കരിക്കുലം വിറ്റെ (Curriculum Vitae) അല്ലെങ്കില്‍ സിവി എന്നൊക്കെ അറിയപ്പെടുന്ന ബയോഡാറ്റ ജോലിയിലേക്കുള്ള പ്രഥമവും പ്രധാനവുമായ കാല്‍വെയ്പാണ്. മികച്ച ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാൻ തൊഴില്‍ ദാതാവ് പ്രധാനമായും ആശ്രയിക്കുന്നത് ബയോഡാറ്റയെയാണ്. പ്രധാനമായും പ്രൈവറ്റ് മേഖലയിലെ ജോലികള്‍ക്കാണ് സിവിയുടെ ആവശ്യം വരാറുള്ളത്.
ഒരു നല്ല ജോലിയിലേക്ക് നൂറുകണക്കിന് പേര്‍ ബയോഡാറ്റ അയച്ചേക്കാം. ഇവയില്‍ നിന്ന് നമ്മുടേത് ശ്രദ്ധിക്കപ്പെട്ടാല്‍ മാത്രമേ ജോലി കിട്ടാൻ സാധ്യതയുള്ളൂ. ഇത്രയേറെ പ്രധാനപ്പെട്ട കാര്യമായിട്ട് പോലും മികച്ച ഒരു സിവി എങ്ങനെ തയ്യാറാക്കണം എന്ന് അറിയാത്തവരാണ് ഭൂരിഭാഗം പേരും എന്നതാണ് വസ്തുത. ആരൊക്കെയോ തയ്യാറാക്കിയ സിവി ഫോര്‍മാറ്റ് കോപ്പിയടിച്ചാണ് പലരും ഇത് തയ്യാറാക്കുന്നത്. താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് സ്വന്തമായി തന്നെ ഒരു നല്ല സിവി തയ്യാറാക്കാവുന്നതാണ്:
- അവനവനെ പറ്റിയുള്ള ബോധ്യമാണ് (Self Awareness) സിവിയില്‍ പ്രതിഫലിക്കേണ്ടത്. അതിന് സ്വയം വിലയിരുത്തുകയും നമ്മുടെ കഴിവുകള്‍ കണ്ടെത്തുകയും ചെയ്യുക. ഉദാ: സംഘാടനാപാടവം, സോഫ്റ്റ്‍വെയര്‍ പ്രാവീണ്യം, ഭാഷാ പരിജ്ഞാനം.
- തന്നിലുള്ള കഴിവുകളില്‍ എന്തൊക്കെയാണോ താൻ അപേക്ഷിക്കുന്ന ജോലിക്ക് വേണ്ടത്, അത്തരം കഴിവുകള്‍ പ്രാധാന്യത്തിനനുസരിച്ച് ലിസ്റ്റ് ചെയ്യുക.
- തനിക്ക് ജോലി ചെയ്യാൻ ഏറ്റവും താത്പര്യമുള്ള, നന്നായി ശോഭിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുള്ള മേഖലകളെപ്പറ്റി പരാമര്‍ശിക്കാം.
- പേര്, വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ, ലിങ്ക്ഡ് ഇൻ പ്രൊഫൈല്‍, വിദ്യാഭ്യാസ യോഗ്യത, സേവന പരിചയം തുടങ്ങിയ വിവരങ്ങളൊന്നും വിട്ടുപോകരുത്.
- ചുരുങ്ങിയ വാക്കുകളില്‍ എന്നാല്‍ പ്രധാന കാര്യങ്ങള്‍ വിട്ടുപോകാതെ ആയിരിക്കണം സിവി തയ്യാറാക്കേണ്ടത്. വര്‍ണനയും സുദീര്‍ഘമായ വിവരണങ്ങളും ഒഴിവാക്കുക.
- പരീക്ഷയ്ക്ക് വേണ്ട വിദ്യാഭ്യാസ, എക്സ്പീരിയൻസ് യോഗ്യതകള്‍ കലണ്ടര്‍ ക്രമത്തില്‍ എഴുതുന്നത് അഭികാമ്യമല്ല. ഏറ്റവും പ്രധാനപ്പെട്ടതും ഉയര്‍ന്നതുമായ യോഗ്യതകള്‍ ആദ്യം കൊടുക്കുക.
- എല്ലാ തരം ജോലിക്കും ഒരേ സിവി അയയ്ക്കുന്ന രീതി ശരിയല്ല. ജോലിയുടെ സ്വഭാവത്തിനനുസരിച്ചായിരിക്കണം സിവി തയ്യാറാക്കേണ്ടത്. ഒരു ജോലിക്ക് കൂടുതല്‍ അനുയോജ്യമായ യോഗ്യതകളും, എക്സ്പീരിയൻസും ആദ്യം കൊടുക്കാൻ ശ്രദ്ധിക്കുക.
- സിവി സത്യസന്ധമായിരിക്കണം. സിവിയെ അടിസ്ഥാനമാക്കി അഭിമുഖത്തില്‍ ചോദ്യങ്ങള്‍ വരാൻ സാധ്യതയേറെയാണ്. സി.വിയിൽ നുണ എഴുതിപ്പിടിപ്പിച്ച് അഭിമുഖത്തിൽ പണി കിട്ടിയവർ നിരവധിയുണ്ട്. കബളിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ ജോലിക്ക് എടുക്കാൻ ഒരു കമ്പനിയും തയ്യാറാവില്ലെന്നത് ഓർമ വേണം.
- ഒരേ ജോലിക്ക് തന്നെ ആയിരക്കണക്കിന് സിവികൾ വരുന്ന സന്ദര്‍ഭങ്ങളില്‍ അനുയോജ്യമായ സിവികൾ മാന്വലായി തെരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളില്‍ Applicant Tracking System (ATS) പോലെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സംവിധാനങ്ങളാണ് തൊഴില്‍ധാതാക്കള്‍ പൊതുവെ ഉപയോഗിക്കാറ്. ATSന് അനുയോജ്യമായ രീതിയില്‍ നമ്മുടെ സിവി തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
- ATS പ്രധാനമായും കീ വേര്‍ഡ്സ് ഉപയോഗിച്ചാണ് സിവികള്‍ സ്കാൻ ചെയ്യുക. കരിയര്‍, തൊഴില്‍, സ്കില്‍ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് സിവി തയ്യാറാക്കുന്നത് ഉചിതമാകും.
- ATS അനുയോജ്യമാക്കാൻ വൃത്തിയുള്ളതും കോമണ്‍ ആയിട്ടുള്ളതുമായ ഫോര്‍മാറ്റുകള്‍ ഉപയോഗിക്കുക.
- ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ക്ലാസിക്ക് ഫോണ്ടുകളായ Arial, Times New Roman, Calibri പോലെയുള്ള ഫോണ്ടുകള്‍ ഉപയോഗിക്കുന്നത് ATS റീഡ് ചെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒരേ സിവിയില്‍ നിരവധി ഫോണ്ടുകള്‍ ഉപയോഗിക്കാതിരിക്കുക.
- ഹെഡിംങ്, മാര്‍ജിൻ, ബുള്ളറ്റ് പോയിംന്റുകള്‍ എന്നിവയ്ക്ക് ഏകരൂപം നല്‍കുന്നത് നന്നാകും.
- സിവി നന്നായി പ്രൂഫ് റീഡിംഗ് നടത്തുക. ഗ്രാമര്‍, അക്ഷരതെറ്റുകള്‍ തുടങ്ങിയവ വന്നിട്ടില്ലായെന്ന് ഉറപ്പുവരുത്തുക.
- സിവി ഓണ്‍ലൈനായാണ് അയയ്ക്കുന്നതെങ്കില്‍ സ്റ്റാൻഡേര്‍ഡ് ഫോര്‍മാറ്റുകളായ docx, pdf ഫയലായി അയയ്ക്കാൻ ശ്രദ്ധിക്കുക.
- റഫറൻസിനായി നമ്മെ നന്നായി അറിയുന്ന രണ്ട് വ്യക്തികളുടെ പേരുകൾ സൂചിപ്പിക്കുന്നത് നന്നാകും.
സിവി തയ്യാറാക്കാൻ സഹായിക്കുന്ന നിരവധി അപ്ലിക്കേഷനുകളും സോഫ്റ്റ്‍വെയറുകളും വെബ്സൈറ്റുകളും പെയ്ഡായും സൗജന്യമായും ലഭ്യമാണ്. ചില പ്രധാനപ്പെട്ടവ
- Google Docs: ഇതില്‍ സൗജന്യമായി തന്നെ നിരവധി സിവി ടെമ്പ്ലേറ്റുകള്‍ ലഭ്യമാണ്. ആവശ്യമായ എഡിറ്റുകള്‍ വരുത്തി വളരെ ഈസിയായി ആര്‍ക്കും സിവി തയ്യാറാക്കാവുന്നതാണ്.
- Canva: കാൻവ എന്നത് അടുത്ത കാലത്തായി പ്രസിദ്ധിയാര്‍ജിച്ച ഗ്രാഫിക് ഡിസൈനിംഗ് അപ്ലിക്കേഷനാണ്. ആയിരക്കണക്കിന് സിവി ടെംപ്ലേറ്റുകള്‍ ഇതില്‍ ലഭ്യമാണ്. ചിലത് പെയ്ഡ് ആണെങ്കിലും സൗജന്യമായ ടെംപ്ലേറ്റുകളും ലഭ്യമാണ്.
- Linked In: ഇന്ന് വളരെ പ്രശസ്തമായ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ് ഇൻ. തൊഴില്‍ തേടുന്നവരെയും തൊഴില്‍ധാതാക്കളെയും കണക്ക്റ്റ് ചെയ്യാൻ സഹായിക്കുക എന്നതാണ് ലിങ്ക്ഡ് ഇൻ പ്ലാറ്റഫോമിന്റെ പ്രധാന സേവനം. എന്നാല്‍ നമ്മുടെ കരിയര്‍, അക്കാദമിക വിവരങ്ങള്‍ നല്‍കിയാല്‍ നമ്മുടെ പ്രെഫൈല്‍ റെസ്യൂമെ ആക്കി മാറ്റാനുള്ള സൗകര്യം ലിങ്ക്ഡ് ഇന്നില്‍ ഉണ്ട്.
- വെബ്സൈറ്റുകള്‍: സൗജന്യമായി സിവി തയ്യാറാക്കാൻ സഹായിക്കുന്ന നിരവധി വെബ്സൈറ്റുകള്‍ ഇന്ന് ലഭ്യമാണ്. ഉദാ: Resume.io, Adobe Spark, ResumeGenius, MyPerfectResume
- മൊബൈല്‍ ആപ്പുകള്‍: Resume Builder by Nobody, Resume Star, VisualCV പോലെയുള്ള ആപ്പുകള്‍ വഴിയും നിശ്പ്രയാസം നമ്മുക്ക് സ്വന്തമായി സിവി ഉണ്ടാക്കാം.