLC (Programmable Logic Controller), Diploma in Industrial Automation മുതലായ കോഴ്സുകള്‍ അവയില്‍ ചിലത് മാത്രം.

സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് വേണ്ടി QA/QC Diploma, NDT Diploma എന്നീ കോഴ്സുകൾ നടത്തപ്പെടുന്നു. പക്ഷെ സിവില്‍ പ്രൊജക്ടുകളില്‍ എവിടെയും NDT (Non Destructive Testing) ചെയ്യപ്പെടുന്നില്ല എന്നിരിക്കെ അത് പഠിച്ചിട്ടെന്ത് പ്രയോജനം?

യഥാര്‍ത്ഥത്തില്‍ ഇവയൊന്നും വലിയ തുക മുടക്കി പഠിക്കേണ്ട കാര്യമൊന്നുമില്ല. എഞ്ചിനീയറിംഗ് കഴിഞ്ഞവർക്ക് On Job Training ലഭിച്ചാൽ ചെയ്യാവുന്ന ജോലികളാണിവ എന്ന സത്യം ആരും മനസിലാക്കുന്നില്ല. വിദേശ ജോലി, പ്രത്യേകിച്ചും OIL & GAS മേഖലയിലാണ് നിങ്ങൾ ജോലി ആഗ്രഹിക്കുന്നതെങ്കിൽ International Recognition (ISO / American / British) ഇല്ലാത്ത കോഴ്സുകളും സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല എന്നതാണ് സത്യം.

Mechanical / Civil / Electrical / Electronics / Instrumentation മേഖലകളിലെ സൈറ്റ് എഞ്ചിനീയര്‍/ സൂപ്പര്‍വൈസര്‍/ ടെക്നീഷ്യന്‍ ജോലി ലഭിക്കുന്നതിന് പ്രത്യേക കോഴ്സുകൾ ചെയ്യേണ്ട കാര്യമൊന്നുമില്ല. പ്രൊജക്ടിലെ ഡ്രോയിംഗുകൾ നോക്കാനുള്ള അറിവുണ്ടായാൽ മതി. ജോലി സ്ഥലത്തുനിന്നു തന്നെ പഠിച്ചെടുക്കാവുന്ന കാര്യമാണിത്.

Quality Assurance / Quality Controller (QA/QC) ജോലി ലഭിക്കുന്നതിനാണ് കൂടുതൽ അറിവ് ആവശ്യം. American Standard / British standard പ്രകാരമുള്ള വര്‍ക്ക് എക്സ്പീരിയന്‍സാണ് പ്രധാനം. കൂടാതെ American/British കോഴ്സുകളും ഇതിനായി ചെയ്യണം. ഈ കോഴ്സുകൾക്ക് ഏകദേശം ഒരു ലക്ഷം രൂപയിലധികം ചിലവ് വരും. ഫീസ് ഡോളര്‍/പൌണ്ട് ആയി അടക്കേണ്ടി വന്നേക്കും. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് Certified Electrical Inspector (IAEI) കോഴ്സ് ചെയ്യാവുന്നതാണ്.

മെക്കാനിക്കല്‍ വിഭാഗത്തിൽ QA/QC ജോലി ലഭിക്കാൻ ചില സ്പെഷലൈസേഷന്‍ കോഴ്സുകൾ ചെയ്യേണ്ടതായി വരും. Welding Inspection, Non Destructive Testing (NDT), Coating Inspection എന്നിവയാണ് അതിൽ പ്രധാനമായവ. American / British സ്റ്റാൻഡേർഡ് സര്‍ട്ടിഫിക്കറ്റെടുത്താല്‍ മാത്രമേ കാര്യമുള്ളൂ എന്നതാണ് വാസ്തവം. അതെന്തുകൊണ്ടെന്നു വച്ചാൽ ഓയില്‍ & ഗ്യാസ്, കപ്പല്‍ നിര്‍മ്മാണം, പവര്‍ പ്ലാന്റ് പോലുള്ള വൻകിട വ്യവസായങ്ങൾ ഇന്റര്‍നാഷണല്‍ സ്റ്റാന്റേഡ്സ് (ASME/API/ABS/AWS/BSI/ANSI etc.) അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

യാതൊരു സാമൂഹിക പ്രതിബദ്ധധയുമില്ലാത്ത മീഡിയകൾ ഇവരുടെ പരസ്യങ്ങൾ പതിവായി അച്ചടിച്ച് വിടുന്നതാണ് ഏറെ ദുഃഖകരം.

നാം എന്ത് ചെയ്യണം?

• ജോലി സാധ്യതയെക്കുറിച്ചും അതിനു വേണ്ട യോഗ്യതയും സെര്‍ട്ടിഫിക്കറ്റുകളും ഏതൊക്കെയാണെന്നും അന്വേഷിച്ചറിയുക. പത്രങ്ങളിലെ തൊഴിലവസരങ്ങളും യോഗ്യതുയും പരിശോധിച്ചാല്‍ ഇതേക്കുറിച്ചുള്ള കുറേ ധാരണ ലഭിക്കും.
• സ്ഥാപനങ്ങളോ അവരുടെ ഏജന്റുമാരോ (അത് നിങ്ങളുടെ ഉറ്റചങ്ങാതിമാരോ, കൂടുംബക്കാരോ വരെയാകാം) പറയുന്നത് മാത്രം കേട്ട് കോഴ്സിന് ചേരാതെ വര്‍ക്ക് എക്സ്പീരിയന്‍സുള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം കോഴ്സുകൾക്ക് ചേരുക. Job Shadowing/job mentoringന് പ്രാപ്തരായവരെ കണ്ടെത്തി സഹായം തേടണം.
• കോഴ്സിന് ചേരുന്നതിനു മുൻപ് സ്ഥാപനത്തെക്കുറിച്ചും സെര്‍ട്ടിഫിക്കേഷനെ കുറിച്ചും നന്നായി അന്വേഷിക്കുക.
• സ്ഥാപനങ്ങളുടെ പ്രാക്ടിക്കല്‍ സൌകര്യങ്ങള്‍ നേരിൽ കണ്ട് ഉറപ്പു വരുത്തുക. വെൽഡിങ് ചെയ്ത് വച്ചിരിക്കുന്ന കുറച്ചു ഇരുമ്പ് പൈപ്പുകളാണ് പല സ്ഥാപനങ്ങളിലെയും PIPING/ WELDING കോഴ്‌സിന്റെ പ്രാക്ടിക്കല്‍ സൌകര്യങ്ങള്‍. അധികം പണച്ചിലവില്ലാതെ വിദ്യാർത്ഥികളെ പറ്റിക്കാനുള്ള വഴി ആണിത്. FIT-UP INSPECTION ഉം WELDING INSPECTION ഉം ചെയ്ത് പഠിക്കാനുള്ള അവസരം ഉണ്ടാകണം. കൂടാതെ NDT പ്രാക്ടിക്കലിന് വേണ്ട ടെസ്റ്റിംഗ് ഉപകരണങ്ങൾ അത്യന്താപേക്ഷിതമാണ്.
• അധ്യാപകരുടെ യോഗ്യത, മുന്‍പരിചയം എന്നിവ ഉറപ്പു വരുത്തുക.
• ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫിക്കേഷന് മാത്രം പ്രാധാന്യം കൊടുക്കുക. STED Council/ NACELL/ NSDC/ NACTET/ KASE / TUV പോലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പരമാവധി ഒഴിവാക്കുക. ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫിക്കേഷന്‍ ചെയ്യുന്ന സ്ഥാപനങ്ങളുടെ അഫിലിയേഷന്‍ ഉറപ്പു വരുത്തുക. മെമ്പര്‍ഷിപ്പ് ഉള്ള സ്ഥാപനമായത് കൊണ്ടു മാത്രം യാതൊരു കാര്യവുമില്ല.
• NDT കോഴ്സ് ചെയ്യുന്നവർ ASNT Level 3 നടത്തുന്ന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ മാത്രം പഠിക്കാൻ ശ്രദ്ധിക്കുക

തട്ടിപ്പിന്റെ വ്യത്യസ്ത മുഖങ്ങളെ തിരിച്ചറിയാനായില്ലെങ്കിൽ, നമ്മുടെ കരിയർ യാത്രകൾ തന്നെ അവതാളത്തിലാകും. എന്തിന്നും ഏതിനും പരിചയ സമ്പന്നരും വിശ്വസ്തരുമായ ആൾക്കാരുടെ സഹായം തേടുക എന്നത് മാത്രമാണ് തട്ടിപ്പിൽ നിന്ന് രക്ഷനേടാനുള്ള വഴി

Leave a Reply

Your email address will not be published. Required fields are marked *