തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥിനി ഡോ.ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. ആത്മഹത്യക്ക് പ്രേരണയായത് സ്ത്രീധനവുമായി ബന്ധപ്പെട്ട സമ്മർദ്ദമാണെന്നാണ് ഷഹനയുടെ ആത്മഹത്യാ കുറിപ്പിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കല്യാണം കഴിക്കുവാൻ ഡോ. റുവൈസ് ആവശ്യപ്പെട്ടത് 150 പവനും ഒരേക്കർ സ്ഥലവും ബി.എം.ഡബ്ല്യു കാറും ഒരു കോടി രൂപയുമായുരുന്നു എന്ന വാർത്തകൾ ഏവരേയും അമ്പരപ്പിക്കുന്നതാണ്. ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌ത്രീധനത്തിനെതിരെയും സ്‌ത്രീധന നിരോധന നിയമത്തിന്റെ ഫലപ്രാപ്‌തി എത്രത്തോളം എന്നെല്ലാമുള്ള ചർച്ചകൾ സജീവമാണ്.
സ്ത്രീധത്തിനെതിരെ സജീവമായ ചർച്ചകൾ ഉണ്ടാവുകയും സമൂഹത്തെ കൂടുതൽ ബോധവത്കരിക്കുകയും വേണമെന്നതിൽ സംശയമില്ല. എന്നാൽ ഡോ.ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വായനകൾ കേവലം സ്‌ത്രീധന സംബന്ധിയായി മാത്രം ഒതുങ്ങേണ്ടതല്ല. അതിലുപരിയായി വർധിച്ചു വരുന്ന ആത്മഹത്യ പ്രവണതയെന്ന വലിയൊരു വിഷയം ചർച്ചയാകേണ്ടതുണ്ട്. ഉന്നത ബിരുദങ്ങളും പി.എച്ച്.ഡികളും കരസ്ഥമാക്കുന്ന വിദ്യാർഥി തലമുറയ്ക്ക് വിദ്യാഭ്യാസത്തിലൂടെ ജീവിത നിലപാടുകൾ ലഭിക്കാതെ പോവുന്നു എന്നു വേണം മനസ്സിലാക്കാൻ.
കേവല ഭൗതികമായ വിദ്യാഭ്യാസങ്ങൾക്കുപരിയായി മതപരവും ധാർമികവുമായ അറിവുകൾ കൂടി വിദ്യാർഥികൾക്ക് ലഭിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിൽ വിവിധ രൂപത്തിലുള്ള പരീക്ഷണങ്ങൾ ഉണ്ടാവുമെന്നതാണ് മതകീയ അധ്യാപനം. ആ പരീക്ഷണങ്ങളിൽ ക്ഷമ അവലംബിച്ച് സധൈര്യം നേരിടുക എന്നതാണ് ജീവിതത്തിൽ സ്വീകരിക്കേണ്ട നിലപാട്. അങ്ങനെ പരീക്ഷണങ്ങളെ നേരിടുന്നവർക്ക് ഇരുലോക ജീവിതത്തിലും വിജയമുണ്ടാകുമെന്നാണ് ഇസ്‌ലാമിക പാഠം.

പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും തളർന്ന് ജീവിതം അവസാനിപ്പിക്കുവാനുള്ള തീരുമാമെടുക്കാൻ മനുഷ്യന്ന് അവകാശമില്ല. ജീവൻ നല്കിയ സ്രഷ്‌ടാവിന് മാത്രമേ ജീവിതം തിരിച്ചെടുക്കുവാനുള്ള അവകാശമുള്ളൂ. ആത്മഹത്യ ചെയ്യുന്നവർക്ക് ഇരുലോക ജീവിതവും നഷ്‌ടപ്പെടുമെന്നും അനശ്വരമായ നരക ശിക്ഷയ്ക്ക് അവർ വിധേയരാവുമെന്നും പ്രവാചകൻ (സ്വ) പഠിപ്പിച്ചു.
മതപരമായ ഈ പാഠങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കാതെ പോവുന്നതിന്റെ ഭവിഷത്താണ് വർധിച്ചു വരുന്ന ആത്മഹത്യ പ്രവണതയുടെ ഒരു മൂല കാരണം. ഭൗതിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നതിലുപരിയായി മതവിദ്യാഭ്യാസത്തെ പരിഗണിക്കൽ അനിവാര്യമാണെന്ന് മുസ്‌ലിം സമുദായം മറന്നുകൂടാ.