വേനലവധിയുടെ ഉല്ലാസം തേടിയാണ് ആദി അമ്മാവന്റെ വീട്ടിലെത്തിയത്. ഒരു ദിവസം അത്യാവശ്യ കാര്യത്തിനായി പുറത്തുപോയ അമ്മാവൻ വീടിന്റെ ചുമതല നാലാം ക്ലാസുകാരനായ ആദിയെ ഏൽപ്പിച്ചു. ആദിയുടെ അമ്മായിയാകട്ടെ രോഗശയ്യയിലുമാണ്.
തൊഴുത്തിൽ നിന്നും പശുവിന്റെ അസ്വസ്ഥത നിറഞ്ഞ കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്നാൽ തന്റെ പുതിയ സുഹൃത്തുക്കളോടൊപ്പം ഓൺലൈൻ ഗെയിമിന്റെ മായാലോകത്ത് മുഴുകിയിരിക്കുകയായിരുന്നു ആദി. പശുവിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് അസ്വസ്ഥയായ അമ്മായി അകത്തുനിന്ന് വിളിച്ചു പറഞ്ഞു: “ആദീ… നീ ആ പശുവിനെ ഒന്ന് നോക്കിയേ, അതിന് എന്തോ പ്രയാസമുണ്ടെന്ന് തോന്നുന്നു.”
ഗെയിമിനിടയിലുണ്ടായ ശല്യം അവനെ ചൊടിപ്പിച്ചു. അമ്മായി വീണ്ടും നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ അവൻ തൊഴുത്തിലേക്ക് നടന്നു. പുറമെ കാര്യമായ കുഴപ്പമൊന്നും കാണാത്തതു കൊണ്ട് ആദി വേഗം തന്നെ തിരികെ പോന്നു. പക്ഷേ, പശു വീണ്ടും ദയനീയമായി നിലവിളിക്കാൻ തുടങ്ങി. ആ ശബ്ദം അസഹനീയമായപ്പോൾ അമ്മായി വീണ്ടും ഉച്ചത്തിൽ വിളിച്ചു ചോദിച്ചു: “എടാ ആദീ, നീ അത് ചെന്ന് നോക്കിയില്ലേ? ആ പാവം മൃഗം ഇങ്ങനെ കിടന്ന് അലറുന്നത് കേൾക്കുന്നില്ലേ?”

തന്റെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുന്നത് ആദിയെ കൂടുതൽ അസ്വസ്ഥനാക്കി. ഇതിനൊരു പരിഹാരം കാണാൻ അവൻ തന്റെ ത്രീഡി ഗ്ലാസ്സും, ബ്ലൂടൂത്ത് സ്പീക്കറുമായി തൊഴുത്തിലേക്ക് ചെന്നു. പശുവിന്റെ കണ്ണുകളിൽ ത്രീഡി ഗ്ലാസ്സ് ഉറപ്പിച്ചു. ഒപ്പം സ്പീക്കറിൽ ഉച്ചത്തിൽ പാട്ടും വെച്ചു. വിചിത്രമായ ആ കാഴ്ചയിൽ പശുവിന്റെ ശബ്ദം പതുക്കെ നിലച്ചു. പ്രശ്നം പരിഹരിച്ചെന്ന ആശ്വാസത്തിൽ ആദി വീണ്ടും തന്റെ ഗെയിമിലേക്ക് മടങ്ങി.
കുറച്ചു കഴിഞ്ഞ് അമ്മാവൻ വീട്ടിലെത്തി. സാധാരണ കേൾക്കാറുള്ള പശുവിന്റെ ഒച്ച കേൾക്കാത്തതിൽ സംശയം തോന്നി. അദ്ദേഹം തൊഴുത്തിലേക്ക് ഓടിച്ചെന്നു. പെട്ടെന്ന് തൊഴുത്തിൽ നിന്നും ‘എന്റെ ദൈവമേ!’ എന്നൊരു നിലവിളി ഉയർന്നു. അമ്മാവന്റെ ആ ഭയചകിതമായ ശബ്ദം കേട്ട് ഓടിയെത്തിയ ആദി കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു; തളർന്നു വീണ അമ്മാവനെയും, ത്രീഡി ഗ്ലാസ്സ് വെച്ച് രണ്ട് കാലിൽ വിറച്ചു നിൽക്കുന്ന പശുവിനെയും!.