ചായം ചാലിച്ച ബാല്യം

191

ആയുസ്സെന്നയേടില്‍
എഴുതിത്തീര്‍ന്ന താളുകളില്‍
പതിയെ കൈവിരല്‍ ചലിക്കുന്നേരം
വീണ്ടും പുനര്‍ജ്ജനിക്കുന്നു
ഓര്‍മ്മകളില്‍
ഞാനെന്ന ബാലിക.

കുസൃതികളും കുറുമ്പുകളും
കുഞ്ഞു കുഞ്ഞു വാശികളും കൂടപ്പിറപ്പായ് കൊണ്ടു
നടന്ന കുട്ടിത്തം.

തനിമയാര്‍ന്ന ചായങ്ങളില്‍
ചാലിച്ച കൗതുകമേറും
കുഞ്ഞനുഭവങ്ങളിലൂടെ പാറിപ്പറന്നൊരസുലഭ ബാല്യം.

ഇളം മേനിയിലുടുതുണിയില്ലാതെ
യടുക്കളക്കരിയും വെണ്ണീറും
ദേഹത്തു പൂശി ചേറിലും
ചെളിയിലും നൃത്തം ചവിട്ടി
മതിമറന്നുല്ലസിക്കും
മധുരിക്കുമാ കാലം.

കുട്ടിയും കോലും
തൊട്ടാല്‍ കാക്കയും
പച്ചയോലയില്‍ പണി തീര്‍ത്തയുടലാഭരണങ്ങളും
കുരുന്നു മനസ്സിലെ
കുഞ്ഞിഷ്ട്ടങ്ങള്‍.

കാപ്പിമരത്തില്‍
കെട്ടുമൂഞ്ഞാലില്‍ പിടിച്ച്
കലഹമാണെന്നും ഞാന്‍ ആദ്യമാടീടുവാന്‍.

കാപ്പി പൂക്കും കാലമായാല്‍
പറമ്പില്‍ കാത്തുനില്‍ക്കും
വടിയുമായ് മുത്തശ്ശിയെന്നും.

പന്തിയല്ലാ ഭാവമെന്നു നിനച്ചു പതിയെയവിടം വിടും
പിന്നെ മുറ്റത്തു പണിതിടും
പാള മേഞ്ഞ വീട്.

അടുക്കളയില്‍
പമ്മിക്കയറിയരിയും
പാത്രങ്ങളുമെടുത്തു
പുറത്തെ വീട്ടില്‍
കളിമണ്ണിനാലടുപ്പ് തീര്‍ത്ത്
ചോറും കൂട്ടാനും
കളിക്കുന്നതും മറ്റൊരിഷ്ട്ടം.

തൊടിയില്‍ നിവര്‍ന്നു നില്‍ക്കും
മൂന്നു വാഴകള്‍ക്കിടയിലെ
പ്രേതമായ്അലമുറയിട്ടാ
ളനക്കമില്ലാത്ത തറവാടിനു ചുറ്റും ചേച്ചിമാര്‍ക്കു പിറകെയോടും
ഉന്മാദമാണാ നിമിഷങ്ങള്‍.

മാമനുണ്ടാക്കും ചിരട്ട മോതിരം
വിരലിലണിയാന്‍ കൊതിച്ച്
ബക്കറ്റിലെ വെള്ളത്തില്‍
മുക്കിത്താഴ്ത്തിയ
ചിരട്ടകള്‍ക്ക് കാവലിരുന്ന
രസമുള്ള നാളുകള്‍.

പുറത്തു മഴയുടെ മേളം കണ്ടാലകത്തു നില്‍ക്കാനാവാതെ തെറിച്ചു വീഴുന്നയാലിപ്പഴങ്ങള്‍ പെറുക്കാനായോടുന്നതും
മറ്റൊരു ലഹരി.

പെയ്തു തോര്‍ന്ന നേരം ടെറസിലെ തങ്ങി നില്‍ക്കും വെള്ളത്തിലേക്കൊത്തിരി
കളിവഞ്ചിയൊഴുക്കിയതും
കാലം മായ്ച്ച കളികള്‍.

ഇനിയുമെത്ര കളികള്‍
പറഞ്ഞു തീരാത്ത കഥകള്‍
വിദൂരം തേടിയകന്നെങ്കിലും
ഓര്‍മ്മകളിലിന്നുമവശേഷിക്കുന്നു
ഞാനെന്ന ബാലിക.