ഈ ആഭാസങ്ങളെ വിവാഹമെന്ന പേരിട്ട് വിളിക്കരുത്

1456
0

കണ്ണൂര്‍ ജില്ലയിലെ ഒരു പ്രദേശത്ത് നടന്ന മുസ്‌ലിം വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൈമാറ്റം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. വിവാഹ ദിനത്തില്‍ വരനെ ഒട്ടകപ്പുറത്ത് ആനയിച്ച് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ, പടക്കങ്ങള്‍ പൊട്ടിച്ച്, റോഡ് ബ്ലോക്ക് ചെയ്തു കൊണ്ടാണ് വധുവിന്റെ വീട്ടിലേക്ക് കൊണ്ടു പോവുന്നതായി വീഡിയോയില്‍ കാണുന്നത്. എയര്‍പോര്‍ട്ട് റോഡ് ബ്ലോക്ക് ആയതോടെ പോലീസെത്തുകയും ലാത്തി വീശുകയും വരെ ചെയ്തു.

മതം വളരെ പവിത്രമായി അനുശാസിചിട്ടുള്ള ഒരു കര്‍മത്തെ ആഭാസമാക്കുകയും സമുദായത്തെ തന്നെ അവഹേളിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മുസ്‌ലിം വിവാഹങ്ങള്‍ മാറുന്നത് വളരെ സങ്കടകരമാണ്. മുസ്‌ലിം നേതൃത്വം വലിയ ഗൗരവത്തില്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള വിവാഹവുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ വളരെ ലളിതവും ചുരുങ്ങിയതുമാണ്. സ്ത്രീയും പുരുഷനും പരസ്പരം കണ്ട് ഇഷ്ടപ്പെടണം. ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ വിവാഹത്തിന് കളമൊരുങ്ങുന്നു. സ്ത്രീയുടെ രക്ഷിതാവ് ‘ഇന്ന സ്ത്രീയെ ഞാന്‍ നിനക്ക് ഇണയാക്കിത്തരുന്നു, വിവാഹം ചെയ്ത് തരുന്നു’ എന്ന് പറയുകയും, പുരുഷന്‍ ‘ഞാന്‍ അത് അംഗീകരിച്ചു’ എന്ന് പറയുകയും ചെയ്യുന്നതോടു കൂടി വിവാഹം പൂര്‍ണമാവുന്നു. വിശ്വാസികളും വിശ്വസ്തരുമായ രണ്ട് സാക്ഷികള്‍ വിവാഹത്തിന് ഉണ്ടാവല്‍ അനിവാര്യമാണ്. അതോടൊപ്പം വരന്‍ വധുവിന് വിവാഹമൂല്യം അഥവാ മഹ്ര്‍ കൈമാറലും നിര്‍ബന്ധമാണ്.

വിവാഹ സത്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ ലളിതമാണ്. വിവാഹത്തോടനുബന്ധിച്ച് വരന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭക്ഷണം നല്കുന്നത് ഇസ്‌ലാം പുണ്യകര്‍മമായാണ് പഠിപ്പിക്കുന്നത്. വലീമ എന്നാണ് ഇതിന് പറയുക. വിവാഹ സദ്യയൊരുക്കേണ്ടത് അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ചാണ്. ആര്‍ഭാടവും ധൂര്‍ത്തും പൊങ്ങച്ചവും കൂടിക്കലര്‍ന്ന വേദികൂടിയാക്കി വിവാഹസദ്യയെ മാറ്റാന്‍ മതം അനുവാദം നല്‍കുന്നില്ല. നബി(സ്വ) സൈനബ(റ)യെ വിവാഹം ചെയ്തപ്പോള്‍ മാംസവും റൊട്ടിയും ആണ് വിവാഹസദ്യ നല്‍കിയത് ( സ്വഹീഹുല്‍ ബുഖാരി 5168). നബി(സ്വ) സ്വഫിയ്യ(റ)യെ വിവാഹം ചെയ്തപ്പോള്‍ ഒരുതരം ഹല്‍വ കൊണ്ട് സത്കാരമുണ്ടാക്കി (സ്വഹീഹുല്‍ ബുഖാരി 5169). സാമ്പത്തികമായ കഴിവും സാധ്യതയും പരിഗണിച്ചു കൊണ്ടാണ് വലീമത്ത് നല്‍കേണ്ടതെന്ന് ഈ നബിവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.

വിവാഹത്തെ ഇസ്‌ലാം സന്തോഷവേളയായാണ് കാണുന്നത്. വിവാഹത്തിന്റെ ആനന്ദം പങ്കുവെക്കുന്നതിന്റെ ഭാഗമായി വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ഇസ്‌ലാം അനുവദിക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്ത കാര്യമാണ്. വിവാഹ സദസ്സില്‍ പാട്ടുപാടുന്നത് നബി(സ്വ) പ്രോത്സാഹിപ്പിച്ചിരുന്നു. അന്‍സ്വാരിയായ പുരുഷന്റെ അടുത്തേക്ക് ഒരു സ്ത്രീയെ വധുവായി അയച്ചപ്പോള്‍ നബി(സ്വ) പ്രിയപത്നി ആഇശ(റ)യോട് ചോദിച്ചു. ആഇശാ, നിങ്ങളുടെ കൂടെ വിനോദമുണ്ടായിരുന്നില്ലേ? അന്‍സ്വാരികള്‍ക്ക് വിനോദം ഇഷ്ടമാണ് (സ്വഹീഹുല്‍ ബുഖാരി 5162). മറ്റൊരു റിപ്പോര്‍ട്ടില്‍ ദഫ് മുട്ടി പാട്ടുപാടുന്ന പെണ്‍കുട്ടിയെ അയച്ചില്ലേ എന്ന് പ്രവാചകന്‍ ചോദിച്ചതായും കാണാം.

ഇതിനപ്പുറത്തേക്ക് ജനങ്ങളെ ബുദ്ധിമുട്ടിച്ചും ധൂര്‍ത്തടിച്ചും സമ്പത്ത് ദുരുപയോഗം ചെയ്തും മാന്യതയുടെ അതിര്‍വരമ്പുകളെല്ലാം ലംഘിച്ചും നടത്തപ്പെടുന്ന ആധുനിക കൂത്താട്ടങ്ങള്‍ക്ക് വിവാഹമേന്ന പേര്‍ വിളിക്കരുതെന്നാണ് ഇത്തരം ആചാരക്കാരോട് പറയുവാനുള്ളത്.

ഇങ്ങനെയുള്ള വിവാഹങ്ങള്‍ക്ക് അനുമതി നല്കില്ലായെന്ന് തീരുമാനിക്കുവാന്‍ മഹല്ലുകള്‍ തയ്യാറാവുകയും നേതൃത്വം കണിശമായ തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്താല്‍ സമുദായം അപമാനിക്കപ്പെടുന്നതില്‍ നിന്ന് മോചനം ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *