എന്റെ പ്രിയപ്പെട്ടവൾക്ക്

174

ഏറ്റവും സ്നേഹം നിറഞ്ഞ എന്റെ സുന്ദരിക്ക്… സുഖമെന്ന് കരുതുന്നു. ഒരുപാട് നാളുകൾക്ക് ശേഷം നിനക്കായി എഴുതാൻ ഇതാ ഒരു അവസരം ലഭിച്ചിരിക്കുന്നു. നിന്റെ സമയത്തെ ഞാൻ മാനിക്കുന്നു, അതുകൊണ്ട് തന്നെ അധികം ഭംഗിവാക്കുകൾ പറഞ്ഞ് ഞാൻ സമയം കളയുന്നില്ല.
പ്രിയപ്പെട്ടവളേ, ജീവിതത്തിന്റെ അർത്ഥതലങ്ങളെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? വൈവിധ്യമാർന്ന സാഹചര്യങ്ങൾ ഒരാളെ പലപ്പോഴും മറ്റൊരാളുടെ കണ്ണിൽ ഒഴിച്ചുകൂടാൻ വയ്യാത്തത്ര പ്രിയപ്പെട്ടവനാക്കുന്നു. എന്നാൽ അതേ സാഹചര്യങ്ങൾ തന്നെ ചിലപ്പോൾ ഒരാളെ വെറുക്കപ്പെട്ടവനാക്കി മാറ്റുകയും ചെയ്യുന്നു. വിദ്യാഭ്യാസപരവും കുടുംബപരവുമായ സാഹചര്യങ്ങൾക്കനുസരിച്ച് ഒരേ വ്യക്തിയെത്തന്നെ പല വീക്ഷണങ്ങളിലൂടെ നാം വിലയിരുത്തേണ്ടി വരാറുണ്ട്.
സങ്കടകരമെന്നു പറയട്ടെ, ഇത്തരം വിധിനിർണ്ണയങ്ങൾ പലപ്പോഴും നമുക്ക് പ്രിയപ്പെട്ടവരുടെ മുഖത്ത് ഒരു കുറ്റവാളിയുടെ മുഖംമൂടി അണിയിക്കുന്നു. നമ്മുടെ ഹൃദയമാകുന്ന പ്രതിക്കൂട്ടിൽ അവരെ നിർത്തി, ശവംതീനി കഴുകന്മാർക്ക് കൊത്തിവലിക്കാൻ പാകത്തിൽ അവരുടെ പച്ചമാംസം നാം ഒരുക്കിക്കൊടുക്കുന്നു.


ചുറ്റുപാടുകളിലേക്ക് നോക്കൂ… നമ്മൾ എന്തുകൊണ്ടാണ് ഇന്നലകളെ ‘ഭൂതകാലം’ എന്ന് വിളിക്കുന്നത്? തീർച്ചയായും ആ നാളുകളെ ഓർക്കാൻ നമ്മൾ ഭയപ്പെടുന്നത് കൊണ്ടാകാം. ഡ്രാക്കുള കോട്ട പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വേദനകളുടെ വിശ്വതാണ്ടവമാണ് ചിലപ്പോൾ ഇന്നലകൾ. ആ കൈപ്പേറിയ ഓർമ്മകളെ ഭയപ്പെടുന്നത് കൊണ്ടാകാം മനുഷ്യൻ അതിനെ ‘ഭൂതം പിടിച്ച കാലം’ അഥവാ ഭൂതകാലം എന്ന് വിളിച്ചത്.


എന്നാൽ സദാ ചലിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ താൻ ജീവിക്കുന്ന നിമിഷത്തെ ‘വർത്തമാനകാലം’ എന്ന് വിളിക്കുന്നു. കാരണം, ഈ നിമിഷം അവൻ പ്രിയപ്പെട്ടവരോട് സംസാരിക്കുകയാണ്. അവനിൽ പ്രതീക്ഷയുടെ ഒരു തിരിനാളമുണ്ട്. ഈ കാലം തന്റെ ജീവിതവിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് അവൻ വിശ്വസിക്കുന്നു.


ഇനി ‘ഭാവിയെ’ കുറിച്ച് പറയുകയാണെങ്കിൽ, അത് പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും കാലമാണ്. വർണ്ണനാതീതമായ സുന്ദര നിമിഷങ്ങൾ സമ്മാനിക്കാൻ പോകുന്ന കാലം! തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന വിശ്വാസമാണ് ഭാവിയെ പ്രണയിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾക്ക് വല്ലാത്തൊരു ചേലുണ്ടാകും. ലോകം മുഴുവൻ തന്നെ അംഗീകരിക്കുന്ന ഒരു ദിവസം വരുമെന്ന ശുഭപ്രതീക്ഷയിലാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്.


നിന്റെ ജീവിതം നോക്കൂ പ്രിയേ… നിനക്കുമുണ്ട് ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും. നിന്റെ ഹൃദയാന്തരങ്ങളിലെ വ്യാകുലതകൾ നിന്റെ കണ്ണുകളിൽ എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. ലോകത്തിന്റെ തുടക്കം മുതൽ മനുഷ്യൻ മറ്റൊരു മനുഷ്യനെ തിരിച്ചറിയാൻ ആഗ്രഹിക്കുന്നു. മറ്റൊരാളുടെ മനസ്സ് വായിക്കാൻ കഴിയുക എന്നത് ഓരോ മനുഷ്യപുത്രന്റെയും മോഹമാണ്. പക്ഷേ ദൈവം ആ സിദ്ധി ആർക്കും നൽകിയിട്ടില്ല എന്നതാണ് കൗതുകം.


നമ്മൾ ഓരോരുത്തരും മറ്റുള്ളവരുടെ സ്നേഹം ലഭിക്കാൻ കൊതിക്കുന്നവരാണ്. പക്ഷേ പ്രിയേ, ഇതൊരുതരം സ്വാർത്ഥതയല്ലേ? ‘അവർ എനിക്ക് മാത്രം സ്വന്തമാകണം’ എന്ന ചിന്ത നീചമായ ഒരു ആഗ്രഹമല്ലേ? ഇന്ന് ലോകത്തുള്ള ഭൂരിഭാഗം മനുഷ്യരും ആഗ്രഹിക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്:

  1. കൂടെയുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയണം.
  2. താൻ സ്നേഹിക്കുന്നവർ തന്നെ തിരിച്ചു സ്നേഹിക്കണം.
  3. വരാനിരിക്കുന്ന കാലത്തെ ഒരു സിനിമ കാണുന്ന ലാഘവത്തോടെ മുൻകൂട്ടി കാണണം.
    സ്വപ്നം കാണാൻ മനുഷ്യൻ പരസ്പരം പ്രേരിപ്പിക്കുമെങ്കിലും, ആ സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നവനെ ‘തെമ്മാടി’ എന്നും ‘തല്ലുകൊള്ളി’ എന്നും വിളിച്ച് ആക്ഷേപിക്കുന്നവരാണ് ഇന്നത്തെ സദാചാരവാദികൾ. ഓർമ്മകളുടെ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നതിനേക്കാൾ നല്ലത് പുതിയ സ്വപ്നങ്ങൾ കണ്ട് ആകാശത്തേക്ക് പറന്നുയരുന്നതാണ്.

  1. നിന്റെ ലക്ഷ്യം കത്തിയെരിയുന്ന സൂര്യനാകട്ടെ. നീ ഉയരങ്ങളിലേക്ക് പറക്കുമ്പോൾ പലരും നിന്നെ പരിഹസിക്കും. നിനക്ക് ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്നും നീ തകർന്നുപോകുമെന്നും അവർ പറയും. നിന്നെ പൊട്ടക്കിണറ്റിലേക്ക് തള്ളിയിടാൻ അവർ ശ്രമിക്കും. പക്ഷേ പ്രിയേ, നീ ഒരിക്കലും തോറ്റു കൊടുക്കരുത്.

  2. എന്റെ കണ്മണീ… നീ ഉയരങ്ങളിലേക്ക് പറക്കുക. നിന്റെ നിശ്ചയദാർഢ്യം നിന്നെ ലക്ഷ്യത്തിലെത്തിക്കും. നീ വിജയിക്കുമ്പോൾ നിന്റെ കാലുവാരാൻ നോക്കിയവർ തന്നെ അഭിനന്ദനങ്ങളുമായി ഓടിയെത്തും. അവർക്ക് നീ പിടികൊടുക്കരുത്. കത്തിയെരിയുന്ന സൂര്യനിൽ എരിഞ്ഞമരുന്ന സൂര്യകാന്തിയെപ്പോലെ വിജയത്തിന്റെ പാരമ്യതയിൽ നീ എത്തുക. നിന്നെ തളർത്താൻ വരുന്നവർക്ക് മുന്നിൽ തലകുനിക്കാതെ നിന്റെ സ്വപ്നങ്ങളിലേക്ക് പറക്കുക.

  3. എവിടെയെങ്കിലും വെച്ച് നിനക്കൊരു കൈത്താങ്ങ് വേണമെന്ന് തോന്നിയാൽ എന്നെ വിളിക്കാം. നിന്റെ ലക്ഷ്യം പൂർത്തിയാക്കാൻ ഏതറ്റം വരെയും ഞാൻ കൂടെയുണ്ടാകും. വരൂ, നമുക്ക് സ്വപ്നങ്ങളുടെ ലോകത്തേക്ക് സഞ്ചരിക്കാം. പ്രണയത്തിന്റെ വശ്യമനോഹരമായ നിമിഷങ്ങളെ ആവാഹിക്കാം.
    ഇവിടെ നിനക്കായി ഞാനുണ്ട്…
    എന്ന്, നിന്റെ സ്വന്തം…