സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഒരു ആമുഖം

209

മനുഷ്യസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ (Cyber Crimes). സൈബര്‍ സെക്യൂരിറ്റി വെഞ്ച്വേഴ്സിന്റെ കണക്കുകള്‍ പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങള്‍ മൂലം 2025 ല്‍ മാത്രം10.5 ട്രില്യണ്‍ ഡോളറിന്റെ (ഏകദേശം 850 ലക്ഷം കോടി രൂപ) നാശനഷ്ടങ്ങള്‍ ലോകത്താകമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു രാജ്യമായി കണക്കാക്കിയാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ യു.എസിനും ചൈനക്കും ശേഷം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടന ആയിരിക്കും.

ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഇന്നത്തെപോലെ വികസിക്കാത്ത കാലഘട്ടത്തില്‍ മനുഷ്യര്‍ ചെയ്തു പോന്നിരുന്ന പരമ്പരാഗത കുറ്റകൃത്യങ്ങള്‍ ഇന്നത്തെ കാലത്തെ നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി ചെയ്യാന്‍ ആരംഭിച്ചപ്പോഴാണ് ‘സൈബര്‍ കുറ്റകൃത്യങ്ങള്‍’ എന്ന വിഭാഗം തന്നെ ഉണ്ടായി വന്നത്. കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ നെറ്റ്‍വര്‍ക്ക് ,ഇന്റര്‍നെറ്റ്, മറ്റു ഡിജിറ്റല്‍ ഉപകരണങ്ങള്‍, തുടങ്ങിയവയില്‍ ഏതെങ്കിലുമൊക്കെ ഒറ്റക്കോ കൂട്ടായോ ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങളെയാണ് പൊതുവെ ‘സൈബര്‍ ക്രൈം’ എന്ന് വിളിക്കുന്നത്. മേല്‍പ്പറഞ്ഞവയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരും. മോഷണം മുതല്‍ കൊലപാതകം വരെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടും.

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിച്ചുള്ള സൈബര്‍ ക്രൈമുകള്‍: സൈബര്‍ തട്ടിപ്പുകള്‍, നിയമവിരുദ്ധമായ വസ്തുക്കളുടെ വില്‍പന, പോണോഗ്രഫി, സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തല്‍, ഓണ്‍ലൈന്‍ ചൂതാട്ടം, ബൌദ്ധിക സ്വത്തിന്റെ (Intellectual property) ലംഘനം, ഭീകരവാദപ്രവര്‍ത്തനങ്ങള്‍, പെണ്‍വാണിഭം, ഇ-മെയില്‍ സ്പൂഫിങ്.

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ ലക്ഷ്യംവെച്ചുള്ള സൈബര്‍ ക്രൈമുകള്‍: ഡാറ്റാ മോഷണം, Unauthorized Access, ഇ-മെയില്‍ ബോംബിങ്, വൈറസുകള്‍, മാല്‍വെയറുകള്‍, ട്രോജണ്‍ ആക്രമണങ്ങള്‍, ഹാക്കിങ് എന്നിവ.

സൈബര്‍ കുറ്റകൃത്യങ്ങളെ ലക്ഷ്യം, മാര്‍ഗം, ആഘാതം എന്നിവയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കാം. സൈബര്‍ കുറ്റവാളികള്‍ പൊതുവെ വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, സംഘടനകളെയോ, രാജ്യങ്ങളെയോ ഒക്കെയാണ് ലക്ഷ്യം വെക്കാറുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടപ്പിലാക്കാന്‍ ഹാക്കിങ്, മാല്‍വെയറുകള്‍, സോഷ്യല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ ടൂളുകളാണ് ഉപയോഗിക്കാറുള്ളത്. ഇവയുടെ ആഘാതം വ്യക്തിപരവും സെന്‍സിറ്റീവുമായ വിവരങ്ങളുടെ ചോര്‍ച്ച, സാമ്പത്തിക നഷ്ടം, മാനനഷ്ടം മുതല്‍ രാജ്യസുരക്ഷാ പ്രശ്നങ്ങള്‍ വരെ നീളുന്നു.

(തുടരും)

അടുത്ത ലക്കം: സൈബര്‍ തട്ടിപ്പുകളുടെ ലോകം