ഈ ചെറിയ ജീവിതം വരണ്ടതായി ഇടക്കെങ്കിലും തോന്നാറുണ്ടോ? എപ്പോഴാണ് ഒരു വിശ്വാസി മാനസികമായി തകരുന്നത്? ജീവിതത്തിൻറെ അർത്ഥം മനസ്സിലാകാതെ അലയുന്നത്?
അത്രമേൽ വരണ്ടൊരു ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ സ്വന്തത്തോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; “റബ്ബുമായുള്ള എൻറെ ബന്ധം എത്ര മാത്രമാണ്?, അങ്ങനെയൊരു ബന്ധമുണ്ടോ എനിക്ക്?”
തൃപ്തികരമായ ഉത്തരം നൽകാൻ മനസ്സിന് സാധിക്കുന്നുണ്ടെങ്കിൽ നാഥനെ സ്തുതിക്കുക
തീർച്ചയായും ദൈവിക സ്മരണയാൽ മാത്രമാകുന്നു ഹൃദയങ്ങൾക്ക് സമാധാനം ലഭിക്കുക. മനുഷ്യായുസ്സിൽ ഒരു വ്യക്തി അത്രകണ്ട് മാനസികമായി അലയുന്നതും ജീവിതം നിറമില്ലാതെ തോന്നുന്നതും വരണ്ട പ്രതീതി ഉളവാകുന്നതും ഒരുപക്ഷേ യൗവന-യുവത്വ ഘട്ടത്തിലാണ്. നിഷ്കളങ്കമായ ബാല്യത്തിന്റെ കടന്നുപോക്കിന് ശേഷം യാഥാർത്ഥ്യങ്ങളുടെ ലോകത്തേക്ക് കടന്നുവരുന്ന ഓരോ വ്യക്തിക്കും പലതരത്തിലുള്ള പ്രതിസന്ധികളും തരണം ചെയ്യേണ്ടിവരും. അപ്പോഴെല്ലാം ഒരു വിശ്വാസിക്ക് തുണയാകുന്നത് അവൻറെ പ്രാർത്ഥനകളാണ്. റബ്ബ് പറയുന്നു, “വിശ്വാസികളെ നിങ്ങൾ സഹനത്തിലൂടെയും നമസ്കാരത്തിലൂടെയും സഹായം തേടുവിൻ. ക്ഷമിക്കുന്നവരോടൊപ്പം അല്ലാഹുവുണ്ട് (2:153)”
ഇവിടെയാണ് ഒരു വിശ്വാസിയും മുസ്ലിം നാമധാരിയും തമ്മിലുള്ള വ്യത്യാസം. പ്രാർത്ഥനയാണ് വിശ്വാസിയുടെ രക്ഷാകവചം അതിലൂടെയാണ് അവൻറെ വിജയവും.
നമ്മിൽ എത്രപേർ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്? കേവലം ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു എന്നതുകൊണ്ടും മുസ്ലിം നാമധാരി ആയതു കൊണ്ടും മാത്രമല്ല; ജീവിത വളർച്ചയുടെ ഘട്ടത്തിലും നേടിയെടുത്ത അറിവിനാലും നിങ്ങളിൽ എത്രപേർക്ക് റബ്ബിനെ കണ്ടെത്താനായിട്ടുണ്ട്?, അതുവഴി ഇസ്ലാമിൻറെ മാധുര്യം രുചിക്കാൻ കഴിഞ്ഞിട്ടുണ്ട്?
അർത്ഥമറിഞ്ഞെന്നെങ്കിലും ശഹാദത്ത് ചൊല്ലിയിട്ടുണ്ടോ?
ഓരോ നമസ്കാരത്തിന്ന്റെ തുടക്കത്തിലും പ്രാരംഭ പ്രാർത്ഥനയിൽ പറയുന്നതുപോലെ; തീർച്ചയായും എന്റെ പ്രാർത്ഥനയും, എന്റെ ആരാധനാ കർമ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാണ്.
എത്രപേർ റബ്ബിനായി നമസ്കരിച്ചു? ആരാധനാ കർമ്മങ്ങളിൽ ഏർപ്പെട്ടു? റബ്ബിന് വേണ്ടി ജീവിച്ചു? റബ്ബിനായി മരിച്ചു? അത്തരം ജീവിതം കാഴ്ചവച്ചവരത്രെ ഉത്തമർ! സദ്‌വൃത്തനായിക്കൊണ്ട് സര്‍വാത്മനാ അല്ലാഹുവിനു കീഴ്‌പ്പെടുകയും, ഋജുമാനസനായികൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉല്‍കൃഷ്ടമായ ജീവിതരീതി കൈക്കൊണ്ടവന്‍ ആരുണ്ട്. (4:125)
പലപ്പോഴും നമസ്കരിക്കണമെന്ന് തോന്നുന്നുണ്ടാവാം. റബ്ബിനോട് അടുക്കണമെന്ന് ചിന്തയും വരാറുണ്ടായിരിക്കും. ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന ചെറുതും വലുതുമായ പാപങ്ങൾ ഉപേക്ഷിക്കണമെന്നും ചിന്തയുണ്ടായേക്കാം. അപ്പോഴെല്ലാം പിടിവിടാതെ മനസ്സിലേക്ക് കടന്നുവരുന്നത് ചെയ്തുപോയ തെറ്റുകുറ്റങ്ങളുടെ അഴുകിയ കൂമ്പാരമായിരിക്കും.
ഞാൻ എത്ര വലിയ പാപങ്ങളാണ് ചെയ്തുപോയത്, എൻറെ പാപങ്ങൾ റബ്ബ് പൊറുക്കുമോ, റബ്ബിന്റെ കാരുണ്യം എനിക്ക് ലഭിക്കുമോ തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ നമ്മോട് നാം തന്നെ ചോദിക്കും. വാസ്തവത്തിൽ അവയാണ് നമ്മെ നമ്മുടെ തിരിച്ചുപോക്കിനെ വിലക്കുന്നത്. റബ്ബിന്റെ സന്നിധിയിലേക്കുള്ള യാത്രയെ നിരുത്സാഹപ്പെടുത്തുന്നത്.
അറിഞ്ഞിരിക്കുക, റബ്ബിൻറെ കാരുണ്യത്തിന്റെ കാര്യത്തിൽ വിശ്വാസികളായ നാം നിരാശരാവരുത്. പ്രവാചകരേ പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. (39:53)
ആയതിനാൽ ചെയ്തുപോയ തെറ്റുകുറ്റങ്ങളെ ഓർത്തുള്ള ചിന്ത നമ്മെ റബ്ബിൽനിന്നകറ്റാൻ കാരണമാകരുത്. തിന്മയെ ഏറ്റവും നന്മയായതുകൊണ്ട് തടയാൻ നമുക്കാകണം. നമ്മുടെ റബ്ബിന്റെ കാരുണ്യത്തിന്റെ കാര്യത്തിൽ നാം നിരാശരാവരുത്.
വളരെ നന്നായിട്ടുണ്ട്…. ഇത്തരം ആളുകളിലേക്ക്ഇ റങ്ങി ചെന്നുകൊണ്ടുള്ള എഴുത്തുകൾ ഇനിയും തുടരണം…. നല്ല ചിന്ത ഉണർത്തുന്ന എഴുത് ??