കേരളത്തില്‍ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കേരളത്തിനകത്തും പുറത്തുമുള്ള യൂണിവേഴ്സിറ്റികള്‍ ഓഫര്‍ ചെയ്യുന്ന വിദൂര വിദ്യാഭ്യാസം വഴി ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നുണ്ട്. കേരളത്തിലെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ ഡിസ്റ്റന്‍സ് കോഴ്സുകള്‍ക്ക് മാത്രമായി കൊല്ലം ആസ്ഥാനമാക്കി കേരള സര്‍ക്കാര്‍ ആരംഭിച്ച പുതിയ യൂണിവേഴ്സിറ്റിയാണ് ശ്രീ നാരായണ ഗുരു ഓപണ്‍ യൂണിവേഴ്സിറ്റി. യു.ജി, പി.ജി ലെവലിലായി 28ഓളം ഡിസ്റ്റന്‍സ് കോഴ്സുകള്‍ യൂണിവേഴ്സിറ്റി ഓഫര്‍ ചെയ്യുന്നുണ്ട്.
ഡിസ്റ്റന്‍സ് കോഴ്സുകള്‍ക്ക് മാത്രമായി ഒരു യൂണിവേഴ്സിറ്റി എന്ന തീരുമാനം ശ്ലാഘനീയമാണെങ്കിലും ഇതിന്റെ മറവില്‍ കേരളത്തിലെ വിദൂര വിദ്യാഭ്യാസ മേഖല കുത്തകവത്കരിക്കുന്നത് ഗൂണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുക. 2021ലെ ശ്രീ നാരായണ ഗുരു യൂണിവേഴ്സിറ്റി ആക്ടിലെ അദ്ധ്യായം 9, ആക്ട് 72 പ്രകാരം ശ്രീ നാരായണ ഗുരു ഓപണ്‍ യൂണിവേഴ്സിറ്റി ഓഫര്‍ ചെയ്യുന്ന കോഴ്സുകളൊന്നും തന്നെ സംസ്ഥാന നിയമം മൂലം സ്ഥാപിക്കപ്പെട്ട യൂണിവേഴ്സിറ്റികള്‍ക്ക് ഓഫര്‍ ചെയ്യാന്‍ പാടുള്ളതല്ല. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ സംസ്ഥാനത്തിനുള്ളില്‍ ഡിസ്റ്റന്‍സ് കോഴ്സുകള്‍ ഓഫര്‍ ചെയ്യാന്‍ ശ്രീ നാരായണ ഗുരു യൂണിവേഴ്സിറ്റിക്ക് മാത്രമേ സാധിക്കൂ.
ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ മേഖലയിലെ ശ്രീ നാരായണ ഗുരു യൂണിവേഴ്സിറ്റിയുടെ കുത്തകാധികാരം നിരവധി പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ്.
● കേരളത്തിലെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്റെ കേന്ദ്രീകരണം സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയം പ്രയാസം സൃഷ്ടിക്കും. ● കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികള്‍ക്കൊന്നും ഡിസ്റ്റന്‍സ് കോഴ്സുകള്‍ ഓഫര്‍ ചെയ്യാന്‍ അധികാരമില്ലാത്തതിനാല്‍ ഈ മേഖലയില്‍ ആരോഗ്യകരമായ മത്സരമില്ലാതാകും. ഇത് കേരളത്തിലെ ഡിസ്റ്റന്‍സ് കോഴ്സുകളുടെ നിലവാരം തകര്‍ക്കും.
● കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ പ്രധാനപ്പെട്ട വരുമാന മാര്‍ഗമാണ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ഡിപാര്‍ട്ട്മെന്റ് അടച്ചു പൂട്ടുന്നതോടെ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടിയായ യൂണിവേഴ്സിറ്റികള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെടും. ഇത് അവരുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും
.● തങ്ങള്‍ക്കേറ്റവും പ്രാപ്യമായതും സൌകര്യപ്രദവുമായ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിസ്റ്റന്‍സ് കോഴ്സെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ചോയ്സ് നഷ്ടപ്പെടും. ജനസംഖ്യാനുപാതികമായി ഡിഗ്രി സീറ്റുകളില്‍ വന്‍ കുറവുളള മലബാര്‍ മേഖലയടങ്ങുന്ന വടക്കന്‍ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് വലിയ തിരിച്ചടിയാകുക
.● കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഡിസ്റ്റന്‍സ് കോഴ്സുകള്‍ നിര്‍ത്തുന്നതോടെ കൂടുതല്‍ പേര്‍ കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകള്‍ ഓഫര്‍ ചെയ്യുന്ന ഡിസ്റ്റന്‍സ് കോഴ്സുകളിലേക്ക് ചേക്കേറാനുള്ള സാധ്യതയേറെയാണ്. ഇത് കേരളത്തിന് വരുമാന നഷ്ടമുണ്ടാക്കും. അതേസമയം ഭാരതിദാസനിലേക്കും പോണ്ടിചേരി സര്‍വ്വകലാശാലയിലേക്കും കൂടുതല്‍ മലയാളികള്‍ ഒഴുകും.
ഡിസ്റ്റന്‍സ് കോഴ്സുകള്‍ക്കായി പ്രത്യേക യൂണിവേഴ്സിറ്റികള്‍ രാജ്യത്തെ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. എന്നാല്‍ ഡിസ്റ്റന്‍സ് കോഴ്സുകളുടെ നടത്തിപ്പിനുള്ള അവകാശം ആ യൂണിവേഴ്സിറ്റിക്ക് മാത്രം തീറെഴുതി കൊടുക്കുന്നത് ഒട്ടും ഭൂഷണമല്ല. തങ്ങള്‍ക്കേറ്റവും പ്രാപ്യവും ഇച്ഛിക്കുന്നതുമായ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓപണ്‍ കോഴ്സ് തെരഞ്ഞെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ഹനിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകേണ്ടതുണ്ട്. മാത്രമല്ല, കേരളത്തിലെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്റെ നിലവാരം വര്‍ധിപ്പിക്കണമെങ്കില്‍ ഈ മേഖലയില്‍ യൂണിവേഴ്സിറ്റികള്‍ക്കിടയിലെ ആരോഗ്യകരമായ മത്സരം അത്യന്താപേക്ഷിതമാണ്.