ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾ, ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഒട്ടനവധി വിവരങ്ങൾ മാധ്യമങ്ങളിൽ നിന്ന് കൈപ്പറ്റാനാകും.അധികാരത്തിലുള്ള പാർട്ടിയെ നിലംപരിശാക്കാനും തിരികെ അധികാരത്തിലേറ്റാനും എന്തിന്, ഒരു രാജ്യത്തിന്റെ ക്രമസമാധാനം വരെ നശിപ്പിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കും.
മാധ്യമങ്ങൾ സമൂഹത്തിന്റെ കണ്ണാടിയായിരിക്കണം. അഥവാ സമൂഹത്തിൽ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നുണ്ടോ അതെല്ലാം പൊതുജനങ്ങളിലേക്ക് എത്തിക്കേണ്ടത് മാധ്യമങ്ങളാണ്.കാരണം മാധ്യമങ്ങളിലൂടെയാണ് പൊതുസമൂഹം ലോകാവ്യവസ്ഥയെ നോക്കിക്കാണുന്നത് .എന്നാൽ നവമാധ്യമങ്ങളിൽ ഭൂരിഭാഗവും യഥാർത്ഥ കണ്ണാടി ആകുന്നില്ല എന്നതാണ് വസ്തുത. മേലുദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദം മൂലമോ, രാഷ്ട്രീയക്കാർക്കുള്ള സ്വാധീനം മൂലമോ പല മാധ്യമങ്ങളും സത്യം വെളിപ്പെടുത്തുന്നതിന് പകരം അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വാർത്തയെ മാറ്റിമറിക്കുകയാണ്. മാത്രവുമല്ല, ന്യൂനപക്ഷത്തെ ഭീകരവാദികളോ, കൊള്ളരുതാത്തവരോ ആക്കി കൊണ്ടാണ് ഇന്നത്തെ ഓരോ വാർത്തകളും ഭൂമുഖത്ത് എത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി നാം കാണുന്നത് ഇന്ത്യ-പാക്ക് യുദ്ധത്തെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് പല മാധ്യമങ്ങളും. തെറ്റായ വിവരങ്ങൾ നൽകി അതിർത്തിയിലുള്ള ജനങ്ങളെ കൂടുതൽ പരിഭ്രാന്തിയിൽ ആഴ്ത്തുകയാണിവർ. അവരുടെ റീച്ചിനായി പുതിയ അപ്ഡേഷൻ എന്ന് പറഞ്ഞ് മുമ്പ് പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ആവർത്തിച്ച് ജനങ്ങളെ മണ്ടന്മാരാക്കുകയാണ്. എന്നാൽ ഇതിനെയെല്ലാം തരണം ചെയ്ത്, അനീതിയുടെയും അരാജകത്വത്തിന്റെയും മുഖംമൂടികൾ വലിച്ചുകീറി സത്യത്തെ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കുന്ന മാധ്യമപ്രവർത്തകരുമു ണ്ട്.പക്ഷേ അവർക്ക് ഏറെക്കാലം അത് തുടരാനാകില്ല എന്നതാണ് വാസ്തവം.2024 സെപ്റ്റംബറിൽ റഷ്യൻ തടങ്കലിൽ വെച്ച് മരണപ്പെട്ട യുക്രെനിയൻ മാധ്യമപ്രവർത്തകയായ വിക്ടോറിയ റോഷ്ച്ചിന ഇതിനൊരുദാഹരണമാണ്. മരിക്കുന്നതിനു മുമ്പ് റോഷ്ച്ചിന ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി എന്നതാണ് റിപ്പോർട്ട്. യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ യുക്രെയിൻ നിയന്ത്രിത മേഖലയിൽ വച്ച് ആണ് റോഷ്ചിന തടവിലാകുന്നത്.ഫൊറൻസിക് പരിശോധനയിൽ വിക്ടോറിയ ക്രൂര പീഡനത്തിന് ഇരയായതായിട്ടുണ്ടെന്ന് കണ്ടെത്തി. പലതവണ രക്തസ്രാവമുണ്ടായതിന്റെയും വാരിയെല്ല് ഒടിഞ്ഞതിന്റെയും വൈദ്യുതാഘാതം ഏൽപ്പിച്ചതിന്റെയും തെളിവുകൾ ഫോറൻസിക് റിപ്പോർട്ടിലുണ്ട്. പരിക്കുകൾ അവർക്ക് ജീവനുള്ളപ്പോൾത്തന്നെ ഉണ്ടായതാണെന്നാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്. തടവിലാക്കപ്പെട്ട യുക്രെയ്ൻകാരെ റഷ്യ വൈദ്യുതാഘാതമേൽപ്പിച്ചിരുന്നതായി മുൻപും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതുപോലെ ഒരാളാണ് ഹരിയാനക്കാരനായ ധ്രുവ് രാഠി.സാമൂഹിക, രാഷ്ട്രീയ,പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ കാര്യങ്ങളാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നത്. രാഷ്ട്രീയപ്പാർട്ടികളിൽ നടക്കുന്ന കള്ളത്തരങ്ങളെ, ഒരു ഭയവും കൂടാതെ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നു.മോദി ഭരണകൂടത്തെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണത്തോടെയുള്ള വസ്തുതാ പരിശോധനയും വിശദീകരണ ഉള്ളടക്കവും ഉൾക്കൊള്ളുന്ന രാഷ്ട്രീയ വീഡിയോകളുടെ പേരിലാണ് റാഠി പ്രധാനമായും അറിയപ്പെടുന്നത്. 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന മോദി സർക്കാറിനോടുള്ള അതൃപ്തി, രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാറാൻ റാഠിയെ പ്രേരിപ്പിച്ചു . യൂട്യൂബിനെ ഒരു രാഷ്ട്രീയ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഉപയോക്താക്കളിൽ ഒരാളാണ് ധ്രുവ് റാഠി.
ഇത്തരത്തിൽ ജാതി-മത വിവേജനമില്ലാതെ ഏതൊരു പാർട്ടിക്കും അടിയറവ് പറയാതെ സത്യത്തെ ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നതാകണം ഓരോ മാധ്യമങ്ങളും.സത്യം തുറന്നു പറയാൻ മടിയില്ലാത്ത ഒരുപാട് മാധ്യമങ്ങൾ വരുംകാലങ്ങളിൽ പ്രത്യക്ഷപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.