ഇന്നലെയും ഞാൻ സ്വപ്നം കണ്ടിരുന്നു.
എന്താണെന്ന് എത്ര ശ്രമിച്ചിട്ടും ഓർക്കാനാവുന്നില്ല.
പക്ഷെ, നിന്റെ ചിരി കണ്ണടക്കുമ്പോളും
മുന്നിൽ തെളിയുന്നുണ്ട്.
ഇവിടെ മുഴുവൻ മരുന്നിന്റെ മണം ആണ്.
മുറിയിലാകെ ഉമ്മാന്റെ മൗനത്തിന്റെ ശബ്ദവും.
വാക്കുകളൊക്കെയും തൊണ്ട കുഴിയിൽ കുരുങ്ങി കിടക്കുന്നതിനാൽ ഞങ്ങൾക്ക് പരസ്പരം സംസാരിക്കാൻ ആവുന്നില്ല.
ഉപ്പയുടെ നോട്ടം കണ്ടില്ലെന്ന് നടിക്കാൻ ഞാനെപ്പോഴും കണ്ണുകളടച്ചാണ് കിടക്കുന്നത്.
അവസാനമായി നീ അറിയാതെ ഞാൻ കാണാൻ വന്നപ്പോളുള്ള
നിന്റെ ചിരിക്ക് നമ്മുടെ മധു വിധുവിന്റെ അതേ ഛായ ആയിരുന്നു.
കാരണം,
നമ്മുടെ മകനിപ്പോൾ
പഴയ പോലെ
നാലുകാലിൽ വരുന്ന
ഉമ്മാനെ അടിക്കുന്ന
ഉപ്പാനെ പേടിക്കാതെ
ഉറങ്ങാൻ കഴിയുന്നുണ്ടല്ലോ,
പുകയുടെ മണമടിക്കാതെ
നീ ഇപ്പോൾ സ്വസ്ഥമായി ശ്വസിക്കുന്നുണ്ടാവും എന്ന് എനിക്കറിയാം.
ചുണ്ടിന്റെ ഇങ്ങേ തലയിൽ ഞാൻ ആണ് എരിഞ്ഞു തീരുന്നത് എന്നറിയുമ്പോഴേക്കും
മഹേഷ് ഡോക്ടറിന്റെ ഓങ്കോളജി
ഡിപ്പാർട്മെന്റിലേക്ക്
എനിക്ക് സ്ഥാനക്കയറ്റം കിട്ടിയിരുന്നു.
പഴയ ഡയറിയിൽ ഇപ്പോഴും സൂക്ഷിച്ചു വെച്ച നമ്മുടെ ഫാമിലി ഫോട്ടോ ഇടക്ക് എടുത്തു നോക്കാറുണ്ട്.
പക്ഷെ, ഫ്രെയിമിൽ നിന്ന് ഞാനെന്നോ പുറത്തായെന്ന സത്യം ഈയിടെ എന്നെ നോവിക്കാറുണ്ട്.
വെറുതെ ആണെങ്കിലും ഒരിക്കൽ കൂടെ നമ്മൾ ഒരുമിച്ച് ചിരിക്കുമെന്ന് മോഹിക്കാറുണ്ട്.
നീ ഇപ്പോളും പഴയ പോലെ ചൂണ്ടു വിരൽ വരികളോട് ചേർത്ത് വെച്ചാവും ഈ കത്തും വായിക്കുന്നത് എന്ന് എനിക്കറിയാം.
വാക്കുകൾ പുറത്തുവരാത്ത വിധം
രോഗത്തിന്റെ വേരുകൾ വായിലാകെ പടർന്നിരിക്കുന്നു.
അത് കൊണ്ട് ഈ വരികളെ എന്റെ ഹൃദയം കൊണ്ടെഴുതിയ
മാപ്പായി നീ സ്വീകരിക്കുക,
എന്ന്
ഞാൻ
ഒപ്പ്