എൻട്രൻസ് കോച്ചിംഗ് തടവ് ശിക്ഷയോ?

39
0

രാജസ്ഥാനിലെ കോട്ട… കോട്ട എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരിക മെഡിക്കൽ, എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗിന്റെ ഹബ്ബ് എന്ന നിലയിലാണ്. പ്രശസ്തമായ നിരവധി  കോച്ചിംഗ് സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് കോട്ട. എന്നാൽ ഇന്നത് ആത്മഹത്യയുടെ തലസ്ഥാനം കൂടിയായി മാറിയിരിക്കുകയാണ്.

ഈ വർഷം മാത്രം 23 വിദ്യാർത്ഥികളാണ് (ആഗസ്റ്റ് മാസം വരെ) ആത്മഹത്യ ചെയ്തത്. ഈ മാസം മാത്രം അഞ്ചോളം പേർ. കഴിഞ്ഞ വർഷം പതിനഞ്ചോളം പേരും ആത്മഹത്യ ചെയ്തിരുന്നു. ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്ക് തയ്യാറെടുക്കാൻ വർഷംതോറും രണ്ട് ലക്ഷത്തോളം വിദ്യാർഥികളാണ് കോട്ടയിലെത്തുന്നത്.

ആത്മഹത്യകൾ കൂടിയതോടെ കുട്ടികൾ താമസിക്കുന്ന മുറികളിലെ ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കുക, ബാൽക്കണിയും ലോബിയും വലകെട്ടി അടയ്ക്കുക തുടങ്ങിയ കേട്ടുകേൾവിയില്ലാത്ത സുരക്ഷാ നടപടികളിലേക്ക് പല ഹോസ്റ്റലുകളും നീങ്ങേണ്ടി വന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ആത്മഹത്യക്ക് പ്രധാന കാരണം കുട്ടികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദമാണ്. ജെ.ഇ.ഇ, നീറ്റ് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടുകയെന്നത് ഹിമാലയൻ ദൌത്യമാണ് എന്നത് ശെരി തന്നെ. എന്നാൽ ഇതോടൊപ്പം മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ ചുറ്റുപാടിൽ നിലനിൽക്കുന്ന അനാവശ്യമായ പല ഘടകങ്ങളും കുട്ടികളുടെ മാനസിക പിരിമുറുക്കം കൂട്ടുന്നു.

ഒരു ഭാഗത്ത് തങ്ങളുടെ ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്ന രക്ഷിതാക്കൾ നൽകുന്ന പ്രഷർ. മറുവശത്തു ഏതു വിധേനയും പരമാവധി റിസൾട്ട്‌ ഉണ്ടാക്കി പരസ്യം കൊടുത്തു തങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള കോച്ചിംഗ് സ്ഥാപനങ്ങളുടെ അനാവശ്യമായ കാർക്കശ്യങ്ങളുണ്ടാക്കുന്ന പ്രഷർ. മാനസിക സമ്മർദത്തിന് വേണ്ട എല്ലാ ചേരുവകളും കുട്ടികളിൽ പരീക്ഷിക്കപ്പെടുമ്പോൾ അവർക്ക് അത് താങ്ങാൻ പറ്റിയെങ്കിലേ അത്ഭുതമുള്ളൂ.

ആഴ്ചയിൽ വീട്ടിലേക്ക് വിളിക്കാൻ അനുവദിക്കുന്നത് വെറും 10 മിനിറ്റ് (മൂന്നാലു വർഷങ്ങൾക്ക് മുമ്പ് 3 മിനിറ്റായിരുന്നു)…!!! കോട്ടയിലല്ല, മലപ്പുറം ജില്ലയിലെ ഒരു ആവറേജ് എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിന്റെ റൂളാണ്. ദിവസവും ഒരു 10 മിനിറ്റ് വിളിച്ചാൽ കുട്ടിയുടെ പഠനത്തെ ബാധിക്കുമോ? ഇല്ല. പിന്നെ എന്തുകൊണ്ട് അനുവദിക്കുന്നില്ല? കാരണം സമാനതകളില്ലാത്ത കിടമത്സരം നടക്കുന്ന എൻട്രൻസ് കോച്ചിംഗ് മാർക്കറ്റ് പിടിക്കണമെങ്കിൽ കൂടുതൽ കാർക്കശ്യമുള്ള നിയമങ്ങൾ സ്ഥാപനങ്ങൾ നടപ്പിലാക്കണം പോലും.

കൃത്രിമമായി സൃഷ്ടിക്കുന്ന ഇത്തരം സമ്മർദ്ദങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. മത്സര പരീക്ഷ ഏതുമായികൊള്ളട്ടെ, പഠനാന്തരീക്ഷം പരമാവധി വിദ്യാർഥി സൌഹൃദമാക്കേണ്ടതുണ്ട്. വിദ്യാർഥികളുടെ സമ്മർദം കുറക്കാൻ വേണ്ട വിനോദമാർഗ്ഗങ്ങൾ ഹോസ്റ്റലിലോ, കോച്ചിംഗ് സെന്ററിലോ ഒരുക്കേണ്ടതുണ്ട്. എല്ലാ ദിവസവും കുറഞ്ഞ സമയമെങ്കിലും സ്ട്രെസ് മാനേജ്മെന്റിന് വേണ്ടി മാറ്റി വെക്കേണ്ടതുണ്ട്. വിനോദത്തിന് വേണ്ടി അല്പസമയം മാറ്റിവെക്കുക എന്നത് പഠനത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാത്തിടത്തോളം ബലിയാടാകുന്നത് വിദ്യാർത്ഥികളുടെ ജീവിതമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *