ബിരുദമുള്ളവർക്ക് കേന്ദ്ര സർവീസിൽ ജോലി നേടാം, 17727 ഒഴിവുകൾ

3585
1

കേന്ദ്ര സർവീസിൽ ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ് എസ്‌ സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സി ജി എൽ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 17727 ഒഴിവുകളാണുള്ളത്. ഇപ്പോൾ അപേക്ഷിക്കാം.

നിയമനം നടത്തുന്ന വിവിധ തസ്തികകൾ
സെൻട്രൽ എക്‌സൈസ് ഇൻസ്പെക്ടർ, കസ്റ്റംസ് ഇൻസ്പെക്ടർ, ഇൻകം ടാക്സ് ഇൻസ്പെക്ടർ, സി ബി ഐ സബ് ഇൻസ്പെക്ടർ, ഇ ഡി ഇൻസ്പെക്ടർ, എൻ ഐ എ ഇൻസ്പെക്ടർ, സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക് ഇൻസ്പെക്ടർ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ജൂനിയർ ഇൻറലിജൻസ് ഓഫീസർ, റെയിൽവെ, ഐ ബി, സെൻട്രൽ നാർകോട്ടിക് ബ്യൂറോ, വിദേശകാര്യ മന്ത്രാലയം, സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്, ആംഡ് ഫോഴ്സ് ഹെഡ് ക്വാട്ടേഴ്സ്, വിവിധ മന്ത്രാലയങ്ങൾ എന്നിവയിൽ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, റിസർച്ച് അസിസ്റ്റൻറ്, ടാക്സ് അസിസ്റ്റൻറ്, ഓഡിറ്റർ, എക്കൗണ്ടൻ്റ്, ഡിവിഷണൽ എക്കൗണ്ടൻ്റ്, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എന്നീ തസ്തികകളിലേക്കാണ് നിയമനം.

യോഗ്യത
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഇപ്പോൾ ഡിഗ്രി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 01.08.2024-നകം യോഗ്യത നേടിയാൽ മതി. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പ്ലസ്ടുവിൽ ഗണിതം പഠിച്ചിരിക്കണം. അല്ലെങ്കിൽ ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കേണ്ടതാണ്. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഡിഗ്രിതലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കേണ്ടതാണ്.

പ്രായം
01.08.2024 ന് 18 മുതൽ 27/ 30/ 32 വയസ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.

പരീക്ഷ
ടയർ-1, ടയർ-II എന്നിങ്ങനെ രണ്ട് പരീക്ഷകൾ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. ടയർ ഒന്ന് പരീക്ഷയിൽ യോഗ്യത നേടിയാലാണ് ടയർ രണ്ട് അഭിമുഖീകരിക്കാനാവുക. ടയർ-1, ടയർ-II പരീക്ഷകൾ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. തെറ്റുത്തരത്തിന് 0.50 നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

ടയർ ഒന്നിൽ ജനറൽ ഇന്റലിജൻസ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ 4 വിഷയങ്ങളാണുള്ളത് . 4 വിഷയങ്ങളിലും 25 വീതം ചോദ്യങ്ങൾ. ആകെ 100 ചോദ്യങ്ങൾക്ക് 200 മാർക്ക്.
ഒരു മണിക്കൂറാണ് പരീക്ഷാ സമയം.

ടയർ രണ്ടിൽ മൂന്ന് സെക്ഷനുകൾ ആണുള്ളത്. ആദ്യ സെക്ഷനിൽ മാത്തമാറ്റിക്കൽ എബിലിറ്റിയുടെ 30 ചോദ്യങ്ങളും റീസണിങ് ആൻഡ് ജനറൽ ഇൻറലിജൻസിന്റെ 30 ചോദ്യങ്ങളും ഉണ്ടാവും. ആകെ 60 ചോദ്യങ്ങൾക്ക് 180 മാർക്ക്. ഒരു മണിക്കൂറാണ് സമയം. രണ്ടാമത്തെ സെക്ഷനിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിയൻഷൻ 45 ചോദ്യങ്ങളും ജനറൽ അവയർനസിന്റെ 25 ചോദ്യങ്ങളും ഉണ്ടാവും. ആകെ 70 ചോദ്യങ്ങൾക്ക് 210 മാർക്കാണ്. ഒരു മണിക്കൂറാണ് സമയം. മൂന്നാമത്തെ സെക്ഷനിൽ കമ്പ്യൂട്ടർ നോളജ് മൊഡ്യൂളിൽ ആകെ 20 ചോദ്യങ്ങൾക്ക് 60 മാർക്ക്. 15 മിനിറ്റാണ് സമയം. മൂന്ന് സെക്ഷനും ഒരേ ദിവസം തന്നെയാണ് പരീക്ഷ. ടയർ 2 പരീക്ഷയുടെ അതേ ദിവസം തന്നെ സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റ് കൂടി അഭിമുഖീകരിക്കേണ്ടതാണ്. ടൈപ്പിംഗ് ടെസ്റ്റിന് 15 മിനിറ്റാണ് സമയദൈർഘ്യം. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് ടു എന്നീ തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് പേപ്പർ 2 സ്റ്റാറ്റിസ്റ്റിക്സ് എഴുതേണ്ടതാണ്. 100 ചോദ്യങ്ങൾക്ക് 200 മാർക്ക്. രണ്ടു മണിക്കൂറാണ് സമയം.

പരീക്ഷാ തീയതി തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ടയർ ഒന്ന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. ടയർ ടു പരീക്ഷ ഡിസംബറിൽ നടക്കും.

പരീക്ഷാകേന്ദ്രങ്ങൾ
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ഓരോ ഉദ്യോഗാർഥിക്കും മൂന്ന് കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.

അപേക്ഷാഫീസ്
വനിതകൾക്കും എസ്.സി., എസ്. ടി., വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി ഫീസ് അടയ്ക്കണം. ജൂലൈ 24 വരെ ഫീസ് അടയ്ക്കാം.

അപേക്ഷ
ssc.gov.in എന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ്റെ പുതിയ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വൺ ടൈം രജിസ്ട്രേഷനു ശേഷമാണ് അപേക്ഷിക്കേണ്ടത്. നേരത്തെ പഴയ വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ നടത്തിയവർ പുതിയ വെബ്സൈറ്റിൽ പുതുതായി വൺടൈം രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

അവസാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജൂലൈ 24.

കേന്ദ്ര സർക്കാർ സർവീസിൽ ഉയർന്ന പദവിയിലുള്ള ഒരു തസ്തികയിൽ എത്തിച്ചേരുക എന്ന ആഗ്രഹമുള്ളവർ കൃത്യമായ ലക്ഷ്യബോധത്തോടെ സിലബസ് അനുസരിച്ച് കഠിനാധ്വാനം ചെയ്തു പഠിക്കാൻ തയ്യാറാവണം. നിരന്തരമായ മോക് ടെസ്റ്റുകളിലൂടെ നില മെച്ചപ്പെടുത്തിയാൽ ലക്ഷ്യം സാക്ഷാത്കരിക്കാവുന്നതാണ്. (ലേഖകൻ കരിയർ കൗൺസലറാണ്. 9447709121)

Leave a Reply

Your email address will not be published. Required fields are marked *

One thought on “ബിരുദമുള്ളവർക്ക് കേന്ദ്ര സർവീസിൽ ജോലി നേടാം, 17727 ഒഴിവുകൾ

  1. Thanks for sharing. I read many of your blog posts, cool, your blog is very good.