എ.ഐ കാലത്തെ ഡീപ് ഫേക്ക് തട്ടിപ്പ്

97

സൈബർ ലോകത്തെ കാണാപ്പുറങ്ങൾ – ഭാഗം 6

തുടക്കത്തില്‍ അത്ഭുതമായിരുന്നു, പിന്നെ ആവേശമായി. എന്നാല്‍ ഇപ്പോളത് മനുഷ്യരുടെ പ്രധാനപ്പെട്ട ആശങ്കകളിലൊന്നായി മാറി. പറഞ്ഞു വരുന്നത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ പറ്റിയാണ്. സാങ്കേതികവിദ്യ വാനോളം വളര്‍ന്ന കാലത്ത് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ പറ്റാതായി. അതിന്റെ ദുരിതം നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

കേരളത്തിലെ ആദ്യ എ.ഐ തട്ടിപ്പ്
2023 ജൂലൈയിലാണ് കേരളത്തിലെ ആദ്യത്തെ എ.ഐ (Artificial Intelligence) തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഴിക്കോട് സ്വദേശിയും റിട്ട. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനുമായ രാധാകൃഷ്ണനാണ് എ.ഐ തട്ടിപ്പിലൂടെ 40,000 രൂപ നഷ്ടമായത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയായ സുഹൃത്തിന്റെ ദൃശ്യവും ശബ്ദവും കൃത്രിമമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്.

ഒപ്പം ജോലി ചെയ്തിരുന്ന ആളാണെന്ന് പറഞ്ഞാണ് രാധാകൃഷ്ണനെ ഇയാള്‍ വിളിച്ചത്. സുഹൃത്തിന്റെ നമ്പറില്‍ നിന്നായിരുന്നില്ല വിളിച്ചത്. ഭാര്യാ സഹോദരിയുടെ സര്‍ജറിക്കായി 40,000 രൂപ വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ പല തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും നിങ്ങളാണെന്ന് എങ്ങനെ വിശ്വസിക്കുമെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. ഉടനെ തന്നെ അയാള്‍ വാട്സ്ആപ്പ് വീഡിയോ കോള്‍ ചെയ്യുകയും അര മണിക്കൂറോളം സംസാരിക്കുകയും ചെയ്തു.

സുഹൃത്തിന്റെ മുഖവും ശബ്ദവുമായിരുന്നതിനാല്‍ സംശയം തോന്നാതിരുന്ന രാധാകൃഷ്ണന്‍ സംഖ്യ അയച്ചു കൊടുത്തു. പിന്നെയും 30,000 രൂപ ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തന്റെ കൈയിലുള്ള സുഹൃത്തിന്റെ നമ്പറിലേക്ക് വിളിച്ചു അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്.ഇവിടെ തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തിയത് ഡീപ് ഫേക്ക് എന്ന എഐ ടെക്നോളജിയെയാണ്.

എന്താണ് ഡീപ് ഫേക്ക്?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയവയുടെ സഹായത്താല്‍ ഡീപ് ലേണിംഗ് ഉപയോഗിച്ച് യഥാര്‍ത്ഥ വ്യക്തികളുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഓഡിയോ, വീഡിയോ, ഇമേജുകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഡീപ് ഫേക്ക്.

ഡീപ് ഫേക്കിന്റെ പ്രത്യാഘാതങ്ങള്‍
ഡീപ് ഫേക്ക് ചെയ്ത ശബ്ദങ്ങള്‍, വീഡിയോകള്‍ എന്നിവ ഇന്ന് വ്യാപകമായി തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഇതിനോടകം നടന്നു കഴിഞ്ഞത്. സാമ്പത്തിക നഷ്ടം മാത്രമല്ല, മാരകമായ മാനഹാനിയും ഡീപ് ഫേക്കിന്റെ ദുരുപയോഗം വരുത്തിവെക്കുന്നുണ്ട്.

ഇന്ന് സാധാരണക്കാര്‍ മുതല്‍ സെലബ്രിറ്റികള്‍ വരെ ഡീപ് ഫേക്കുകള്‍ മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. ഡീപ് ഫേക്കിന്റെ സഹായത്താല്‍ നിര്‍മിക്കുന്ന വ്യാജ വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഇരകളുടെ അന്തസ്സിനെയും അഭിമാനത്തെയും ക്ഷതമേല്‍പ്പിക്കുന്നുണ്ട്. 2019 സെപ്തംബറില്‍ 15,000 ത്തോളം ഡീപ് ഫേക്ക് വീഡിയോകളാണ് കണ്ടെത്തിയത്. ഇതില്‍ 99% വും വനിതാ സെലബ്രിറ്റികളുടെ അശ്ലീല വീഡിയോകളാണ്.

ഡീപ് ഫേക്കുകളെ എങ്ങനെ തിരിച്ചറിയാം?

  1. മുഖഭാവങ്ങളും ചലനങ്ങളും വിശകലനം ചെയ്യുക: മുഖഭാവങ്ങളെ സൂക്ഷ്മമായി പകര്‍ത്താന്‍ ഡീപ് ഫേക്ക് അല്‍ഗോരിതങ്ങള്‍ക്ക് സാധിക്കാറില്ല. സംസാരത്തോട് യോജിക്കാത്ത മുഖഭാവങ്ങള്‍, മുഖഭാവങ്ങളിലെ അസ്വാഭാവികതയും ശ്രദ്ധിക്കുക.
  2. ഓഡിയോ ട്രാക്കും ചുണ്ടിന്റെ ചലനവും തമ്മിലുള്ള വൈരുദ്ധ്യം.
  3. വീഡിയോയിലെ ലൈറ്റിംഗ് (വെളിച്ചം), വസ്തുക്കളുടെയും വ്യക്തികളുടെയും നിഴലുകള്‍ എന്നിവ നിരീക്ഷിക്കുക.
  4. ഡീപ് ഫേക്ക് വീഡിയോ കോളാണെങ്കില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുക. ഉദാഹരണത്തിന്, മുഖത്തിന് മുന്നിലൂടെ കൈയോ, മറ്റെന്തെങ്കിലും വസ്തുവോ ചലിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപകരിക്കും.
  5. ഡീപ് ഫേക്ക് തിരിച്ചറിയാനുള്ള സോഫ്റ്റ്‍വെയറുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ അവയുടെ ഉപയോഗം കരുതലോടെ വേണം.

(തുടരും)

അടുത്ത ലക്കം: ക്രിപ്റ്റോ കറൻസി തട്ടിപ്പ്