സൈബർ ലോകത്തെ കാണാപ്പുറങ്ങൾ (ഭാഗം 7)
ആധുനിക സാമ്പത്തിക ലോകത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ക്രിപ്റ്റോ കറന്‍സികളും ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയും. എന്നാല്‍ ഇവയെപ്പറ്റിയുള്ള അജ്ഞതയും അവയുടെ സങ്കീര്‍ണതയും കാരണം ഇവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വര്‍ധിച്ചു വരികയാണ്.
എന്താണ് ക്രിപ്റ്റോ കറന്‍സി?
ക്രിപ്റ്റോ കറന്‍സി എന്നത് ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ രൂപത്തിലുളള കറന്‍സിയാണ്. സാധാരണ കറന്‍സികള്‍ പോലെ ഒരു കേന്ദ്രീകൃത അതോറിറ്റിയുടെ നിയന്ത്രണത്തിലല്ല ക്രിപ്റ്റോ കറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. പകരം ബ്ലോക്ക്ചെയിന്‍ ടെക്നോളജി എന്ന വികേന്ദ്രീകൃത നെറ്റ്‍വര്‍ക്കിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിരവധി ക്രിപ്റ്റോ കറന്‍സികള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതില്‍ ആദ്യത്തെയും ഏറ്റവും പ്രചാരമുള്ളതുമായ ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ്കോയിന്‍. എഥീറിയം, റിപ്പിള്‍, ലൈറ്റ്കോയിന്‍ തുടങ്ങിയ ക്രിപ്റ്റോ കറന്‍സികളുമുണ്ട്.

ക്രിപ്റ്റോ തട്ടിപ്പുകള്‍
ക്രിപ്റ്റോ കറന്‍സികളെ നിയന്ത്രിക്കുന്ന ഒരു കേന്ദ്രീകൃത അതോറിറ്റി ഇല്ല എന്നതുകൊണ്ട് തന്നെ ഇന്റര്‍നെറ്റ് ആക്സസ് ഉള്ള ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും ക്രിപ്റ്റോ കറന്‍സി സ്വന്തമായി ഉണ്ടാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ ദിവസവും നൂറുക്കണക്കിന് ക്രിപ്റ്റോ കറന്‍സികളാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്. ഇതില്‍ ഏറെയും തട്ടിപ്പിനായി നിര്‍മിക്കുന്നതാണെന്ന വാസ്തവം നാം മനസ്സിലാക്കണം. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പല വിധത്തിലാണ്.
വ്യാജ നിക്ഷേപ പദ്ധതികള്‍: ക്രിപ്റ്റോ തട്ടിപ്പുകളില്‍ ഏറെ കാണപ്പെടുന്ന തട്ടിപ്പുകളിലൊന്നാണിത്. മണിചെയിന്‍ തട്ടിപ്പിന് സമാനമായ രീതിയിലാണ് ഈ തട്ടിപ്പ്. തങ്ങളുടെ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ഒരു റിസ്കുമില്ലാതെ ഉയര്‍ന്ന റിട്ടേണ്‍ ഉറപ്പു നല്‍കിയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. പുതുതായി ജോയിന്‍ ചെയ്യുന്ന നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ ചെറിയ ശതമാനം പഴയ നിക്ഷേപകര്‍ക്ക് ലാഭമായി നല്‍കും. എന്നാല്‍ പുതിയ നിക്ഷേപകരുടെ ഒഴുക്ക് കുറയുമ്പോള്‍ പദ്ധതി തകരുകയും നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുകയും ചെയ്യും.

റഗ് പുള്‍ (Rug Pull): റഗ് പുള്‍ എന്നത് ക്രിപ്റ്റോ കറന്‍സി ലോകത്ത് സാധാരണയായി കാണുന്ന ഒരു തട്ടിപ്പ് രീതിയാണ്. ക്രിപ്റ്റോ കറന്‍സിയുടെ ഡെവലപ്പര്‍മാര്‍ നിക്ഷേപകരുടെ പണവുമായി അപ്രത്യക്ഷരാകുന്ന രീതിയെയാണ് റഗ് പുള്‍ എന്നറിയപ്പെടുന്നത്.
തട്ടിപ്പുകാര്‍ ആദ്യം സ്വന്തമായി ഒരു ക്രിപ്റ്റോ കറന്‍സി പ്രൊജക്ട് ആരംഭിക്കും. ശേഷം ക്യാന്‍വാസിംഗ് ആണ്. കറന്‍സി വാങ്ങിവെച്ചാല്‍ ഭാവിയില്‍ മൂല്യം ഇരട്ടിയാകുമെന്ന് വിശ്വസിപ്പിച്ച് ആളുകളെ കൊണ്ട് അവരുടെ ക്രിപ്റ്റോ കോയിന്‍ വാങ്ങിപ്പിക്കുന്നു. ക്രിപ്റ്റോ കോയിന്റെ വില ഇവര്‍ കൃത്രിമമായി ഉയര്‍ത്തുന്നു. മാത്രമല്ല, നിക്ഷേപകര്‍ക്ക് കോയിനുകള്‍ തിരികെ വില്‍ക്കാന്‍ സാധിക്കാത്ത രീതിയിലാണ് പ്രൊജക്ട് വികസിപ്പിച്ചിട്ടുമുണ്ടാകുക.

വില കുതിച്ചുയര്‍ന്നാല്‍ തട്ടിപ്പുകാര്‍ അവരുടെ കൈവശമുള്ള കോയിനുകള്‍ മുഴുവന്‍ വിറ്റ് ലാഭം നേടുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്യും. നിക്ഷേപകര്‍ക്ക് തങ്ങളുടെ കൈവശമുള്ള കോയിനുകള്‍ വില്‍ക്കാന്‍ സാധിക്കില്ലായെന്ന് മാത്രമല്ല, പദ്ധതി ഉപേക്ഷിച്ചത് കൊണ്ട് കോയിന്റെ മൂല്യം പൂജ്യമായി മാറും. 2021ലെ സ്ക്വിഡ് കോയിന്‍ സ്കാം റഗ് പുള്‍ തട്ടിപ്പിന്റെ മികച്ച ഉദാഹരണമാണ്.

ഫിഷിംങ് (Phishing): ക്രിപ്റ്റോകറന്‍സി വാലറ്റിന്റെ പാസ്‍വേര്‍ഡ് അടക്കമുള്ള വ്യക്തിപരമായ വിവരങ്ങള്‍ തട്ടിയെടുക്കാന്‍ വ്യാജ വെബ്സൈറ്റുകള്‍, ഇ-മെയിലുകള്‍, വാട്സ്ആപ്പ് മെസ്സേജുകള്‍ എന്നിവ ഉണ്ടാക്കി കബളിപ്പിക്കുന്ന രീതിയാണിത്. ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ക്ക് യഥാര്‍ത്ഥ വെബ്സൈറ്റുകളുമായി വളരെയധികം സാമ്യമുള്ളതായിരിക്കും.
ഗിവ് എവെ സ്കാം (Give Away Scam): പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വമ്പന്‍ ഓഫറുകളോ സമ്മാനങ്ങളോ വാഗ്ദാനം ചെയ്ത് ചെറിയൊരു തുക ക്രിപ്റ്റോ കറന്‍സിയായി ആവശ്യപ്പെടുകയും അതിന് ശേഷം വാഗ്ദാനം ചെയ്ത സമ്മാനം നല്‍കാതെ കബളിപ്പിക്കുന്ന രീതിയാണിത്. കൂടാതെ, ഇവര്‍ നിര്‍മിക്കുന്ന വ്യാജ ലിങ്കിലോ, വെബ്സൈറ്റിലോ പ്രവേശിച്ചാല്‍ നമ്മുടെ പാസ്‍വേര്‍ഡ് അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോരാനും നമ്മുടെ അക്കൌണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകും.
ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെ ഓരോ വര്‍ഷവും ബില്യണ്‍ കണക്കിന് രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമാകുന്നത്. ലോകത്തെ അമ്പരപ്പിച്ച ചില പ്രധാനപ്പെട്ട ക്രിപ്റ്റോ കറന്‍സി തട്ടിപ്പുകളെ അടുത്ത ലക്കങ്ങളില്‍ നമുക്ക് പരിചയപ്പെടാം.
(തുടരും)
അടുത്ത ലക്കം: ബിറ്റ് കണക്റ്റ് ക്രിപ്റ്റോ കോയിന്‍ സ്കാം