പലസ്തീനിലെ കറുത്ത ആകാശത്തിന് മുകളിലൂടെ
അവളേയും കൊണ്ട് മലക്കുകൾ അതിവേഗം പറന്നു പോയി.
കണ്ണുകൾക്ക് തിളക്കമേറിയത് കൊണ്ടാവാം
ആകാശ നീലിമ തല താഴ്ത്തി നിന്നത്.
അന്ന് താരകങ്ങൾക്ക് തിളക്കം
നഷ്ടപ്പെട്ടത് പോലെ തോന്നി.
പ്രകാശം നിറഞ്ഞ അവളുടെ മുഖം
വ്യോമത്തിൽ ഒരു കൊള്ളിയാൻ പോലെ തിളങ്ങി.
മലക്കുകൾ അവളെ ഇമ വെട്ടാതെ
നോക്കിക്കൊണ്ടിരുന്നു.
ആകാശങ്ങൾ ഓരോന്ന് കടന്ന് പോകുമ്പോഴും അവൾ
കൂടുതൽ സൂക്ഷമതയോടെ താഴേക്ക് നോക്കി തന്നെ നിന്നു.
തൂവെള്ള നിറമുള്ള മഞ്ഞ് പോലൊരു പെൺകുട്ടിയോട്
നാഥൻ നിനക്കെന്തു വേണമെന്ന് ചോദിച്ചു.
ഇമയാൽ അവളുടെ മറുപടി ഏഴാകാശങ്ങളെയും
തുളച്ച് കൊണ്ട് പലസ്തീനിലേക്ക് പറന്നിറങ്ങി.