ചിന്നിച്ചിതറിയ പാറ്റയെപ്പോലെ മനുഷ്യർ!

185
0

ചിന്നിച്ചിതറിയ പാറ്റയെപ്പോലെ മനുഷ്യരും കടഞ്ഞ പഞ്ഞിപോലെ പർവതങ്ങളും ആയിത്തീരുന്ന ദിവസമാകുന്നു ലോകാവസാനം. ഭയങ്കര സംഭവം, മഹാസംഭവം എന്നൊക്കെ അർഥം പറയാവുന്ന അൽഖാരിഅ സൂറത്തിലാണ് അല്ലാഹു ഇക്കാര്യം വിവരിക്കുന്നത്. ഇതിലെ 1 മുതൽ 5 വരെയുള്ള ആയത്തുകളിലാണിതുള്ളത്.
ഖുർആനിലെ 101 ആം സൂറത്താണ് അൽ ഖാരിഅ. 11 ആയത്തുകളാണിതിലുള്ളത്. ലോകാവസാനം എന്ന മഹാ സംഭവം നടന്ന് പുതിയ ലോകക്രമം നിലവിൽ വന്നതിന് ശേഷം ഉണ്ടാവുന്ന ചില അവസ്ഥാവിശേഷങ്ങളും ഇതിലെ പ്രതിപാദ്യ വിഷയമാണ്. അഥവാ മനുഷ്യൻ ഇഹലോകത്ത് ചെയ്ത കർമങ്ങൾ പരലോകത്ത് ‘തൂക്കിക്കണക്കാക്കു’മെന്നും നന്മ അധികമുളളവർക്ക് സ്വർഗവും നന്മ കുറഞ്ഞു പോയവർക്ക് ചൂടേറിയ നരകാഗ്നിയുമായിരിക്കും പ്രതിഫലം എന്നും ഈ സൂറത്തിൽ സഗൗരവം വിശദീകരിക്കുന്നു.6 മുതൽ 11 വരെയുള്ള വചനങ്ങളിലാണ് ഇക്കാര്യം വിവരിക്കുന്നത്.

ഈ അധ്യായത്തിന്റെ ആശയ വിവർത്തനം താഴെ നല്കുന്നു.
ആ ഭയങ്കര സംഭവം!
എന്താണ് ആ ഭയങ്കര സംഭവം?
ആ ഭയങ്കര സംഭവത്തെക്കുറിച്ച് താങ്കൾക്കെന്തറിയാം?
മനുഷ്യർ ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുന്ന ദിവസം!
പർവതങ്ങൾ കടഞ്ഞ കമ്പിളി പോലെയും ആയിത്തീരും!
അപ്പോൾ ആരുടെ ‘തുലാസുകൾ’ സൽകർമങ്ങളാൽ ഭാരമുള്ളതാണോ,
അവൻ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
എന്നാൽ ആരുടെ തുലാസുകൾ സൽകർമഭാരം കുറഞ്ഞു പോയോ,
അവൻ്റെ വാസസ്ഥലം ‘ഹാവിയ’ ആയിരിക്കും.
ഹാവിയ എന്താണെന്ന് താങ്കൾക്കറിയുമോ?
കടുത്ത ചൂടുള്ള നരകാഗ്നിയാണത് (അൽ ഖാരിഅ:1-11).

വെളിച്ചം:
“ഇക്കാണുന്ന പ്രപഞ്ചം ശാശ്വതമോ ഉറച്ചതോ അല്ല. എല്ലാം ചലനാത്മകമാണ്. സൗരയൂഥവും സ്ഥിരതയുള്ളതല്ല…
“മിൽക്കിവേ ഗാലക്സിയുടെ ഉളളിൽ തന്നെ എത്രയോ നക്ഷത്രങ്ങൾ കൂട്ടിയടിച്ചു കൊണ്ടിരിക്കുന്നുണ്ട്. നമ്മൾ അറിയുന്നു പോലുമില്ല.ആയിരക്കണക്കിന് നക്ഷത്രങ്ങൾ ഈ നിമിഷം കൂട്ടിയിടിക്കുകയും ചില നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുകയും പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. ഇനി ചില നക്ഷത്രങ്ങൾ ബ്ലാക്ക്ഹോളായി മാറിക്കൊണ്ടിരിക്കുന്നു…
“മിൽകിവേ എന്ന ഈ ചെറിയ ഗാലക്സിയെക്കാൾ ഭീമാകാരമായ കോടിക്കണക്കിന് ഗാലക്സികൾ വേറെയും നിലനിൽക്കുന്നുവെന്നിരിക്കെ,മിൽക്കിവേ ഗാലക്സിയിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയാൻ കഴിവില്ലാത്ത ഒരു നിസ്സാര പൊട്ടിനകത്തിരിക്കുന്ന എത്രയോ നിസ്സാരനാണ് ഞാൻ..” (ISRO ചെയർമാൻ എസ്. സോമനാഥൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2024 ജനുവരി 21, പേജ് 27)
‘അനന്തമജ്ഞാതമവർണനീയമീഗോള’ വൃത്താന്തം തന്നെ ഇത്ര വിസ്മയാവഹമെങ്കിൽ പുതിയ ലോക ക്രമത്തിൻ്റെ വിശേഷങ്ങൾ പറഞ്ഞാൽ തീരുമോ?

Leave a Reply

Your email address will not be published. Required fields are marked *