സൈബർ ലോകത്തെ കാണാപ്പുറങ്ങൾ (ഭാഗം 3)
വെര്‍ച്വല്‍ അറസ്റ്റ്, ഹണിട്രാപ്, ട്രേഡിങ് ആപ്പ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പുകളെപ്പറ്റി കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. ഓരോ ദിനവും പുതിയ പുതിയ തട്ടിപ്പു രീതികളെപ്പറ്റിയാണ് നാം വാര്‍ത്തകളില്‍ വായിച്ചു കൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സമൂഹത്തില്‍ വ്യാപകമാകുന്നത് മുതല്‍ തന്നെ സൈബര്‍ തട്ടിപ്പുകളും സാധാരണമാണ്. എന്നാല്‍ തട്ടിപ്പിനായി അവലംബിക്കുന്ന മാര്‍ഗങ്ങള്‍ക്ക് കാലാകാലങ്ങളില്‍ മാറ്റമുണ്ടെന്ന് മാത്രം.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തട്ടിപ്പു സംഘങ്ങള്‍ സൈബര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത് പ്രധാനമായും ഹാക്കിംഗ്, മാല്‍വെയറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറിലോ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലോ, ഡാറ്റാബേസുകളിലോ അനധികൃതമായി കയറിക്കൂടി കൊണ്ടായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി. ഡാറ്റാബേസിനെയും ഡിജിറ്റല്‍ ഉപകരണങ്ങളെയും നേരിട്ട് ലക്ഷ്യം വെക്കുന്നതിന് പകരം അവ ഉപയോഗിക്കുന്ന മനുഷ്യരുടെ മനശാസ്ത്രപരമായ ദൌര്‍ബല്യങ്ങള്‍ ചൂഷണം ചെയ്തു കൊണ്ട് വിവരങ്ങള്‍ ചോര്‍ത്താനും പണം തട്ടിയെടുക്കാനും സോഷ്യല്‍ എഞ്ചിനീയറിംഗ് രീതിയെയാണ് ഇന്ന് പരക്കെ ഉപയോഗിക്കുന്നത്.
മനുഷ്യന്റെ വിശ്വാസം, ഭയം, ആസക്തി, ആഗ്രഹം പോലെയുള്ള വികാര വിചാരങ്ങളെ ചൂഷണം ചെയ്തു കൊണ്ട് പണം തട്ടുന്നതിനോ, തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തുന്നതിനോ, കമ്പ്യൂട്ടര്‍ സിസ്റ്റം/നെറ്റ്‍വര്‍ക്കുകളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനോ വേണ്ടി പയറ്റുന്ന കുതന്ത്രങ്ങളെയാണ് സൈബര്‍ കുറ്റകൃത്യ മേഖലയില്‍ സോഷ്യല്‍ എഞ്ചിനീയറിംഗ് (Social Engineering) എന്നറിയപ്പെടുന്നത്.
ഉദാഹരണത്തിന്, ഫിഷിങ് (Phishing), സ്മിഷിങ് (Smishing), വിഷിങ് (Vishing) എന്നിവ വിശ്വാസ്യതയെ ചൂഷണം ചെയ്തു പണം തട്ടുന്ന രീതിയാണ്. വെര്‍ച്വല്‍ അറസ്റ്റ്, ലോണ്‍ ആപ്പ് തട്ടിപ്പ് പോലെയുള്ള തട്ടിപ്പുകള്‍ മനുഷ്യരുടെ ഭയത്തെ ചൂഷണം ചെയ്താണ് പണം തട്ടുന്നത്.

അഡ്വാന്‍സ് ഫീ സ്കാം, മണിചെയിന്‍ തട്ടിപ്പ്, ബിറ്റ്കോയിന്‍ തട്ടിപ്പ്, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്കാം എന്നിവ എളുപ്പത്തില്‍ പണമുണ്ടാക്കണമെന്ന മനുഷ്യരുടെ അതിയായ ആഗ്രഹത്തെ ചൂഷണം ചെയ്ത് പണം തട്ടുന്നു. ഗെയിം അഡിക്ഷന്‍ പോലെയുള്ള മനുഷ്യരുടെ ആസക്തികളെയും പണം തട്ടാനായി ഇന്ന് വ്യാപകമായി ചൂഷണം ചെയ്യുന്നുണ്ട്. റമ്മി സര്‍ക്കിള്‍, ഡ്രീം ഇലവന്‍, സുപ്പി (Zuppy) തുടങ്ങിയവ ഇതിന് ഉദാഹരണം.
(തുടരും)
അടുത്ത ലക്കം: ആപ്പാകുന്ന ലോണ്‍ ആപ്പുകള്‍