ഡൽഹിയിലേക്കൊരു മടക്കം

66

(ഭാഗം – 2)

ശരീരം ഡൽഹി എയർപോർട്ടിലാണെങ്കിലും മനസ്സ് ഇപ്പോഴും നാട്ടിലെ ഓർമ്മകളിൽ അലയുകയാണ്. ഉപ്പയും ഉമ്മയും ഇക്കാക്കയും പെങ്ങളും കുട്ടിപ്പട്ടാളവുമെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നു. പ്രിയപ്പെട്ട നാട്ടുകാർ, ബന്ധുക്കൾ, പങ്കെടുത്ത കല്യാണങ്ങൾ, ഒത്തുചേരലുകൾ, മതപഠന ക്ലാസുകൾ… അങ്ങനെ ഗൃഹാതുരമായ ഒട്ടേറെ ഓർമ്മകൾ.

കൈയ്യിലെ വാച്ചിൽ നോക്കിയപ്പോൾ സമയം പുലർച്ചെ അഞ്ച് മണി. ഓർമ്മകളിൽ മുഴുകിയപ്പോൾ സമയം പോയതറിഞ്ഞില്ല. ഫെബ്രുവരി മാസമാണ്, പുറത്ത് നല്ല തണുപ്പായിരിക്കുമെന്ന് കരുതി ബാഗിൽ നിന്നും ജാക്കറ്റെടുത്ത് ധരിച്ചു. ട്രോളി തള്ളി ഞാൻ പുറത്തിറങ്ങി. എയർപോർട്ട് പരിസരം ഏതാണ്ട് വിജനമാണ്. ടാക്സിക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരെയും പുറത്ത് കാണാനില്ല. വിചാരിച്ചത്ര കഠിനമല്ലെങ്കിലും വായുവിൽ നല്ല തണുപ്പുണ്ട്.
പുറത്തേക്ക് ഇറങ്ങിയതും ഒരു ടാക്സിക്കാരൻ മുന്നിൽ പ്രത്യക്ഷപ്പെട്ടു: “ഭയ്യാ ടാക്സി ചായിയേ? ആവോ ഭയ്യാ… ആപ് കഹാ ജാ രഹേ ഹോ?” (ടാക്സി വേണോ ഭയ്യാ? എങ്ങോട്ടാണ് പോകേണ്ടത്?). “മേം ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്സിറ്റി കെ പാസ് ഹാജി കോളനി ജാനാ ചാഹ്താ ഹൂം” (എനിക്ക് ജാമിയ മില്ലിയ യൂണിവേഴ്സിറ്റിക്ക് അടുത്തുള്ള ഹാജി കോളനിയിലേക്ക് പോകണം) എന്ന് ഞാൻ മറുപടി നൽകി. എന്റെ ഹിന്ദി കേട്ടപ്പോൾ തന്നെ ഞാൻ ഒരു വിദേശിയോ അല്ലെങ്കിൽ അഹിന്ദി ഭാഷക്കാരനോ ആണെന്ന് അയാൾക്ക് മനസ്സിലായിരിക്കണം. ഉടനെ വന്നു ഇംഗ്ലീഷിലുള്ള മറുപടി: “കം ഭയ്യാ… ഒൺലി 500 റുപ്പീസ്!”

അല്ലാഹ്! അഞ്ഞൂറോ? അല്പനേരം ഞാൻ സ്തംഭിച്ചു നിന്നുപോയി. എയർപോർട്ടിലേക്ക് തിരിച്ചു കയറി ഇരിക്കാമെന്ന് വെച്ചാൽ സെക്യൂരിറ്റിക്കാർ സമ്മതിക്കില്ല. ഒടുവിൽ വിധിക്ക് കീഴടങ്ങി ഞാൻ അയാളുടെ പിന്നാലെ നടന്നു. അതൊരു പഴയ ഒമ്‌നി വാനായിരുന്നു. ബാഗുകളെല്ലാം ഡിക്കിയിൽ കയറ്റി ഞാൻ പിൻസീറ്റിലിരുന്നു. വണ്ടി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങി. എയർപോർട്ടിൽ നിന്നും ഹാജി കോളനിയിലേക്ക് ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്. എന്തുകൊണ്ടാണ് ഈ സ്ഥലത്തിന് ‘ഹാജി കോളനി’ എന്ന പേര് വന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. രണ്ട് വർഷം അവിടെ താമസിച്ചിട്ടും അതിന്റെ ഉത്തരം മാത്രം കിട്ടിയില്ല. ജാമിയ സർവകലാശാലയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. വഴിയിലുടനീളം കുണ്ടും കുഴിയും വളവുകളും തിരിവുകളും നിറഞ്ഞതാണ്. ഇടുങ്ങിയ റോഡുകളിലൂടെ വണ്ടി ഓടിക്കുമ്പോൾ ഡ്രൈവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. താമരശ്ശേരി ചുരത്തിലൂടെ വണ്ടി ഓടിക്കുന്ന പ്രയാസം ഇതിനുമുണ്ടെന്ന് തോന്നി. ഒടുവിൽ ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ‘ഗള്ളി’ക്ക് (ഇടവഴി) മുന്നിലെത്തി. പത്തിലേറെ ഗള്ളികളുള്ള ഹാജി കോളനിയിൽ ഓരോ ഇടവഴിയിലും അഞ്ചാറ് ഫ്ലാറ്റുകൾ വീതമുണ്ട്.

ടാക്സിയിൽ നിന്നിറങ്ങി ബാഗുകൾ പുറത്തെടുത്തു. എത്ര വിലപേശിയിട്ടും ഡ്രൈവർ അഞ്ഞൂറിൽ നിന്ന് കുറഞ്ഞില്ല. പാവം ജീവിച്ചു പൊയ്ക്കോട്ടെ എന്ന് കരുതി ഞാൻ ആ തുക നൽകി. ഫ്ലാറ്റിന്റെ നാലാം നിലയിലാണ് എന്റെ റൂം. ആകെ അഞ്ച് നിലകളുള്ള കെട്ടിടത്തിൽ ലിഫ്റ്റ് ഉണ്ടെന്നത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹമായി തോന്നി. ഇല്ലായിരുന്നെങ്കിൽ രണ്ട് ഭാരമേറിയ ബാഗുകളുമായി പടികൾ കയറുന്നത് ആലോചിക്കാൻ പോലും വയ്യ. ലിഫ്റ്റിൽ കയറി നാലാം നിലയിലെത്തി. റൂം ലോക്ക് ചെയ്തിരുന്നില്ല, എല്ലാവരും നല്ല ഉറക്കത്തിലാണ്. ബാഗുകളെല്ലാം റൂമിലേക്ക് മാറ്റി.
സമയം ആറ് മണിയായിരിക്കുന്നു. പള്ളിയിൽ നിന്നും സുബ്ഹി നമസ്കാരത്തിനുള്ള ബാങ്ക് വിളി ഉയർന്നു. വേഗം ഫ്രഷ് ആയി നമസ്കാരം കഴിഞ്ഞ് ഒന്നും ആലോചിച്ചില്ല, ആ തണുപ്പിൽ പുതച്ചു മൂടി ഒരു സുഖനിദ്രയിലേക്ക് വഴുതിവീണു.