സൈബര്‍ തട്ടിപ്പുകളുടെ ലോകം

213

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഒരു ആമുഖം (2)

സൈബര്‍ ക്രൈമുകളില്‍ ഏറ്റവും ഗുരുതരവും വ്യാപകവുമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണ് സൈബര്‍ തട്ടിപ്പ്. സൈബര്‍ തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഇന്ന് പുതുമ ഇല്ലാതായിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍, പോലീസുകാര്‍, ജഡ്ജിമാര്‍, ഡോക്ടര്‍മാര്‍, ഐ.ടി വിദഗ്ധര്‍, ബിസിനസുകാര്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിലെ നാനാജാതി വിഭാഗക്കാരും സൈബര്‍ തട്ടിപ്പിനിരയാകുന്നുണ്ട്. വെര്‍ച്വല്‍ അറസ്റ്റ് എന്നൊരു ഏര്‍പ്പാട് രാജ്യത്തില്ലെന്ന് പറയാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ മുന്നോട്ട് വരേണ്ട ദുരവസ്ഥയിലാണ് നമ്മുടെ രാജ്യം.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (NCRB) 2022ലെ റിപ്പോര്‍ട്ട് പ്രകാരം ആ വര്‍ഷം ഇന്ത്യയില്‍ 65,893 സൈബര്‍ ക്രൈമുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും 16,000 കോടി രൂപയുടെ തട്ടിപ്പ് നടക്കുന്നതായാണ് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (I4C) സെന്ററിന്റെ കണക്ക്. എന്തിനധികം പറയുന്നു, നൂറ് ശതമാനം സാക്ഷരരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ടത് 1200 കോടിയിലധികം രൂപയാണ്.

NCRB 2022 റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സൈബര്‍ ക്രൈമുകളില്‍ 65% കേസുകളും സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ സൈബര്‍ തട്ടിപ്പിലൂടെ രാജ്യത്ത് നഷ്ടപ്പെടുന്ന തുകയില്‍ 12% മാത്രമാണ് കണ്ടെത്താനാകുന്നത്. ഇതില്‍ തന്നെ വെറും 0.04% മാത്രമേ ഇരകള്‍ക്ക് തിരികെ നല്‍കാന്‍ സാധിച്ചിട്ടുള്ളൂ.

സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം നടത്തുന്ന സൈബര്‍ കുറ്റകൃത്യങ്ങളെയാണ് സൈബര്‍ തട്ടിപ്പുകള്‍ (Cyber Frauds) എന്നറിയപ്പെടുന്നത്. ഹാക്കിങ്, റാന്‍സംവെയര്‍, ട്രേഡിംഗ് ആപ്പുകള്‍, വെര്‍ച്വല്‍ അറസ്റ്റ്, അഡ്വാന്‍സ് ഫീ തട്ടിപ്പ്, ഫിഷിംങ്, ഹണി ട്രാപ്, ലോണ്‍ ആപ്പ്, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്, മണി ചെയിന്‍ തട്ടിപ്പ് തുടങ്ങി പഴയതും പുതിയതുമായ രീതികള്‍ അവലംബിച്ചാണ് ഇന്നത്തെ കാലത്ത് സൈബര്‍ തട്ടിപ്പുകാര്‍ പണം തട്ടുന്നത്.

ആദ്യകാലങ്ങളില്‍ സൈബര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത് പ്രധാനമായും സാങ്കേതിക വിദഗ്ധരായിരുന്നു. സാങ്കേതിവിദ്യയിലെ അവരുടെ പരിജ്ഞാനം കൈമുതലാക്കി മറ്റുള്ളവരുടെ കമ്പ്യൂട്ടറുകളിലേക്കും, കമ്പ്യൂട്ടര്‍ നെറ്റ്‍വര്‍ക്കുകളിലേക്കും അനധികൃതമായി കടന്നുകയറിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഹാക്കിംഗ്, മാല്‍വെയറുകള്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരുന്നു ഈ തട്ടിപ്പുകള്‍.

എന്നാല്‍ ഇന്നത്തെ കാലത്തെ സൈബര്‍ തട്ടിപ്പുകളുടെ രീതിയില്‍ കാതലായ മാറ്റം വന്നിട്ടുണ്ട്. സാങ്കേതിക വിദ്യയില്‍ അടിസ്ഥാന വിവരം പോലുമില്ലാത്തവരാണ് ഇന്ന് വമ്പന്‍ തട്ടിപ്പുകള്‍ക്ക് വരെ നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സൈബര്‍ തട്ടിപ്പുകളിലെ അന്വേഷണം പലപ്പോഴും എത്തി നില്‍ക്കാറുള്ളത് ഉത്തരേന്ത്യയിലെ ഏതെങ്കിലും കുഗ്രാമങ്ങളിലായിരിക്കും. സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത്തരം സൈബര്‍ കുറ്റവാളികള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്.

(തുടരും)

അടുത്ത ലക്കം: സോഷ്യല്‍ എഞ്ചിനീയറിംഗ്: തട്ടിപ്പിന്റെ നൂതന മാര്‍ഗം