സൗഹൃദങ്ങളാണ് ആഘോഷങ്ങളെ കൂടുതൽ ധന്യമാക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിഷു ദിവസം വന്നെത്തിയത്, അവധിയായിട്ട് ഒരുപാട് കുട്ടികൾ നാട്ടിലാണ്. പരീക്ഷ ഉള്ളതുകൊണ്ട് നാട്ടിൽ പോകാത്ത ചുരുക്കം ചിലരും അല്ലാത്തവരുമായി കുറച്ച് പേർ മാത്രമേ ഹോസ്റ്റലിൽ ഉള്ളൂ. നല്ല വേനലിൽ നോമ്പും പരീക്ഷ ചൂടും ആയപ്പോ ഞങ്ങൾ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയിരുന്നില്ല. വൈകിട്ട് ഭക്ഷണമെടുക്കാൻ പുറത്തിറങ്ങിയപ്പോൾ ചേച്ചി ധൃതിയിൽ ഞങ്ങളോട് പറഞ്ഞു: “രണ്ടു പേരും നോമ്പ് തുറന്നിട്ടു പെട്ടന്ന് വരണം, നിങ്ങൾക്കായിട്ട് എടുത്തു വെച്ച പായസമിരിപ്പുണ്ട്” നോമ്പിനിതുവരെ വീട്ടിൽ പോകാത്ത ഞങ്ങൾക്ക് പായസം എന്ന് കേട്ടപ്പോ പെരുന്നാളിൻ്റെ സന്തോഷമാണ് ഉണ്ടായത്.

ഹോസ്റ്റലിലെ പാചകക്കാരിയാണ് ഞങ്ങളുടെ ജലജ ചേച്ചി. ശരി പെട്ടന്നു വരാം എന്ന് പറഞ്ഞ് ഞങ്ങൾ അല്പം കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നു. സ്നേഹത്തോടെ ചേച്ചി ഞങ്ങൾക്ക് എടുത്തു വെച്ച പായസം തന്നു, ഞങ്ങൾ കുറേ സംസാരിച്ചു. തിരിച്ച് റൂമിൽ എത്തിയപ്പോൾ ഞാനും ഹസ്‌നയും ചേച്ചിയെ കുറിച്ച് സംസാരിച്ചു. ഞങ്ങൾക്കിടയിലെ സൗഹൃദമാണ് ആ പായസത്തിന് കൂടുതൽ മധുരം നുകർന്നത്.