“ബീഹാറില്‍ പഠിച്ച എന്റെ കോഴ്സിന് കേരളത്തിൽ അംഗീകാരമില്ല എന്ന് പലരും പറയുന്നു. സാറൊന്ന് സഹായിക്കുമോ?”
“സംസ്ഥാനത്തിന് പുറത്തെ യൂണിവേഴ്സിറ്റിയുടെ പേരിൽ കേരളത്തിലെ ഒരു കേന്ദ്രം നടത്തുന്ന പാരാമെഡിക്കൽ കോഴ്സ് കഴിഞ്ഞതാണ് ഞാൻ. കേരളത്തിലെ സർക്കാർ ആരോഗ്യ മേഖലയിൽ ജോലിക്ക് അത് യോഗ്യതയല്ലെന്നും കേരള ആരോഗ്യ സർവകലാശാല അത് അംഗീകരിച്ചിട്ടില്ലെന്നും തുല്യത കൊടുക്കുന്നില്ലെന്നും കേരളത്തിൽ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ കിട്ടില്ലെന്നും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ഡിഗ്രി രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടെ നിന്ന് പറഞ്ഞു. സാറൊന്ന് സഹായിക്കുമോ?”
അടുത്തിടെ രണ്ട് കുട്ടികൾ വിളിച്ച് ചോദിച്ച സംശയങ്ങളാണ് മുകളില്‍ കൊടുത്തത്. കോഴ്സുകളുടെ അംഗീകാരത്തെക്കുറിച്ചും അവ പഠിച്ചിറങ്ങിയാൽ അതിന് തുല്യത (Equivalency) എങ്ങനെ ലഭിക്കും എന്നതിനെ കുറിച്ചൊന്നും പലർക്കും അറിവില്ലായെന്നതൊരു സത്യമാണ്.
കേരളത്തിലെ കോഴ്സുകളുടെ അംഗീകാരം
കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ ബിരുദ, ബിരുദാനന്തര ഡിഗ്രികളും കേരളത്തിലെ സര്‍വകലാശാലകള്‍ പരസ്പരം അംഗീകരിച്ചിട്ടുണ്ട്. ഈ അംഗീകാരം കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ ബിരുദങ്ങള്‍ക്കും നല്‍കുന്നുണ്ട്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കോഴ്സുകള്‍ക്കും അംഗീകാരമുണ്ട്. എന്നാല്‍, റെഗുലറായോ പ്രൈവറ്റ് പഠനരീതിയിലോ ആയി നടക്കുന്ന ഓപണ്‍ ഡിഗ്രി പ്രോഗ്രാമുകൾക്ക് ഇത്തരത്തിൽ അംഗീകാരം എല്ലാ സര്‍വകലാശാലകളും നല്‍കുന്നില്ല (ഓപണ്‍ ഡിഗ്രി എന്നതു കൊണ്ടുദ്ദേശിക്കുന്നത് 12ാം ക്ലാസോ തത്തുല്യമോ ആയ പഠനം നടത്താതെ ഡിഗ്രി ക്ലാസുകളിലേക്ക് നിശ്ചിത പ്രായം പൂര്‍ത്തിയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ചില ഫൗണ്ടേഷന്‍/ബ്രിഡ്ജ് കോഴ്സുകള്‍ പഠിപ്പിച്ച് ബിരുദം നല്‍കുന്ന രീതിയാണ്). കാലിക്കറ്റ് സര്‍വകലാശാലയിൽ ഇത്തരം ബിരുദങ്ങള്‍ നല്‍കിയിരുന്നു. ഇപ്പോഴില്ല. ഇന്ത്യയില്‍ വിദൂര വിദ്യാഭ്യാസം നടത്തുന്ന മിക്ക സര്‍വകലാശാലകളും ഇത്തരം ഓപണ്‍ ഡിഗ്രി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.
കേരളത്തിന് പുറത്തുള്ള റെഗുലര്‍ കോഴ്സുകളുടെ അംഗീകാരം
കേരളത്തിനു പുറത്തുള്ളതും എന്നാല്‍ ഇന്ത്യക്കുളളില്‍ പ്രവര്‍ത്തിക്കുന്നതുമായ സര്‍വകലാശാലകളും ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന എല്ലാ റെഗുലര്‍ കോഴ്സുകളും കേരളത്തിലെ സര്‍വകലാശാലകള്‍ പൊതുവെ ഉപരിപഠനത്തിനും തൊഴിലിനുമായി അംഗീകരിച്ചിട്ടുണ്ട്. ടി സ്ഥാപനങ്ങള്‍ക്ക് യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്റെയോ (യു.ജി.സി) അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസിന്റെയോ അംഗീകാരം ഉണ്ടായിരിക്കണം.
കേരളത്തിന് പുറത്തുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റെഗുലറായുള്ള കോഴ്സുകള്‍ക്ക് കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യത നല്‍കാന്‍ സമാനമായ പേരിലുള്ള (അതേ വിഷയമായാല്‍ മാത്രം പോരാ) ഒരു പ്രോഗ്രാം തുല്യത നല്‍കുന്ന സര്‍വകലാശാലയില്‍ ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം അതതു സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ തുല്യത ലഭിക്കുകയുള്ളൂ.
യു.ജി.സിയുടെ DEB അംഗീകരിച്ചിട്ടുള്ള സര്‍വകലാശാലകള്‍ ഓഫര്‍ ചെയ്യുന്ന ഡിസ്റ്റന്‍സ് കോഴ്സുകള്‍ക്കെല്ലാം കേരളത്തിലെ യൂണിവേഴ്സികളുടെ തുല്യത/അംഗീകാരം ഉണ്ടായിരിക്കണമെന്നില്ല. അതില്ലാത്തപക്ഷം, ഏതു സര്‍വകലാശാലയുടെ അംഗീകാരം/തുല്യതയാണോ വേണ്ടത് ആ സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സിലിന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം.
കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല കേരളത്തിന് പുറത്തുള്ള ഏതെങ്കിലും യൂണിവേഴ്സിറ്റി ഓഫര്‍ ചെയ്യുന്ന കോഴ്സ് അംഗീകരിച്ചിട്ടുണ്ട് എന്നതുകൊണ്ട് കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ ആ കോഴ്സ് അംഗീകരിക്കണമെന്നില്ല എന്നുകൂടി അറിയുക. ഉദാഹരണത്തിന് കണ്ണൂർ യൂണിവേഴ്സിറ്റി അംഗീകരിച്ച കോഴ്സുകള്‍ കേരള യൂണിവേഴ്സിറ്റി അംഗീകരിക്കണമെന്നില്ല.

വിദേശ രാജ്യങ്ങളിലെ കോഴ്സുകളുടെ അംഗീകാരം
ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠിച്ച് ബിരുദ, ബിരുദാനന്തര, ഗവേഷണ ഡിഗ്രികള്‍ ലഭിച്ച കുട്ടികള്‍ കേരളത്തില്‍ തിരിച്ചെത്തി ഉപരിപഠനത്തിനും തൊഴിലിനും ശ്രമിക്കുമ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍നിന്നും അവയെ അംഗീകരിച്ച് തുല്യത നല്‍കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതിന് ആദ്യം അസോസിയേഷന്‍ ഫോര്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റീസില്‍ (AIU) നിന്ന് തുല്യതക്ക് അപേക്ഷിച്ച് സർട്ടിഫിക്കറ്റ് നേടണം. AIU അംഗീകരിച്ച കോഴ്സുകൾ വെച്ച് കേരളത്തിലും പഠനത്തിന് ശ്രമിക്കാം.
കേരള പി.എസ്.സി അംഗീകാരം
കേരള പബ്ലിക് സര്‍വീസ് കമീഷന്‍ ഒരു കോഴ്സ് അംഗീകരിക്കണമെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റി പ്രസ്തുത കോഴ്സ് അംഗീകരിച്ചാല്‍ മതി. കേരളത്തിന് പുറത്തുള്ള സ്ഥാപനത്തില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും സമാന യോഗ്യത നിഷ്കര്‍ഷിക്കുന്ന കേരള പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ സമയത്ത് കോഴ്സിന്റെ തുല്യത തെളിയിക്കാന്‍ പി.എസ്.സി ആവശ്യപ്പെട്ടാല്‍ കേരളത്തിലെ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രസ്തുത കോഴ്സിന് ലഭിച്ച തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
കോഴ്‌സുകള്‍ക്ക് അംഗീകാരം നൽകുന്ന ഇന്ത്യയിലുള്ള ഏജന്‍സികള്‍
• ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവും പ്രവര്‍ത്തനവുമൊക്കെ നിയന്ത്രിക്കുന്നത് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനാണ്(UGC). രാജ്യത്തെ അംഗീകൃത യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങള്‍ യൂജിസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മാത്രമല്ല, വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരങ്ങളും ഇതില്‍ നിന്നറിയാം. വെബ്‌സൈറ്റ്: www.ugc.ac.in.
• എഞ്ചിനീയറിംഗ്, BBA, MBA, BCA, MCA എന്നീ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനാണ് AICTE). വെബ്‌സൈറ്റ്: www.aicte-india.org.
• മെഡിക്കല്‍ കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗീകാരമുണ്ടോയെന്ന വിവരം നാഷണൽ മെഡിക്കല്‍ കമ്മീഷന്റെ വെബ് സൈറ്റായ www.nmc.org.in ല്‍ നിന്നറിയാം.
• BDS പോലെയുള്ള ദന്ത കോഴ്‌സുകള്‍ക്ക് അംഗീകാരം നല്കുന്നത് ഇന്ത്യന്‍ ദന്തല്‍ കൗണ്‍സിലാണ്. വെബ്‌സൈറ്റ്: https://dciindia.gov.in/
• ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരം നിര്‍ണ്ണയിക്കുന്നതിനുള്ള അധികാരം സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിയില്‍ നിക്ഷിപ്തമാണ്. www.cchindia.com
• ആയുര്‍വ്വേദം, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സാ രീതികളുടെ നിലവാരവും കോഴ്‌സുകളുടെ അംഗീകാരവും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ കീഴിലാണ്. (വെബ്‌സൈറ്റ്: www.cciindia.org)
(മേൽ പറഞ്ഞ 2 കൗൺസിലിനെയും ആയുഷ് മന്ത്രാലയത്തിന് കീഴിലാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെബ്‌സൈറ്റ്: www.ayush.gov.in)
• ഇന്ത്യയിലെ ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്കുന്നത് കൗണ്‍സല്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആണ്. വെബ്‌സൈറ്റ്: www.coa.gov.in
• നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരം നല്‍കേണ്ടത് നഴ്‌സിംഗ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. ഇതു കൂടാതെ, അതാതു സംസ്ഥാനത്തെ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരവും ആവശ്യമാണ്. വെബ്‌സൈറ്റ്: www.indiannursingcouncil.org (വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാവുന്നില്ലെങ്കിൽ അവിടെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളുടെ നഴ്സിങ് കൗൺസിൽ വെബ്സൈറ്റുകൾ സന്ദർശിച്ച് അംഗീകാരങ്ങൾ അറിയാവുന്നതാണ്).
• ഫാര്‍മസി സംബന്ധമായ കോഴ്‌സുകള്‍ക്ക് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും അതാത് സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെയും അംഗീകാരവും ആവശ്യമുണ്ട് (വെബ് വിലാസം: www.pci.nic.in).
• പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടോ എന്നറിയാന്‍ ഇന്ത്യന്‍ പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റായ www.paramedicalcouncilofindia.org സന്ദര്‍ശിച്ചാല്‍ മതിയാകും. കൂടാതെ സംസ്ഥാന കൗൺസിൽ സൈറ്റുകളും കാണണം. അലൈഡ് ഹെൽത്ത് വിഭാഗത്തിനായി പ്രത്യേകമായ നിയമം വന്നിട്ടുണ്ടെങ്കിലും അത് നടപ്പാക്കാനുള്ള ചട്ടങ്ങൾ പല സംസ്ഥാനത്തും ശൈശവ ദശയിലാണ്.
• റീഹാബിലിറ്റേഷന്‍, സ്‌പെഷ്യല്‍ എഡ്യൂക്കഷേന്‍ എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലാണ് (വെബ്‌സൈറ്റ്: www.rehabcouncil.nic.in).
• അഗ്രികള്‍ച്ചറല്‍, ഫിഷറീസ്, വെറ്ററിനറി, ഫോറസ്ട്രി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആണ് അംഗീകാരം നല്‌കേണ്ടത്. (www.icar.og.in)
• ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സുകള്‍ക്ക് രാജ്യാന്തര ഏജന്‍സിയായ അയാട്ടയുടെ അംഗീകാരം പ്രാധാന്യമുള്ളതാണ് www.iata.org
• വ്യോമയാന വ്യവസായവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരമാണാവശ്യം. വെബ്: www.dgca.gov.in
• മറൈന്‍ കോഴ്‌സുകള്‍ക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അംഗീകാരം വേണം. വെബ്‌സൈറ്റ് : www.dgshipping.gov.in
• അധ്യാപനവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടോ എന്നറിയാന്‍ www.ncte.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ സൈറ്റാണിത്.
• ഇന്ത്യയിലെ ഓൺലൈൻ /വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്‌സുകളുടെ നിയന്ത്രണം യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനാണ്. വിശദവിവരങ്ങള്‍ www.ugc.ac.in/deb എന്ന വിലാസത്തില്‍ ലഭിക്കും. ഓരോ സ്ഥാപനങ്ങൾക്കും ഏതേത് കോഴ്സിനാണ് അംഗീകാരവും അനുമതിയുമുള്ളത് എന്ന് ആ സൈറ്റിലൂടെ അറിയാനാവും.
ചുരുക്കത്തിൽ പറഞ്ഞാൽ മുറിവൈദ്യൻമാരായ കരിയർ കച്ചവട കൺസൾട്ടന്റുമാരുടെ/ഏജന്റുമാരുടെ/ ഏജൻസികളുടെ വലയിൽ പെട്ട് അംഗീകാരമില്ലാത്ത കോഴ്സിന് ചേർന്ന് നട്ടം തിരിയാതെ സ്വന്തം വിവേകബുദ്ധി ഉപയോഗിച്ച് നിങ്ങളുടെ കരിയർ ഭാവിയെ സുരക്ഷിതമാക്കണം എന്നാണ് ഓരോരുത്തരെയും ഉണർത്താനുള്ളത്.